Wednesday, September 3, 2008

കരയാതെ ഉള്ളി അരിയാൻ



വർഷങ്ങളായി ശാസ്ത്രജ്ഞന്മാരും വീട്ടമ്മമാരും പാചക വിദ്വാന്മാരും ഉത്തരം അന്വേഷിച്ച്‌ നടന്ന ആ ചോദ്യം-കണ്ണിൽ നിന്ന് വെള്ളം വരാതെ എങ്ങനെ ഉള്ളി അരിയാം. ഉള്ളി അരിഞ്ഞ്‌ കരഞ്ഞു കൊണ്ട്‌ അടുക്കളയിൽ നിൽക്കുന്ന വീട്ടമ്മ ഒരു പതിവ്‌ കാഴ്ച്ച ആണ്‌. ഞങ്ങളുടെ ഫ്ലാറ്റിൽ പാചകം തുടങ്ങിയപ്പോൾ ഞങ്ങൾക്ക്‌ ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നു. അപ്പുറത്തെ മുറിയിൽ ഇരുന്ന് എന്റെ കൂട്ടുകാരനായ തോട്ട(അതെ, 'എന്റെ കൂട്ടുകാർ' എന്ന 3 എപ്പിടോസ്സ്‌ ഉള്ള സീരിയലിൽ കണ്ട അതെ കഥാപാത്രം തന്നെ) ഉള്ളി അരിയുമ്പോൾ തന്നെ ഞാൻ കരഞ്ഞ്‌ നിലവിളിക്കുമായിരുന്നു. പിന്നെ, ഞാൻ അരിയുംബോൾ ഉള്ള കഥ പറയണ്ടല്ലൊ. ഉള്ളി അരിയൽ അങ്ങനെ ഒരു പേടിസ്വപ്നം ആയിരുന്നപ്പോൾ ആണ്‌ ഇതിനെതിരെ എന്ത്‌ നടപടി എടുക്കണം എന്ന് കാര്യമായ ചിന്തകൾ മനസ്സിലൂടെ ഓടിപ്പാഞ്ഞത്‌.

ആദ്യമായി ആ ചിന്ത ചെന്ന് നിന്നത്‌ എന്റെ കറുത്ത കൂളിംഗ്‌ ഗ്ലാസ്സിൽ ആണ്‌. ഒരു ദിവസം ഞാൻ അത്‌ പരീക്ഷിച്ചു. ഗ്ലാസ്സ്‌ എടുത്ത്‌ വെച്ച്‌ ഉള്ളി അരിയാൻ തുടങ്ങി. ചുവന്നിരുന്ന ഉള്ളി കറുത്ത്‌ കണ്ടു എന്നല്ലാതെ ഈ കോപ്പ്രായം കൊണ്ട്‌ കാര്യമായ ഒരു ഗുണവും ഉണ്ടായില്ല. കരച്ചിലും നിലവിളിയും പഴയതു പോലെ തന്നെ തുടർന്നു. വീണ്ടും കുറച്ച്‌ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം കരയാൻ തയ്യാർ എടുക്കുമ്പോൾ ഞാൻ കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്‌ കണ്ണിൽ പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. അങ്ങനെ ഞാൻ കണ്ണീരിനോട്‌ വിട പറഞ്ഞു. കരയാതെ ഉള്ളി അരിയാൻ ഉള്ള ആ സാങ്കേതിക വിദ്യ ചുവടെ ചേർക്കുന്നു-

സ്റ്റെപ്പ്‌ 1-നിങ്ങൾ കുളിക്കാൻ ഉപയൊഗിക്കുന്ന തോർത്ത്‌ എടുക്കുക. തോർത്ത്‌ എന്നു പറയുമ്പോൾ കട്ടി കൂടിയ ടവ്വൽ അല്ല. ചെറിയ ചെറിയ ഓട്ടകൾ ഉള്ള നമ്മുടെ നാടൻ തോർത്ത്‌ തന്നെ വേണം.

സ്റ്റെപ്പ്‌ 2-തോർത്ത്‌ കണ്ണ്‌ മറഞ്ഞിരിക്കുന്ന രീതിയിൽ തലക്ക്‌ ചുറ്റും കെട്ടുക. തോർത്ത്‌ രണ്ടും മൂന്നും പ്രാവശ്യം മടക്കി കെട്ടി സ്വയം അന്ധൻ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റെപ്‌ 3-തോർത്ത്‌ കെട്ടിയതിന്‌ ശേഷം പരിസരം ഒന്ന് നിരീക്ഷിക്കുക. എല്ലാം പണ്ടത്തെ പൊലെ വൃത്തിയായി കാണാൻ പറ്റുന്നുണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക.

സ്റ്റെപ്‌ 4-ഇനി സ്റ്റെപ്പ്‌ ഇല്ലടേയ്‌. മര്യാദക്ക്‌ ഉള്ളി എടുത്ത്‌ അരിയുക. (ഒരു ചെറു ചിരിയോടെ)

അടിക്കുറിപ്പ്‌- ഇത്‌ കണ്ട്‌ ഏതെങ്കിലും അഫ്ഗാൻ തീവ്രവാദിയാണെന്ന് കരുതി നിങ്ങളെ ആരെങ്കിലും തല്ലി കൊന്നാൽ ഞാൻ ഉത്തരവാദി അല്ല.

An english translation of this post is available here-crusadertvm

എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ
Click here for Malayalam Fonts