Sunday, July 13, 2008

കട്ട കലിപ്പ്‌


ഇതു ഒരു മഞ്ഞ്‌ കട്ട അല്ല. ഇത്‌ ഒരു പഞ്ഞിക്കെട്ടല്ല. ഇത്‌ വെള്ള പൂശിയ കരിങ്കല്ലും അല്ല. എങ്ങിൽ പിന്നെ ഇതെന്താണ്‌? ഇതാണ്‌ സ്വാദിഷ്ടമായ ദോശ ഉണ്ടാക്കാൻ ഞങ്ങൾ അടുത്തുള്ള മലയാളികളുടെ കടയിൽ നിന്ന്‌ വാങ്ങിയ ദോശമാവ്‌. അതെ, വെള്ളം പൊലെ ഇരുന്ന ആ ദോശമാവ്‌ തന്നെയാണു കരിങ്കല്ല്‌ പോലെ അടുപ്പത്ത്‌ ഇരിക്കുന്നത്‌. കണ്ടാൽ തന്നെ അറിഞ്ഞൂടെ എന്തു മാത്രം കഷ്ടപ്പെട്ടു കാണും ഞങ്ങൾ ഇതു ഇങ്ങനെ ഒപ്പിച്ച്‌ എടുക്കാൻ എന്ന്‌.
സംഭവം ഇങ്ങനെ. തലേന്ന്‌ വാങ്ങിയ ദോശമാവ്‌ ഞങ്ങൾ നേരെ കൊണ്ടു വന്ന്‌ ഫ്രിട്ജിൽ വെച്ചു. പക്ഷെ സാധനം വെച്ചത്‌ ഫ്രീസറിൽ ആയിരുന്നു. അതും കൂടാതെ കൂട്ടത്തിൽ ഒരു മണ്ടൻ ഫ്രീസർ മാക്സിമം ആക്കി വെച്ചു. പിന്നെ പറയണ്ടല്ലൊ പൂരം. പിറ്റേന്ന്‌ വൈകീട്ട്‌ വിശന്ന്‌ വലഞ്ഞ്‌ വന്നു ദോശ ഉണ്ടാക്കാൻ വെണ്ടി ഫ്രിട്ജ്‌ തുറന്ന്‌ നോക്കിയ ഞങ്ങൾ ഞെട്ടി തെറിച്ചു. ദേ ഇരിക്കുന്നു കല്ലു പോലെ ഞങ്ങളുടെ ദോശമാവ്‌. അതുകൊണ്ട്‌ ഒരാളെ വേണമെങ്കിലും എറിഞ്ഞ്‌ കൊല്ലാം.ഇനി ഇപ്പൊ എന്തു ചെയ്യാൻ. പിന്നെ ഒന്നും നൊക്കിയില്ല. കത്തി എടുത്തു ഞാൻ. തെറ്റിധരിക്കണ്ട, മാവ്‌ ഫ്രീസറിൽ വെച്ചവനെ കുത്തി മലർത്താൻ ഒന്നുമല്ല. ആ മാവ്‌ അതിന്റെ കവർ മുറിച്ച്‌ പുറത്തെടുക്കാൻ വെണ്ടി മാത്രം ആണ്‌ ഈ കത്തി. വെളുത്ത്‌ തുടുത്ത്‌ കല്ല്‌ പൊലെ ഇരിക്കുന്ന അതെടുത്ത്‌ നേരെ അടുപ്പത്ത്‌ കേറ്റി. ഗ്യാസ്‌ കത്തിച്ച്‌ ചൂടാക്കാനും തുടങ്ങി. കുറച്ച്‌ നേരം നോക്കിയിട്ടും അതു ഉരുകുന്നില്ല. വീണ്ടും ക്ഷമയോടെ വിശക്കുന്ന വയറുമായി ഞങ്ങൾ നിന്നു. വിശപ്പു കാരണം വയറ്‌ കരിയുന്ന ഒരു സുഗന്ധം വരുന്നുണ്ടായിരുന്നു. അല്ല, അത്‌ വയറ്‌ കരിയുന്ന സുഗന്ധം ആയിരുന്നില്ല. ഉരുക്കാൻ വേണ്ടി അടുപ്പത്ത്‌ വെച്ച മാവ്‌ കരിയുന്നതായിരുന്നു. അങ്ങനെ അന്നു രാത്രി ഹോട്ടെലിലെ മനം മടുപ്പിക്കുന്ന ഭക്ഷണം കഴിച്ച്‌ വയറ്‌ നിറക്കെണ്ട ഗതികേടു ഞങ്ങൾക്കുണ്ടായി.
അടിക്കുറിപ്പ്‌ - ആ പടത്തിൽ കാണുന്നത്‌ കവറിൽ ഇരിക്കുന്ന മാവല്ല. കവറിൽ നിന്ന്‌ പുറത്തെടുത്ത മാവാണ്‌.

എന്ന്‌ നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Thursday, July 3, 2008

സാമൂഹ്യപാഠം-reloaded


ഒരു ഏഴാം ക്ലാസ്‌ പാഠപുസ്തകം ആണ്‌ ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ സംസാരവിഷയം. ഏഴാം ക്ലാസ്സുകാരന്‌ വേണ്ടി അടി ഉണ്ടക്കുന്നതോ, എഴുപതു കഴിഞ്ഞ കിളവന്മാരും ഏഴാം ക്ലാസ്സിൽ ഏഴു തവണ തോറ്റ യുവനേതാക്കളും. ഇവർക്കൊന്നും വേറെ പണിയില്ലേ. ഇല്ല, എന്നുള്ളതാണു സത്യം. അതു മാത്രം അല്ല, ബാക്കി ഉള്ളവർക്ക്‌ പണി ഉണ്ടാക്കുകയും ചെയ്യും ഇവരെല്ലാം ചേർന്ന്‌. രാവിലെ ആവുമ്പോളേക്കും ഇവറ്റകൾ റോഡിലൊട്ട്‌ ഇറങ്ങും. വിളിച്ച്‌ വിളിച്ച്‌ തേഞ്ഞ മുദ്രാവാക്ക്യങ്ങൾ വീണ്ടും വിളിച്ച്‌ മനുഷ്യനെ ബോറടിപ്പിക്കുന്നതും പോരാഞ്ഞ്‌ കണ്ണിൽ കണ്ടതൊക്കെ തല്ലി തകർക്കുകയും ചെയ്യുന്നു.
അല്ല, ഒന്നു ചോദിച്ചോട്ടെ, എന്തിനാ ഇതൊക്കെ? വിവാദമായ ആ പുസ്തകത്തിലെ വിവാദപരമായ ആ ഭാഗങ്ങൾ ഇന്നലെ ഞാൻ കാണാൻ ഇടയായി. അതിൽ പറഞ്ഞിരിക്കുന്നതിൽ മതത്തെ അധിക്ഷേപിക്കുന്ന ഒന്നും ഞാൻ കണ്ടില്ല. മതം ഒരോരുത്തരും അവന്റെ ഇഷ്ടത്തിന്‌ അനുസരിച്ച്‌ തിരഞ്ഞെടുക്കട്ടെ എന്നതാണ്‌ അതിലെ ഒരു പാഠഭാഗത്തിന്റെ അന്തസത്ത. ഈ പാഠത്തിലെ കുട്ടിയുടെ അച്ചൻ മുസ്ലീമും അമ്മ ഹിന്ദുവും ആണ്‌. മകനെ സ്കൂളിൽ ചേർക്കുമ്പോൾ അവർ അവന്റെ മതവും ജാതിയും ഫാറത്തിൽ പൂരിപ്പിക്കണ്ട എന്ന് തീരുമാനിക്കുന്നു. അവൻ വേണമെന്ന് തോന്നുമ്പൊൾ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നു അവർ പറയുന്നു. ഇതിൽ എവിടെയെങ്കിലും നിങ്ങൾക്ക്‌ എന്തെങ്കിലും തെറ്റ്‌ ഉണ്ടെന്ന് തോന്നിയൊ. അങ്ങനെ തൊന്നിയെങ്കിൽ പിന്നെ നിങ്ങളെ മനുഷ്യൻ എന്ന ഗണത്തിൽ പെടുത്താൻ പറ്റില്ല. നിങ്ങൾക്കും ആ സമരം ചെയ്യുന്ന അന്ധന്മാരുടെ കൂടെ കൂടാം.

ഇതിനെതിരെ കുറെ പള്ളികൾ ഇടയ ലേഖനം ഇറക്കുകയും, NSS പ്രധിഷേധിക്കുകയും ഒക്കെ ചെയ്തു. പള്ളികളിൽ ഇന്നു കുർബാനയെക്കാളും കുംബസാരത്തിനേക്കാലും ഒക്കെ കൂടുതലായി സംഭവിക്കുന്ന ഒരു കാര്യമാണു ഇടയ ലേഖനം വായിക്കൽ. പ്രാർഥനാലയങ്ങൾ എന്ന പഴയ സ്ഥിതിയിൽ നിന്നു മാറി ഇപ്പൊ പള്ളികളും അംബലങ്ങളും സമരാഹ്വാനങ്ങളുടെയും യുദ്ധ പ്രഖ്യാപനങ്ങളുടെയും കളിക്കളം ആയിരിക്കുകയാണ്‌. പാവം ഏഴാം ക്ലാസ്സുകാരൻ ഇതൊന്നും അറിയാതെ അന്തം വിട്ടിരിക്കുന്നു.

മതവിദ്വേഷം എന്ന വിഷത്തിന്റെ വിത്ത്‌ ഈ കുഞ്ഞു മനസ്സുകളിൽ വളരാതെ നോക്കെണ്ടതു നമ്മുടെ കടമയാണ്‌. അതിന്‌ ഇത്തരം പാഠങ്ങൽ വളരെ അധികം ഉപകരിക്കും. ഇങ്ങനെ ഉള്ള പുതിയ പരിഷ്ക്കാരങ്ങളെ രണ്ട്‌ കയ്യും നീട്ടി സ്വീകരിക്കുന്നതിനു പകരം സമരം ചെയ്യാൻ ഇറങ്ങുന്ന നമ്മുടെ മത-രാഷ്ട്രീയ നേതാക്കളെ ഒന്നാം ക്ലാസ്സ്‌ തൊട്ട്‌ ഒന്നേന്ന്‌ സാമൂഹ്യപാഠം പഠിപ്പിക്കേണ്ടി ഇരിക്കുന്നു.

നിങ്ങളുടെ സ്വന്തം ഇതിഹാസൻ
Click here for Malayalam Fonts