Friday, August 8, 2008

എന്റെ കൂട്ടുകാർ- അവസാന അധ്യായം

അങ്ങനെ നാല്‌ മാസത്തെ സന്തോഷത്തിനും കണ്ണീരിനും കനവുകൾക്കും എല്ലാം വിരാമം ഇട്ടുകൊണ്ട്‌ ഞങ്ങളുടെ ട്രെയിനിംഗ്‌ അവസാനിച്ചു. വിടപറച്ചിലിനുള്ള സമയം ആയി. എനിക്കും രാജക്കും ബാങ്ക്ലൂരിലും മുത്തുവിന്‌ ഹൈദ്രാബാദിലും 'തോട്ട'ക്ക്‌ പൂനയിലും മൈമൂണക്ക്‌ തിരുവനന്തപുരത്തും ആണ്‌ പോസ്റ്റിംഗ്‌ ആയത്‌. പണ്ടാരാണ്ടൊ പറഞ്ഞ പോലെ നാലും നാല്‌ വഴിക്ക്‌. 'തോട്ട` റ്റ്രാൻസ്ഫർ വാങ്ങി ബാങ്ക്ലൂരിൽ എത്തി. അങ്ങനെ ഞാനും രാജയും തോട്ടയും കൂടെ ഒരു ഫ്ലാറ്റിൽ താമസം ആക്കി. മാന്യനായ മുത്തുവിന്‌ റ്റ്രാൻസ്ഫർ ചോദിക്കാൻ മടിയാണ്‌. ഒരിക്കൽ കാര്യം പറയാൻ മനേജറിന്റെ അടുത്ത്‌ പോയി അത്രെ. അവർ തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ-

മുത്തു-"സാർ എനിക്ക്‌ റ്റ്രാൻസ്ഫർ വേണം"
മാനേജർ-"പറ്റില്ല"
മുത്തു-"ശരി സാർ"

അഭിമാനിയായ മുത്തുവിന്‌ ആരുടേയും കാൽ പിടിക്കുന്നത്‌ ഇഷ്ടമല്ല. അങ്ങനെ കൂടെ ഉള്ളവർ എല്ലാം രക്ഷപ്പെട്ട്‌ നാട്ടിലെക്ക്‌ പോയപ്പോളും ഹൈദ്രാബാദിലെ ചൂടത്ത്‌ തന്റെ മാനവും കെട്ടിപിടിച്ച്‌ മുത്തു കാത്ത്‌ കാത്ത്‌ ഇരുപ്പായി. എന്നെങ്കിലും തന്റെ മാനേജർ സ്വയം വന്നു "നീ നാട്ടിൽ പൊക്കൊ" എന്നു പറയുന്ന ദിവസത്തിനായി. നീ എന്തടേയ്‌ ഇങ്ങനെ എന്ന്‌ അവനോട്‌ ചോദിച്ചാൽ ഒരു മറുപടി റെടി ആയിട്ടുണ്ട്‌ മുത്തുവിന്‌-"ഞാൻ എന്ത്‌ ചെയ്യാനെടേയ്‌". നീ ഒന്നും ചെയ്യണ്ടടേയ്‌.

ഇതിനിടയിൽ സ്വന്തം നാട്ടിലെ ജീവിതം മടുത്തു, എനിക്കും ബാങ്ക്ലൂർ വരണം എന്ന്‌ പറഞ്ഞ്‌ മൈമൂണ സ്ഥിരം കരയാറുണ്ട്‌. ബാങ്ക്ലൂരിലെ സ്ഥിതി നമ്മൾക്കല്ലെ അറിയൂ. ഐ.റ്റി. കമ്പനികളുടെയും ഷോപ്പിംഗ്‌ മാളുകളുടെയും ബാങ്ക്ലൂർ മാത്രമേ പലരും കണ്ടിട്ടുള്ളൂ. റ്റ്രാഫിക്‌ കുരുക്കുകളുടെയും പൊടി പടലങ്ങളുടേയും മറ്റൊരു ബാങ്ക്ലൂർ ഉണ്ടെന്ന് അവർക്ക്‌ അറിയില്ല. പിന്നെ എന്റെ താമസം രണ്ട്‌ രാക്ഷസന്മാരുടെ(രാജയും തോട്ടയും) കൂടെയും കൂടി ആയത്‌ കൊണ്ട്‌ പരമ സുഖം. തോട്ടയുടെ വക ഇടിയും, രാജയുടെ വക കളിയാക്കലും കൂടെ ആകുംബോൾ ഇവിടെ എനിക്ക്‌ ജീവിതം ആനന്ദകരം. എന്റെ ഓരൊ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കൽ ആണ്‌ തോട്ടയുടെ മെയിൻ പണി. ഞാൻ നെറ്റിൽ കേറുമ്പോൾ നെറ്റ്വർക്കിംഗ്‌ വഴി രഹസ്യങ്ങൾ ചോർത്തൽ ഇവന്റെ വിനോദങ്ങളിൽ ഒന്നാണ്‌. പ്രത്യേകിച്ച്‌ ഒരു രഹസ്യവും ഉണ്ടായിട്ടല്ല.

ഇനി ഒരുത്തൻ ഉണ്ട്‌. വല്ലപ്പോളുമെ അവൻ നമ്മുടെ വീട്ടിലെക്ക്‌ വരാറുള്ളൂ. പറഞ്ഞ്‌ വരുന്നത്‌ നമ്മുടെ രാജയെ കുറിച്ചാണ്‌. ഇടക്കിടക്ക്‌ അവൻ ഇവിടെയുള്ള ആന്റിയുടെ വീട്ടിൽ പോവും. ആന്റിയേയും കസിനേയും എന്നും കാണാൻ ഒന്നുമല്ല ഇവന്റെ പോക്ക്‌. രുചി ഉള്ള ഭക്ഷണം കഴിക്കാൻ മാത്രം. എന്തായാലും ഇപ്പൊളും കസിനെ കാണാൻ എന്നും പറഞ്ഞ്‌ എല്ലാ ആഴ്ച്ചയും രാജ മുങ്ങുന്നുണ്ട്‌. പിന്നെ ഇടക്കിടക്ക്‌ പല നാടുകളിൽ നിന്ന് അവന്റെ കസിൻസ്‌ ഇവിടെ വരും. അവരെ കൊണ്ടു കറങ്ങുന്നതും അവർക്ക്‌ കൂട്ടിരിക്കുന്ന്തും രാജയുടെ ജോലി തന്നെ ആണ്‌. അവസാനം എണ്ണം എടുത്തപ്പോൾ രാജയുടെ കസിൻസിന്റെ എണ്ണം 10150 ആണ്‌. പലപ്പോഴും ഞാനും തോട്ടയും ചിന്തിച്ചിട്ടുണ്ട്‌, രാജ ഇല്ലായിരുന്നെങ്കിൽ അവന്റെ കസിൻസൊക്കെ എങ്ങനെ ജീവിക്കുമായിരുന്നു.

ഞങ്ങളുടെ ഫ്ലാറ്റ്‌ ഒരു സാധാരണ ബാച്ചിലർ വീട്‌ പോലെ അല്ല. മദ്യത്തിന്റേയും സിഗററ്റിന്റേയും ഗന്ധം ഇല്ലാത്ത്‌ വളരെ അധികം വൃത്തി ഉള്ള ഒരു വീടാണ്‌ ഇത്‌. ഹോട്ടൽ ഭക്ഷണം കഴിച്ച്‌ മടുത്തപ്പോൾ, പതുക്കെ ഞങ്ങൾ സ്വയം പാചകം തുടങ്ങി. ആദ്യമൊക്കെ കുറച്ച്‌ കഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ സ്വാധിഷ്ടമായ പല ആഹാരസാധനങ്ങളും ഉണ്ടാക്കാൻ ഞങ്ങൾ പഠിച്ചു. ഇപ്പോൽ ഞങ്ങളുടെ മെനുവിൽ നമ്മുടെ കേരളത്തിന്റെ തനതായ ഭക്ഷണമായ 'പുട്ട്‌' മുതൽ നല്ല അടിപൊളി ചിക്കൻ കറി വരെ ഉണ്ട്‌. ഇതു വായിച്ച്‌ ആരും കൊതിപിടിച്ച്‌ ഞങ്ങളുടെ വീട്ടിലെക്ക്‌ വരണ്ട. കാരണം ഞങ്ങൾ അഥിതികൾക്ക്‌ ഒന്നും ഉണ്ടാക്കി കൊടുക്കാറില്ല.

ഇപ്പോൾ വീട്ടിൽ ഭയങ്കര ആഭയന്തര പ്രശ്നം നിലനിൽക്കുകയാണ്‌. പ്രശ്നത്തിന്‌ കാരണം 'റോക്ക്‌' സംഗീതവും 'അവാർഡ്‌' സിനിമകളും ആണ്‌. ഞാനും രാജയും 'റോക്ക്‌' പാട്ടുകൾ വെക്കുമ്പൊൾ തോട്ട അലറിക്കൊണ്ട്‌ വരും-'നിർത്തെടാാാാ'. കേരള സംസ്ക്കാരത്തിന്റെ കാവൽക്കാരനായി സ്വയം പ്രഖ്യാപിചിരിക്കുകയാണ്‌ തോട്ട. പിന്നെ ഉള്ളത്‌ 'അവാർഡ്‌' സിനിമ. ഇവിടെ പ്രശ്നക്കാരൻ ഞാൻ തന്നെ ആണ്‌. എനിക്ക്‌ ഇത്തരം സിനിമകൾ കാണുന്ന ഒരു സ്വഭാവം ഉണ്ട്‌. അങ്ങനെ ഞാൻ തോട്ടയെ കുറച്ച്‌ അറബി പടങ്ങളും ഇറാനിയൻ പടങ്ങളും ബോസ്നിയൻ പടങ്ങളും ഇരുത്തി കാണിച്ചു. അതിന്‌ ശേഷം ഞാൻ ഡി.വി.ഡി എടുത്താൽ അവൻ ഉടനെ സ്ഥലം കാലിയാക്കും.

അങ്ങനെ ഞങ്ങൾ ഇപ്പോൾ ഇവിടെ ഉല്ലാസകരമായ ജീവിതം നയിച്ച്‌ വരികയാണ്‌. എന്നാലും മുത്തുവും മൈമൂണയും ഇവിടെ ഇല്ലാത്തതിന്റെ കുറവുകൾ ഉണ്ട്‌. അത്‌ ഓഫീസ്‌ കമ്മ്യൂണിക്കേറ്റർ ഉള്ളത്‌ കൊണ്ട്‌ ഒരു പരിധി വരെ അട്ജസ്റ്റ്‌ ചെയ്തു പോകുന്നു. എന്നാലും ഞങ്ങൾ എല്ലാരും കൂടി ഉണ്ടായിരുന്ന ആ നല്ല നാളുകൾക്ക്‌ സമം ആവില്ല അതൊന്നും. ഇവരൊന്നും ഇല്ലായിരുന്നെങ്കിൽ എനിക്ക്‌ ജീവിതം ഇത്രയധികം ആനന്ദകരം ആവുമായിരുന്നില്ല എന്നുള്ള കാര്യം ഉറപ്പാണ്‌. കുറച്ചധികം 'മസാല' ചേർത്തിടുണ്ടെങ്കിലും, ഈ മൂന്ന്‌ അധ്യായം ഉള്ള കഥ അവർക്കുള്ള എന്റെ സ്നേഹോപകാരം ആയി ഞാൻ സമർപ്പിച്ച്‌ കൊള്ളുന്നു. തൽക്കാലം ഈ കഥ ഇവിടെ നിർത്തുന്നു. കുറച്ച്‌ നാളുകൾക്ക്‌ ശേഷം സംഭവ ബഹുലമായ മൂഹൂർത്തങ്ങളും കോറെ മസാലയും ആയി ഈ കഥ തുടരുന്നതാണ്‌.

അടിക്കുറിപ്പ്‌- ഇന്നലത്തെ കഥയക്ക്‌ കമന്റ്‌ ആയിട്ട്‌ 'തോട്ട' പോസ്റ്റ്‌ ചെയ്ത എന്റെ കഥകൾ 50% മസാല ആണെന്ന് അറിയിച്ച്‌ കൊള്ളുന്നു. എന്നാലും അവന്റെ സാഹിത്യ പാടവത്തെ പുകഴ്തത്താതെ വയ്യ. ശരത്ത്‌ പറഞ്ഞത്‌ പോലെ ഇവൻ 'മലയാള സാഹിത്യത്തിന്‌ പിറക്കാതെ പോയ ഒര്‌ ഉണ്ണി' തന്നെ. പിറക്കാതെ തന്നെ ഇത്രയും പാര വെച്ചു. ഇനി പിറന്നിരുന്നെങ്കിൽ എന്തായേനെ.

അടിക്കടിക്കുറിപ്പ്‌- ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും. നാളെ എന്നെ ഈ ബ്ലോഗിൽ കണ്ടില്ലെങ്കിൽ ഉറപ്പിച്ചോളു, ഇവർ എന്നെ തല്ലി കൊന്നതാണെന്ന്.അടിയോടടിക്കുറിപ്പ്‌- അയ്യൊ...എന്നേ കൊല്ലുന്നേ!!!!!....രക്ഷിക്കണെ (നാളെ ഇതു പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ലെങ്കിലൊ. അതുകൊണ്ട്‌ ആ കടമ ഇപ്പോളെ തീർത്തതാണ്‌).

അടിയോടടിക്കുറിപ്പ്‌- അയ്യൊ...എന്നേ കൊല്ലുന്നേ!!!!!....രക്ഷിക്കണെ (നാളെ ഇതു പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ലെങ്കിലൊ. അതുകൊണ്ട്‌ ആ കടമ ഇപ്പോളെ തീർത്തതാണ്‌).

എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Wednesday, August 6, 2008

എന്റെ കൂട്ടുകാർ-അധ്യായം രണ്ട്‌

മൈസൂരിലെ ഇൻഫിയുടെ ഭീമാകാരമായ ക്യാമ്പസ്സിൽ പിന്നെ ഉള്ള നാല്‌ മാസം ഉത്സവം ആയിരുന്നു. സാമ്പിൾ വെടിക്കെട്ട്‌ എന്ന പോലെ മോട്യൂൽ ടെസ്റ്റിലെ പൊട്ടലും പൂര വെടിക്കെട്ട്‌ എന്ന പോലെ 'കോമ്പ്രി' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെഗാ പരീക്ഷയിലെ പൊട്ടലും ഉത്സവം കൊഴുപ്പിച്ചു. ഇവിടെ വെച്ചാണ്‌ രാജ മടിയുടെ പുതിയ തലങ്ങൾ താണ്ടിയത്‌. മടി കാരണം രണ്ടും മൂന്നും ദിവ്സം വരെ ഇവൻ മുറിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്‌. വയർ കായുംബോൾ ഫോൺ എടുത്ത്‌ 'പിസ്സ' ഓടർ ചെയ്യും. ഇവനെപ്പോലത്തെ മടിയന്മാർക്കായി കണ്ടുപിടിച്ച ഈ ആഹാര സാധനം 'ടെലിവറി ബോയ്സ്‌' ഹോസ്റ്റൽ വാതിൽക്കൽ എത്തിക്കും. അങ്ങനെ അട ഇരിക്കുന്ന കോഴിയെപ്പോലെ അവൻ പലപ്പോഴും മുറിയിൽ തന്നെ കിടപ്പായി. ഞാൻ പക്ഷെ ആദ്യമൊക്കെ എന്നും ക്ലാസ്സിൽ പോകുമായിരുന്നു. 5 മിനുട്ട്‌ പഠിപ്പിക്കുന്നത്‌ നോക്കി ഇരിക്കും, പതിവ്‌ പോലെ ഒന്നും മനസ്സിലാവുന്നില്ല എന്ന്‌ കാണുംബോൾ പതുക്കെ ഞാൻ ഉറക്കം തുടങ്ങും. പിന്നെ രണ്ട്‌ മൂന്ന് മണിക്കൂർ മോണിട്ടറിന്റെ മറവിൽ സുഖമായ ഉറക്കം. ഒരിക്കൽ ഒര്‌ കലിപ്പ്‌ അമ്മച്ചി പഠിപ്പിക്കാൻ വന്നു. എന്റെ ഉറക്കം കണ്ട്‌ വന്ന് പറഞ്ഞു വേണമെങ്കിൽ ഹോസ്റ്റെലിൽ കിടന്ന് ഉറങ്ങണം, ഇത്‌ അതിനുല്ല സ്തലം അല്ല എന്ന്‌. അപ്പോളും ഉറക്കത്തിൽ ആയിരുന്ന ഞാൻ ഇത്‌ പിന്നീട്‌ ആരൊ പറഞ്ഞാണ്‌ അറിയുന്നത്‌. എന്തായാലും പിറ്റേന്ന് മുതൽ ഞാൻ അത്‌ ശിരസാവഹിച്ചു. ക്ലാസ്സിൽ പോകുന്നത്‌ ഞാൻ അങ്ങ്‌ നിർത്തി.
മൂന്ന് ദിവസത്തിൽ ഒരിക്കൽ പരീക്ഷ നടക്കുന്ന മൈസൂരിലെ ഒരു മുടക്കമില്ലത്ത ആചാരം ആയിരുന്നു മൈമൂണയുടെ കരച്ചിൽ. പരീക്ഷയുടെ തലേന്ന് വൈകിട്ട്‌ ആവുംബോൾ ഒരുവിധം എല്ലാം പഠിച്ച്‌ കഴിയുന്ന കക്ഷി രാത്രി ആവുംബോൾ റ്റെൻഷൻ അടിച്ച്‌ കരച്ചിൽ തുടങ്ങും. അപ്പോളും പഠിച്ച്‌ തുടങ്ങിയിട്ടില്ലാത്ത ബാക്കി ഞങ്ങൾ നാല്‌ പേരും രണ്ട്‌ കാൽ മൊണ്ടി ഒരു കാൽ മൊണ്ടിയേ കളിയാക്കി ചിരിക്കുന്ന പോലെ, അവളെ കളിയാക്കി ചിരിക്കുമായിരുന്നു. വയ്കുന്നേരവും രാത്രിയും എല്ലാം ഞങ്ങൾ 5 പേരും കൂടെ അറിഞ്ഞുകൂടാത്ത കളികളൊക്കെ കളിച്ച്‌ കഴിവുകേട്‌ തെളിയിക്കുന്ന തിരക്കിൽ ആയിരുന്നു. 'ബൗളിംഗ്‌', പൂൾ, ടെന്നീസ്‌ എന്നു വേണ്ട ഞങ്ങൾ കൈ വെച്ച്‌ കുളമാക്കാത്ത ഒറ്റ കളി പോലും അവിടെ ബാക്കി ഇല്ലായിരുന്നു. മൈസൂരിലെ മറ്റൊരു പ്രത്ത്യേകത ആയിരുന്നു "ഫുട്‌ പോയിസണിംഗ്‌" അതവ 'വയറ്റിളക്കം', 'വാൾ വെപ്പ്‌' തുടങ്ങിയ കല പരിപാടികൾ. കൂട്ടത്തിലെ എല്ലാവരും വയറ്റിന്‌ അസുഖം വന്ന് കിടപ്പായപ്പൊളും ആരോഗ്യവാനായി നടന്ന എന്റെ അഹങ്കാരം ചില്ലറ ഒന്നും അല്ലായിരുനു. വീട്ടിൽ വിളിച്ചും പിന്നെ വഴിയിൽ കാണുന്നോരോടുമൊക്കെ ഞാൻ എന്റെ ആരോഗ്യത്തെ കുറിച്ച്‌ വീമ്പിളക്കി. അതെല്ലാം പറഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഒരു മെഗാ വാൾ വെപ്പ്‌ മഹോൽസവം ഞാൻ നടത്തി. അന്ന് കറങ്ങി നിലത്ത്‌ വീണ എന്നെ 'തോട്ട' പ്രവീൺ പൊക്കി എടുത്തോണ്ട്‌ പൊയത്‌ നാട്ടുകാർ മൊത്തവും കണ്ടു. കുറച്ച്‌ നാളത്തേക്ക്‌ എന്റെ അഹങ്കാരത്തിന്‌ ഒരു ശമനം ഉണ്ടായി. ഇതിനിടയിൽ എല്ലാം തീറ്റിക്ക്‌ ഒരു കുറവും വരുത്താതെ നമ്മുടെ 'തോട്ട' എല്ലാ ഫുട്കോർട്ടുകളിലും ഓടി നടന്ന് വെട്ടിവിഴുങ്ങുന്നുണ്ടാരുന്നു. വയറ്റിൽ കൂടുതൽ സ്ഥലമുണ്ടാക്കി, കൂടുതൽ കഴിക്കാൻ വേണ്ടി അവൻ പലപ്പോഴും പാന്റിന്റെ ബക്കിൾ അഴിച്ചിട്ടിട്ടാണ്‌ കഴിച്ചിരുന്നത്‌. പരീക്ഷയും കളിയും വാൾ വെപ്പും കഴിഞ്ഞ്‌ ബാക്കി കിട്ടുന്ന നേരം ഞങ്ങൾ ഇൻഫോസിസിന്റെ 5-സ്റ്റാർ സൗകര്യങ്ങൾ ഉള്ള ഹോസ്റ്റൽ മുറിയിൽ ഇരുന്ന് ടിവി കണ്ടും ചീട്ട്‌ കളിച്ചും ചിലവഴിച്ചു.
അടികുറിപ്പ്പ്പ്‌- ഇന്നലെ വീട്ടിൽ ചെന്നപ്പോൾ രാജയുടെയും തോട്ടയുടെയും വക ആയി 35 ഇടി കിട്ടി. ഇന്ന് എത്ര ആണൊ എന്തോ.
അടിയടിക്കുറിപ്പ്‌- ഒരു ചെറിയ തിരുത്തൽ. മൈമൂണയുടെ പൊക്കം 2 ഇഞ്ച്‌ അല്ല. 2.1 ഇഞ്ച്‌ ആണ്‌. പൊക്കം കുറച്ച്‌ പരഞ്ഞതിന്‌ അവൾ ഇന്നലെ എന്നെ കൊല്ലും എന്ന് ഭീഷണി മുഴക്കിയതിനാൽ ആണ്‌ ഈ തിരുത്തൽ
എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Tuesday, August 5, 2008

എന്റെ കൂട്ടുകാർ-അധ്യായം ഒന്ന്‌

അതു ഒരു ഓണക്കാലം ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2003 ലെ ഓണം. ആ സമയത്താണ്‌ എന്റെ കലാലയ ജീവിതം ആരംഭിക്കുന്നത്‌. എന്റെ മാത്രമല്ല, എന്റെ പ്രീയപ്പെട്ട നാല്‌ കൂട്ടുകാരുടേയും. സത്യം പറയാമല്ലൊ, അവർ അന്നൊന്നും എനിക്ക്‌ അത്ര പ്രീയപ്പെട്ടവർ ഒന്നും അല്ലായിരുന്നു. കേരലത്തിലെ സമരങ്ങൾക്കും അടിപിടിക്കും പേരുകേട്ട ശ്രീ ചിത്ര തിരുനാൾ കോളേജിൽ അണ്‌ ഞങ്ങൾ കണ്ടുമുട്ടുന്നത്‌.കൂട്ടത്തിൽ ആദ്യം പരിചയപ്പെട്ടത്‌ മുത്തുവിനെയാണ്‌. ഇന്നത്തെ പോലെ അന്നും അവൻ മാന്യൻ ആയിരുന്നു. ഞങ്ങൾ ഒരേ സ്കൂളിൽ ആണ്‌ പഠിച്ചതെങ്കിലും ഞങ്ങൽ തമ്മിൽ വല്ല്യ പരിചയം ഒന്നുമില്ലയിരുന്നു. തെളിച്ച്‌ പറഞ്ഞാൽ അവന്‌ എന്നെ അറിഞ്ഞൂടായിരുന്നു. എനിക്ക്‌ അവനെ അറിയാമായിരുന്നു. അവൻ ആളൊരു ബുജി ആയിരുന്നു. പഠിത്തത്തിൽ വല്ല്യ കിടിലം ഒന്നുമല്ലാത്ത ഞാനും എന്റെ കൂട്ടുകാരും സ്കൂൾ അസ്സംബ്ലിയിൽ പൊരിവെയിലത്ത്‌ ചാവാറായി നിൽക്കുംബോൾ സ്റ്റേജിന്റെ തണലിൽ നിന്ന്‌ ഒരു കൂതറ ചിരിയുമായി വന്ന്‌ സ്കൂൾ ഫസ്റ്റുകാരന്റെ മെടലും വാങ്ങി പോകുന്ന അവനെ ഞാൻ അക്കാലത്തു മനസ്സിൽ കൊറെ തെറി പറഞ്ഞിരുന്നു. കോളേജിൽ ആദ്യത്തെ ദിവസം ഞാൻ ഇരുന്ന ബെഞ്ചിന്റെ അങ്ങേ അറ്റത്ത്‌ ഈ ബുജി ആയിരുന്നു. ഞങ്ങളുടെ നടുക്ക്‌ ഇരുന്നവൻ ഞങ്ങൾ 2 പേരേയും അന്യോന്യം പരിചയപ്പെടുത്തി. കൊറച്ച്‌ നാളുകൾക്കകം ഞങ്ങൾ അടുത്ത കൂട്ടുകാരായി. അവൻ ബുജി ആണെങ്കിലും എന്നെ പോലെ സൽഗുണസമ്പന്നൻ ആയിരുന്നു. വായിനോട്ടം, തെറി വിളി മുതലായ സ്വഭാവ ഗുണങ്ങൽ ഉള്ളതു കൊണ്ടാണ്‌ അവനെ നോർമ്മൽ ബുജികളുടെ കൂട്ടത്തിൽ ഞാൻ കൂട്ടാത്തത്‌. തൽക്കാലം മാന്യനായ ബുജികുട്ടന്റെ കഥ അവിടെ നിൽക്കട്ടെ. അടുത്ത ആളെ പരിചയപ്പെടാം.

പേര്‌ രാജ. പേരിൽ മാത്രം രാജ. അന്നത്തെ പോലെ ഇന്നും അവൻ ഒന്നാം തരം പിച്ചക്കാരൻ തന്നെ. കോളേജിലെ ആദ്യ ദിവസത്തെ ആദ്യത്തെ പിരീഡ്‌ മുൻബെഞ്ചിൽ ഇപ്പൊ മല മറിച്ചുകളയും എന്നെ ഭാവത്തോടെ ഇരുന്ന പയ്യൻ. രണ്ടാമത്തെ പിരീഡ്‌ എന്തോ ഉൾവിളി ഉണ്ടായിട്ടെന്ന പോലെ നേരെ പിൻബെഞ്ചിലേക്ക്‌ അവൻ സ്വയം പ്രമോട്ട്‌ ചെയ്തു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. എന്നെ ഞാൻ അറിയാതെയും അറിഞ്ഞുകൊണ്ടും കളിയാക്കുക എന്നുള്ളത്‌ അവന്റെ പ്രധാന വിനോദം ആയിരുന്നു. ഈ വിനോദത്തിൽ പങ്കാളികളായ രണ്ടു പേരെ വഴിയെ പരിചയപ്പെടുത്തുന്നതാണ്‌. ഈ പറഞ്ഞ രാജ എന്ന ചെറുക്കനെ എനിക്ക്‌ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അഹങ്കാരിയും ചൊറിയനുമായ ഒരു അരോചക ജന്തു ആയിട്ടാണ്‌ ഞാൻ അവനെ കണ്ടിരുന്നത്‌. കോളേജിലെ ആദ്യ വർഷം അവൻ എനിക്കിട്ട പേരാണ്‌ 'ജോക്കർ'. അവൻ തന്നെ നല്ലോണം സഹായിച്ച്‌ ആ പേര്‌ പ്രശസ്തമായി. അതിലും പ്രശസ്തമായ ഒരു പേര്‌ അവൻ തന്നെ ഭാവിയിൽ എനിക്ക്‌ ഇടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും അന്നു കരുതിയില്ല. കുഴിമടിയനായ അവൻ മടി കണ്ടുപിടിച്ചത്‌ താനാണെന്ന്‌ സ്വയം പറയാറുണ്ട്‌.

അടുത്തതായി ഞാൻ പരിചയപ്പെടുത്താൻ പോകുന്ന താരത്തിന്‌ നിർഭാഗ്യവശാൽ എന്റെ അതെ പേരാണ്‌-പ്രവീൺ. 'തോട്ട' എന്ന പേരിൽ ആണ്‌ ഇവൻ കൂടുതൽ പ്രശസ്തനായത്‌. അവന്റെ നീണ്ട ശരീരപ്രകൃതം തന്നെയാണ്‌ ആ പേര്‌ വീഴാൻ കാരണം. ആദ്യം കണ്ടപ്പോൾ ഇവൻ ഒരു മാന്യൻ ആണെന്ന്‌ ഞാൻ തെറ്റിധരിച്ചു. ഇവനും എനിക്കു ഭാവിയിൽ ഒരു പാര ആകുമെന്ന്‌ അന്നു ഞാൻ കരുതിയില്ല. പിൻബെഞ്ചിൽ ഇരുന്ന്‌ എന്നെ കളിയാക്കുമായിരുന്ന രാജയ്ക്ക്‌ ഇവൻ ആയിരുന്നു കൂട്ട്‌. ഞങ്ങളുടെ കൂട്ടത്തിൽ ഒരു 'പ്രാക്റ്റിക്കൽ' ചിന്താഗതി ഉള്ള ഒരുത്തൻ ആണ്‌ 'തോട്ട'. തീറ്റിക്കും ഉറക്കത്തിനും ഇവൻ കഴിഞ്ഞിട്ടേ ആരും ഉള്ളൂ. ലോകത്ത്‌ ഏറ്റവും കൂടുതൽ കോഴികളെ കൂട്ടക്കൊല ചെയ്തതിന്‌ ഉള്ള ഗിന്നസ്സ്‌ റെക്കൊർഡ്‌ ഇപ്പോൾ ഇവന്റെ പേരിലാണ്‌. വെജിറ്റേറിയൻ ആഹാരം കഴിച്ചാൽ വയറ്റിന്‌ അസുഖം പിടിക്കുന്ന ഒരേ ഒരു വ്യക്തിയും ഇവൻ തന്നെ.
അല്ല,ഇതു വരെ കഥയിലെ സൂപ്പർ താരത്തെ പരിചയപ്പെടുത്തിയില്ലല്ലൊ. പേര്‌ മൈമൂണ. സൂപ്പർ താരത്തിന്റെ പൊക്കം 2 ഇഞ്ച്‌, നമ്മുടെ ഉണ്ടപക്ക്രുവിനേക്കൾ വെറും ഒരിഞ്ച്‌ കുറവ്‌, പക്ഷെ മനസ്സിൽ വിചാരം അമിതാഭ്‌ ബച്ചന്റെ പൊക്കം ആണെന്നാണ്‌. കയ്യിലിരിപ്പോ, അതിനും അപ്പുറം. മൂക്കിന്റെ തുംബത്ത്‌ ദേഷ്യം. ആ ദേഷ്യത്തിന്‌ ഇര ആവാൻ ഭാഗ്യം നിങ്ങളക്ക്‌ ലഭിക്കുകയാണെങ്ങിൽ അപ്പോളെ ഉറപ്പിച്ചോളു അതു നിങ്ങളുടെ അവസാനം ആണെന്ന്‌. ആ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയ്ക്ക്‌ ഒരു മുന്നറിയിപ്പ്‌ തന്നു എന്നേ ഉള്ളു. ആൺകുട്ടികളേക്കാൾ നല്ലോണം ചവിട്ടും അടിയും നൽകാൻ ഉള്ള കഴിവുണ്ട്‌ ഈ 2 ഇഞ്ച്‌ പൊക്കക്കാരിക്ക്‌. 'മട്രിക്സ്‌' സിനിമയിലെ നായികയെ പറന്ന് ചവിട്ടാൻ ഉള്ള വിദ്യ പഠിപ്പിച്ചത്‌ മൈമൂണ ആണെന്നാണ്‌ ഒരു പേരു വെളിപ്പെടുത്താൻ താൽപ്പര്യം ഇല്ലാത്ത പത്രക്കാരൻ പറഞ്ഞത്‌. വേറൊന്നും കൊണ്ടല്ല പേര്‌ വെളിപ്പെടുത്താത്തത്‌, ചവിട്ടു കൊള്ളും എന്ന്‌ പേടിച്ചിട്ടാ. ഇങ്ങനെയൊക്കെ ആണെങ്കിലും, ചെറിയ ഒരു കാര്യം മതി ഇവൾ 'ടെസ്പ്‌' ആയി കരയാൻ. പിന്നെ ഒന്നു ചിരിച്ച്‌ കാണണമെങ്കിൽ ഒന്നുകിൽ നമ്മൾ ആരെങ്കിലും കരയണം, അല്ലെങ്ങിൽ അഞ്ച്‌ രൂപയുടെ ഏതെങ്കിലും പുഴു കയറിയ ചോക്ക്ലേറ്റ്‌ വാങ്ങി കൊടുത്താലും മതി.

കോളേജിലെ ഒന്നാം വർഷം ഇവരെല്ലാം ഒത്ത്‌ അടിച്ച്‌ പൊളിച്ച്‌ കടന്ന് പോയി. പിന്നെയുള്ള മൂന്ന് വർഷം ഞാനും രാജയും അടിച്ച്‌ പൊളിച്ചും ബാക്കി ഉള്ള മൂന്ന് പേർ പഠിച്ച്‌ മരിച്ചും കഴിച്ചു കൂട്ടി. ഇതിന്‌ കാരണം ഞാനും രാജയും മെക്കാനിക്കൽ എഞ്ചിനിയറിങ്ങും ബാക്കി ഉള്ളവർ എലക്റ്റ്രൊനിക്സ്‌ പഠിച്ചതും തന്നെയാണ്‌. ഞങ്ങൾ ക്ലാസ്മുറി ഉറക്കമുറിയും വരാന്ത കളിക്കളവുമാക്കിയപ്പോൾ, അവർ 1,0,0,1,1,0 എന്നൊക്കെ എഴുതി തല പുകയ്ക്കുകയായിരുന്നു. മെക്കാനിക്കൽ ചരിത്രം പറഞ്ഞ്‌ തുടങ്ങിയാൽ ഒരു പുസ്തകം എഴുതാൻ ഉള്ളത്ത്രയുണ്ട്‌. അതുകൊണ്ട്‌, അത്‌ പിന്നൊരിക്കൽ ആവാം. പൂർവികരുടെ പുണ്യം കൊണ്ടാണൊ എന്തോ, കാര്യമായി ഒന്നും പഠിക്കാതെ ഇരുന്നിട്ടും ഞങ്ങൾ എല്ലാം എഞ്ചിനിയർമ്മാരായി. അങ്ങനെ നാല്‌ നീണ്ട വർഷങ്ങൽക്ക്‌ ശേഷം ഞങ്ങൾ കലാലയത്തിനൊട്‌ വിട പറഞ്ഞു. ഒരായിരം പകൽക്കിനാവുകളുമായി ഇൻഫോസിസിന്റെ പടിക്കൽ എത്തുബൊൾ ഞാൻ അറിഞ്ഞില്ല ഈ 4 പേരും എനിക്ക്‌ പാരയുമായി ഇവിടെയും കാണും എന്ന്‌.
എന്ന് നിങ്ങളുടെ ഇതിഹാസൻ
Click here for Malayalam Fonts