Tuesday, May 26, 2009

ബുദ്ധിജീവികളുടെ സിനിമ

ശനിയാഴ്ച്ച രാത്രി 12 മണി. ടി.വി.യിലെ കാണാൻ കൊള്ളാവുന്ന പരിപാടികൾ തീരുന്ന സമയം. എല്ലാ ആഴ്ചയും സൂര്യ ടി.വി.യിൽ ഈ സമയം ആവുംബോൾ തീയറ്ററുകളെ പ്രകംബനം കൊള്ളിച്ച ഏതെങ്കിലും അറുബോറൻ പടം ഉണ്ടാവുക പതിവാണ്‌. കൂടുതൽ ബോർ ആവുംബോൾ കൂടുതൽ ഉത്സാഹത്തോടെ അത്‌ കാണുക എന്നത്‌ ഞങ്ങളുടെ ഒരു സ്വഭാവം ആണ്‌. അങ്ങേ അറ്റം സീരിയസ്‌ ആയ സീനുകളിൽ പോലും എന്തെങ്കിലും തമാശ കണ്ടെത്തി ചിരിക്കുക എന്ന പ്രാകൃത വിനോദവും ഞങ്ങളുടെ ഫ്ലാറ്റിൽ അരങ്ങേറാറുണ്ട്‌. അങ്ങനെ പതിവ്‌ പോലെ അർദ്ധരാത്രി ഞങ്ങൾ കൂട്ടചിരിക്കായി കച്ചകെട്ടി സൂര്യ ടി.വി. വെച്ചു. ആദ്യത്തെ അഞ്ച്‌ മിനുട്ടിലെ മനസ്സിലായി ഇത്‌ ഞങ്ങളുടെ സ്ഥിരം 'ബ്രാണ്ട്‌' സിനിമ ആണെന്ന്. എന്താണെന്നല്ലേ ഈ ഞങ്ങളുടെ ബ്രാണ്ട്‌ സിനിമ? ഒന്നാമതായി, സിനിമയിലെ രണ്ട്‌ സീനുകൾ തമ്മിൽ ഒരു ബന്ധവും കാണരുത്‌. ഉദാഹരണത്തിന്‌, ഒരാൾ ഒരു പെണ്ണിനെ നോക്കി ചിരിക്കുകയാണെന്ന്‌ വെക്കുക. അടുത്ത സീനിൽ ഒരു കിളവൻ പല്ല്‌ തേക്കുന്നതായിരിക്കണം കാണിക്കെണ്ടത്‌. അതിന്റെ അടുത്ത സീനിൽ ചുമ്മ ഒരു മരം കാറ്റത്ത്‌ ആടുന്നതാവണം. ഇത്‌ പോലെ തന്നെ ഡയലോഗുകളും തമ്മിൽ ഒരു ബന്ധവും കാണരുത്‌. ഉദാഹരണം-

ഭാര്യ- "നമ്മുടെ മോനെ ഇതു വരെ കണ്ടില്ലല്ലോ"
ഭർത്താവ്‌- "ഇക്കൊല്ലം പ്ലാവിൽ ഇഷ്ടം പോലെ ചക്ക ഉണ്ട്‌"
ഭാര്യ- "അപ്പുറത്തെ വീട്ടിലെ പയ്യൻ ഭയങ്കര കഠിനാധ്വാനി ആണ്‌"
ഭർത്താവ്‌-"ഞാൻ ഇന്നലെ രാത്രി വന്നപ്പോൾ കാല്‌ കഴുകാൻ മറന്നു."

ഇതു പോലുള്ള പ്രത്യേകതകൾ ഉള്ള ഒരു സിനിമ ആയിരുന്നു ഈ ആഴ്ചയിലും സൂര്യ ടി.വി.യിൽ. അശോകനും മമ്മൂട്ടിയും ശോഭനയും ആണ്‌ പ്രധാന കഥാപാത്രങ്ങൾ. ബാക്കിയുള്ളവർ, ഇത്തരം സിനിമകളിൽ കണ്ടുവരാറുള്ള ഗ്ലാമർ വളരെയധികം ഉള്ള ചില വ്യക്തികൾ. പക്ഷെ ഒരു പതിനഞ്ച്‌ മിനുട്ട്‌ കണ്ടപ്പോൾ മനസ്സിലായി ഇത്‌ ഞങ്ങൾ സാധാരണ കാണുന്ന തരം പടം അല്ലെന്ന്‌. കാരണം വേറെ ഒന്നുമല്ല. ഞങ്ങൾക്ക്‌ ഈ സിനിമ കൊണ്ട്‌ ടയറക്റ്റർ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ലാരുന്നു. അതും പോരാഞ്ഞ്‌ മനുഷ്യനെ വട്ടാക്കുന്ന ക്യാമറ ആങ്കിൾസ്‌. വീട്ടിന്റെ അകത്തുള്ള സീനെല്ലാം ജനൽ കംബികളുടെ വെളിയിൽ നിന്നാണ്‌ ഷൂട്ട്‌ ചെയ്തിരിക്കുന്നത്‌. ബസ്സിൽ നിന്നിരങ്ങുന്നവരുടെ കാൽ ബസ്സിന്റെ ഇരു വശങ്ങളിൽ നിന്നുമായി മിനിമം ഒരു 10 പ്രാവശ്യം എങ്കിലും കാണിക്കും. പിന്നെ ഡയലോഗുകൾ അല്ല.എലാം മോണോലോഗുകൾ ആണ്‌. അശോകൻ തന്റെ പൂർവ്വ ചരിത്രം വിവരിക്കുകയാണ്‌, മനുഷ്യന്‌ മനസ്സിലാവത്ത ഭാഷയിൽ- "എന്റെ ജീവിതത്തിന്റെ അനന്തര നിർഗളമായ അടിയൊഴുക്കിൽ പെട്ട്‌ ഞാൻ ആടി ഉലയുംബോൾ പ്രപഞ്ചത്തിന്റെ പ്രാകൃതമായ നേരംബോക്കുകളിൽ മുഴുകി നടക്കുംബോൾ, കുട്ടിക്കാലം ഒരു വേഴാംബലിന്റെ കളിച്ചില്ല പോലെ ഒടിഞ്ഞു തൂങ്ങി തലയിൽ വീണ്‌ പണ്ടാരമടങ്ങുംബോൾ, ഒഴുകി പോകുന്ന പുഴ പോലെ സത്യങ്ങൾ ഒന്നൊന്നായി എന്നിൽ നിന്ന്‌ മിന്നിമറഞ്ഞ്‌, ഏതൊ പാറക്കൂട്ടത്തിൽ തട്ടി തകർന്നുടഞ്ഞിരിക്കുന്നു." (ഇത്‌ ഈ ബ്ലോഗറിന്‌ വട്ടായപ്പോൾ സ്വയം ഉണ്ടായ ഡയലോഗ്‌ ആണ്‌). പടം കണ്ട്‌ ഞങ്ങൾ നാല്‌ പേരും ശരിക്കും വട്ടായി. എന്നാലും വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറയില്ല. ഇത്‌ മുഴുവനും കണ്ട്‌ സിനിമയുടെയും ഡയറക്റ്ററുടെയും പേര്‌ കണ്ടിട്ടെ ചാനൽ മാറ്റൂ എന്നായി ഞങ്ങൾ.

കുറച്ച്‌ നേരം അങ്ങനെ കണ്ടിരുന്നപ്പോൾ, ഞങ്ങൾക്ക്‌ ഞങ്ങൾ തന്നെ ഈ സിനിമയിൽ ജീവിക്കുകയാണൊ എന്നു തോന്നി. "ഇത്‌ ഒരു സ്വപ്നം ആണൊടെയ്‌?" എന്നായി ഒരുത്തന്റെ സംശയം. സംശയം മാറ്റാനായി ഞങ്ങൾ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും തൊട്ട്‌ നോക്കി. കുറച്ച്‌ കൂടെ കണ്ടപ്പോൾ ശരിക്കും വട്ടായ ഞാൻ ചോദിച്ചു-"ഈ ടി.വി. ഓൺ ആണൊ, അതോ നമ്മൾക്ക്‌ ഇതെല്ലാം തോന്നുന്നതാണൊ?" അങ്ങനെ ഒരു വിധം ആ പടം ഞങ്ങൾ കണ്ടു തീർത്തു. സിനിമയുടെ പേര്‌ കണ്ടു- "അനന്തരം". ഉടൻ തന്നെ നെറ്റിൽ കേറി തപ്പി, ഇത്‌ ഏത്‌ തല തിരിഞ്ഞവന്റെ സിനിമ ആണെന്നറിയാൻ- പേര്‌ കണ്ട്‌ ഞങ്ങൾ ഞെട്ടി- 'അടൂർ ഗോപലകൃഷ്ണൻ'. മറ്റൊരു ഞെട്ടൽ കൂടെ-ഈ സിനിമ 1987ഇലെ ഏറ്റവും നല്ല സിനിമക്കുള്ള ദേശിയ-സ്റ്റേറ്റ്‌ അവാർടുകൾ നേടിയ ചിത്രം ആണ്‌. അടൂരിന്റെ ഏറ്റവും 'അബ്സ്റ്റ്രാക്റ്റ്‌' പടം എന്നൊക്കെ വല്യ ബുദ്ധിജീവികൾ അതിനെ പുക്ഴ്തിയതായും കണ്ടു. ഇപ്പോൾ അല്ലേ കാര്യം മനസ്സിലായത്‌. അടൂർ എടുക്കുന്ന സാധാരണ പടങ്ങൾ തന്നെ നമ്മളെ പോലത്തെ സാധരണക്കാരന്റെ തലക്ക്‌ തീ പിടിപ്പിക്കൻ കെൽപ്പുള്ളതാണ്‌. പിന്നെ അദ്ദേഹം 'അബ്സ്റ്റ്രാക്റ്റാനും' കൂടെ ശ്രമിച്ചാലോ? എനിക്ക്‌ മനസ്സിലാവുന്നില്ല, ഈ സിനിമകൾ എങ്ങനെ ആസ്വദിക്കണം എന്ന്‌. എല്ലാ തരം അവാർട്‌ പടങ്ങളും കണ്ട്‌ ആസ്വദിച്ച്‌ സിനിമയെ കുറിച്ച്‌ എന്തൊക്കെയോ അറിയാം എന്ന അഹങ്കാരത്തോടെ നടന്ന ഞാൻ അടൂർ എന്ന മഹാന്റെ മുന്നിൽ അവസാനം അടിയറവ്‌ പറഞ്ഞു. നിങ്ങൾ ഒരു സംഭവം തന്നെ അണ്ണാ. ഇനിയും അനേകായിരം അവാർടുകൾ അങ്ങയെ തേടി വരട്ടെ എന്ന്‌ ആശംസിക്കുന്നു. മരിക്കുന്നതിന്‌ മുൻപ്‌ എനിക്ക്‌ അങ്ങയുടെ മനുഷ്യന്‌ മനസ്സിലാവുന്ന പടം കാണാൻ പറ്റണെ എന്നൊരു പ്രാർഥന മാത്രമെ ബാക്കിയുള്ളൂ. അടൂരായ നമ:


Click here for Malayalam Fonts