Sunday, June 29, 2008

ശാന്തം, വിനയം, മനോഹരം


ഇനി ഇതും കൂടയെ ബാക്കി ഉണ്ടായിരുന്നുള്ളു. അഹങ്കാരത്തിനു കണ്ണും മൂക്കും വെച്ചു അതിനു ശ്രീശാന്ത്‌ എന്നു പേരും ഇട്ടു ക്രിക്കറ്റ്‌ കളിക്കാൻ വിട്ടിരിക്കുവാണു പയ്യന്റെ വീട്ടുകാർ. കളിയേക്കാൾ പണ്ടേ പയ്യനു താൽപര്യം 'കലിപ്പ്‌' ഉണ്ടാക്കൽ ആണു. വന്നു കേറിയപ്പൊളെ രഞ്ചി ട്രോഫിയിൽ സാക്ഷാൽ സച്ചിനെ ചെറഞ്ഞു പേടിപ്പിക്കാൻ ശ്രമിച്ച വീരൻ ആണു നമ്മുടെ താരം. പക്ഷെ സച്ചിൻ പേടിച്ചില്ല എന്നു മാത്രമല്ല പയ്യനു ഒരു താക്കീതും കൊടുത്തു. പക്ഷെ പട്ടിയുടെ വാൽ പോലെ വളഞ്ഞ വഴിയിലൂടെ തന്നെ ഗോപുമോൻ പോയി. അങ്ങനെ അവസാനം ഒരു രാത്രി അടിയും കിട്ടി. അഞ്ചാം ക്ലാസുകാരനെ പോലെ കരഞ്ഞു മൂക്കള ഒലിപ്പിച്ചു നിൽക്കുന്ന ഗോപുവിനെ നോക്കി ലോകം ആർത്തു ചിരിച്ചു. ടഫ്‌ ഗയ്‌ എന്നുള്ള പയ്യന്റെ ഇമേജ്‌ മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ പോലെ ഇടിഞ്ഞു വീണു. അവനെ എല്ലാരും ക്രൈ ബേബി എന്നും അമൂൽ ബേബി എന്നും ഒക്കെ വിളിച്ചു കളിയാക്കി. പിന്നീടുള്ള കളികളിൽ നന്നായി കളിച്ചപ്പോളും അതു സർദ്ദാറിന്റെ അടിയുടെ ഗുണം ആണെന്നു എല്ലാവരും പറഞ്ഞു. കളിക്കളത്തിലെ പുലിക്കുട്ടി പെട്ടെന്നു പൂച്ചകുട്ടി ആയി മാറി. പണ്ടത്തെ കലിപ്പ്‌ നോട്ടം എങ്ങോ മാഞ്ഞു പോയി. വിനയത്തിന്റെ ചിഹ്നം ആയി ഒരു ചിരി ആ മുഖത്തു തെളിഞ്ഞു കാണാൻ തുടങ്ങി.അപ്പൊ നമ്മൾ എല്ലാം കരുതി പയ്യൻ നന്നായി എന്നു.

അങ്ങനെ അങ്ങു തറപ്പിച്ചു പറയാൻ വരട്ടെ. ഇന്നലത്തെ ബാംഗ്ലൂർ ടൈംസിലെ പയ്യന്റെ ഇന്റർവ്യൂ കണ്ടവരാരും അങ്ങനെ പറയില്ല. എന്താണു സംഭവം എന്നല്ലേ. പയ്യനു ബോളീവുഡിൽ അഭിനയിക്കണ്ട പക്ഷെ ഹോളീവുഡിൽ അഭിനയിക്കാം എന്നു. ഇങ്ങനെ പറയാൻ കാരണവും ഉണ്ടു. പയ്യന്റെ സ്വന്തം വാക്കുകളിൽ- "കഴിവുണ്ടെങ്കിൽ അതു ഉപയോഗിക്കുന്നതിൽ എന്താ തെറ്റ്‌". കുറ്റം പറയാൻ പറ്റില്ല. പറഞ്ഞതു ശെരിയല്ലെ. പയ്യന്റെ എളിമ പ്രശംസനീയം തന്നെ. ഗോപുവിന്റെ കൂട്ടുകാരൻ സിനിമ ഉണ്ടാക്കുന്നതു പഠിക്കാൻ ആസ്റ്റ്രേലിയയിൽ പോയിരിക്കുവാണു. തിരിച്ചു വന്നു ഒരു ഹോളീവുട്‌ പടം പിടിക്കുമ്പൊൾ നമ്മുടെ താരത്തിനെ നായകൻ ആക്കും എന്നാണു താരം പറയുന്നതു. ഇതിൽ എത്ര മാത്രം ശെരി ഉണ്ടെന്നു നമുക്കറിയില്ല. പണ്ടു ബോളീവുട്‌ സുന്ദരി പ്രീയങ്ക ചോപ്ര ഗോപുമൊനുമായി പ്രണയത്തിൽ ആണെന്നും സുന്ദരനായ ശ്രീയെ നായകനാക്കാൻ സിനിമാക്കാർ ക്യൂ നിൽക്കുവണെന്നുമുള്ള അഭ്യൂഹങ്ങൾ സ്വയം അടിച്ചിറക്കിയ മഹാന്റെ വാക്കുകൾ നമ്മൾ എങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കും. ഇനിയും ഉണ്ടു പയ്യന്റെ വിനയം കലർന്ന ടയലോഗുകൾ. സ്പൊർട്സ്‌ സൈക്കോളജിയിൽ ഡിഗ്രി ഉള്ള തനിക്കു ഒരു സ്പൊർട്സ്‌ അക്കാഡമി തുടങ്ങാൻ പ്ലാൻ ഉണ്ടെന്നു പയ്യൻ പറയുന്നു. ഇതു പറഞ്ഞതു തനിക്കു ഡിഗ്രി ഉള്ള കാര്യം ബാക്കി ഉള്ളവരെ അറിയിക്കാൻ ആണെന്നു നിങ്ങൾ തെറ്റിധരിക്കരുത്‌. പിന്നെയും ഉണ്ട്‌ പയലിന്റെ തേന്മൊഴികൾ. കൊച്ചിയേക്കാൾ ബാംഗ്ലൂർ ആണ്‌ തനിക്ക്‌ സ്വന്തം നാടായി തോന്നുന്നത്‌ എന്നും പറഞ്ഞു ഗോപു. ഇനി ഹോളീവുടിലൊക്കെ പോകുമ്പൊൾ അതും സ്വന്തം നാട്‌ ആക്കുമൊ എന്തൊ. എന്തായാലും ഗോപു അടുത്തൊന്നും നന്നാവുന്ന ലക്ഷണം ഇല്ല.

ലേറ്റെസ്റ്റ്‌ ന്യൂസ്‌-ഗോപു മോന്‌ ബഞ്ചീ ജംബിംഗ്‌ ഭയങ്കര ഇഷ്ടമാണു. 30,000 അടി പൊക്കത്തിൽ നിന്നു ഒരിക്കൽ ചാടി എന്നാണു പയ്യൻ അവകാശപ്പെടുന്നത്‌. ഇതു കേട്ടു ചില സംശയങ്ങൾ തോന്നിയ ഞാൻ ഇന്റർന്നെറ്റിൽ ഒരു ചെറിയ ഗവേശണം നടത്തി. അപ്പൊൾ അല്ലെ ഞെട്ടിക്കുന്ന ആ സത്യം ഞാൻ അറിഞ്ഞത്‌. എവെറെസ്ട്‌ കൊടുമുടിയുടെ ഉയരം വെരും 29,000 അടി. ബഞ്ചീ ജംബിങ്ങിലെ ലോക റെക്കോർട്‌ ആണെങ്കിൽ 1000 അടിയിൽ താഴെ. നമ്മ്മുടെ അഭിമാന താരം ചാടിയതോ 30,000 അടി. സമ്മതിച്ചൂ കൊടുത്തേ പറ്റൂ, ഈ അപാര കഴിവ്‌.
നിങ്ങളുടെ സ്വന്തം ഇതിഹാസൻ

Wednesday, June 25, 2008

പതിനൊന്നാം അവതാരം

ഇതു കദന കഥ അല്ല. ഇതു ഒരു കലിപ്പ്‌ കഥ അല്ല. പക്ഷെ ഇതു ഒരു കലിപ്പിന്റെ കഥ ആണ്‌. കൂടാതെ ഇതു ഒരു റിയൽ സ്റ്റോറിയും ആണ്‌. ഇതിലെ പ്രധാന കഥാപാത്രങ്ങൾ ഞാനും പിന്നെ പേര്‌ വെളിപ്പെടുത്തരുത്‌ എന്നു പ്രത്യേകം അഭ്യർത്തിച്ച എന്റെ ഒരു കൂട്ടുകാരനും ആണ്‌. അവൻ ഇത്രയും പറഞ്ഞ സ്ഥിതിക്കു ഞാൻ പേരു വെളിപ്പെടുത്തുന്നില്ല. ഒരു ക്ലൂ മാത്രം തരാം. കണ്ടുപിടിക്കാൻ കുറച്ചു പാടാണ്‌. എന്നാലും എല്ലാരും സുഹ്രുത്തിന്റെ പേര്‌ ഒന്നു കണ്ടുപിടിക്കാൻ ശ്രമിച്ചു നൊക്കുക. അവന്റെ പേരിന്റെ ആദ്യ ഭാഗം അരഞ്ഞാണതിലും രണ്ടാമത്തെ ഭാഗം ഗോവിന്ദയിലും ഉണ്ട്‌. ഇനിയും മനസ്സിലായില്ലെങ്കിൽ
[(അരഞ്ഞാണം-ഞ്ഞാണം=അര)+(ഗോവിന്ദ-ഗോ=വിന്ദ്‌)]=അരവിന്ദ്‌.
കണക്കിൽ മോശം ആയവർ അതു വായിച്ച്‌ എന്നെ നല്ലവണ്ണം തെറി പറഞ്ഞു കാണും.

എന്തായലും ഇനി സംഭവത്തിലെക്കു കടക്കാം.
സമയം-ശനിയാഴ്ച ഉച്ച തിരിഞ്ഞു 2 മണി.
സ്ഥലം-ബാങ്ക്ലൂർ മാറത്തഹള്ളി, ഇന്നൊവേറ്റീവ്‌ മൾട്ടിപ്ലക്സിനു സമീപം.

ഉലകനായകൻ കമൽ ഹാസന്റെ പുതിയ പടം 'ദശാവതാരം' കാണാൻ ഇറങ്ങിയതാണു ഞങ്ങൾ നാല്‌ അവതാരങ്ങളും കൂടി- ഞാനും, മെൽപറഞ്ഞ അരഞ്ഞാണതിലെ ഞാൺ കളഞ്ഞു പോയ അരവിന്ദും നിതിനും പിന്നെ മണ്ടൻ സോനൂപും. അവധി ദിവസങ്ങളിലെ തിരക്കു പേടിച്ചു നേരത്തെ ടിക്കറ്റ്‌ ഒക്കെ ബുക്ക്‌ ചെയ്തു സെറ്റപ്പ്‌ ആക്കിയിട്ടാണു ഞങ്ങളുടെ പോക്ക്‌. ഇവിടുതെ തീയറ്ററിൽ സിനിമ കാണണമെങ്ങിൽ കാണം വിൽക്കെണ്ടി വരും എന്നുള്ളതു ഒരു വസ്തുത ആണ്‌. കഴിഞ്ഞ വർഷം വരെ അഞ്ച്‌ രൂപ കൂടുതൽ കൊടുത്തു നാൽപ്പതു രൂപയ്ക്കു ബാൽകണിയിൽ ഇരുന്നു പടം കാണുന്നതു ഒരു ലക്ഷ്വറി ആയി കണ്ടിരുന്ന നാല്‌ അണക്കു വകയില്ലാതിരുന്ന പിച്ചക്കാരന്മാർ ഇന്നു മൾറ്റിപ്ലക്സിൽ ഇരുന്നൂറ്‌ രൂപ കൊടുത്താണു പടം കാണുന്നത്‌. ഇതു കേട്ടു നിങ്ങൾ തെറ്റിധരിക്കരുത്‌. ഞങ്ങളൊക്കെ ഇപ്പോഴും പിച്ചക്കാർ തന്നെ. കൊറച്ച്‌ മാന്യത കൂടിയ റ്റൈയൊക്കെ കെട്ടി നടക്കുന്ന സോഫ്റ്റ്‌വെയർ പിച്ചക്കാർ ആയി അപ്ഗ്രയ്ഡ്‌ ചെയ്തു എന്ന്‌ മാത്രം.

അങ്ങനെ ഞങ്ങൾ രണ്ട്‌ ബൈക്കുകളിലായി മൾട്ടിപ്ലക്സിനു അടുത്ത്‌ എത്താറായി. പെട്ടെന്ന്‌, ഞാനും അരവിന്ദും സഞ്ചരിച്ചിരുന്ന ബൈക്കിനു മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ചുവന്ന ആക്റ്റിവ ഇടത്തേക്കു തിരിച്ചു. ഞാൻ അതിൽ ഇടിക്കാതെ കഷ്ടിച്ചു കടന്നു പൊയി. സ്വാഭാവികമായും മനസ്സിൽ ആ തലതിരിഞ്ഞവന്റെ വീട്ടുകാരെ നാല്‌ ചീത്തയും പറഞ്ഞു ഞാൻ ബൈക്‌ ഓടിച്ചു പോയി. പിന്നിലിരുന്ന അരവിന്ദ്‌ "എവിടെ ചാവാൻ പൊണുവ്വ" എന്നു അർത്ഥം വരുന്ന എന്തൊ ഒരു ആങ്ങ്യം അങ്ങേരെ കൈ കൊണ്ടു കാണിച്ചു. അത്‌ അവൻ എന്റെ നേർക്കു കാണിക്കുന്നതായിരുന്നു ഉചിതം എന്നു ഞാൻ കൊറച്ച്‌ കഴിഞ്ഞപ്പൊൾ മനസ്സിലാക്കി. ആക്റ്റിവ ഓടിച്ചിരുന്ന ആൾക്കു അരവിന്ദിന്റെ കഥകളി അത്ര പിടിച്ച മട്ടില്ല. നല്ല സൈസ്‌ ഉള്ള രണ്ടെണ്ണം ആണ്‌ ആക്റ്റിവയിൽ. വണ്ടി ഓടിച്ചിരുന്ന അണ്ണനെ കണ്ടാൽ കന്നട പടത്തിലെ ഭയാനകന്മാരായ വില്ലന്മാരിൽ ഒരാൾ ആണെന്നെ പരയൂ. എതായാലും അണ്ണൻ ആക്റ്റിവയിൽ ഞങ്ങടെ പുറകെ വെച്ച്‌ പിടിക്കുന്നുണ്ട്‌. ഇടക്കു 'നിർത്തെട' എന്നു അർത്ഥം വരുന്ന പോലെ എന്തൊ അങ്ങേരു വിളിച്ചു കൂവുന്നുണ്ടായിരുന്നു. ഞാൻ അതു അത്ര സീരിയസ്‌ ആയി എടുത്തില്ല. അപ്പൊളെക്കും ഞങ്ങൾ മൾടിപ്ലക്സിന്റെ ഗേറ്റിൽ എത്തിയിരുന്നു. ഞാൻ പതുക്കെ വണ്ടി അകതെക്കു കയറ്റാൻ തിരിച്ചു. അപ്പൊൾ പെട്ടെന്നു പിന്നിൽ നിന്ന്‌ ഒരു ശബ്ദം-"പെട്ടെന്നു വിടട. കലിപ്പായി. അങ്ങേരു എന്റെ ഷർട്ടിൽ പിടിച്ചു".

ഞാൻ മൾടിപ്ലക്സ്‌ കോമ്പൗണ്ടിലെക്കു കത്തിച്ചു വിട്ടു.പുറകെ ആക്റ്റിവയിലെ രണ്ടു ജീവൻട്ടോൺ അണ്ണന്മാരും. മൾടിപ്ലക്സിന്റെ നേരെ മുന്നിൽ വെച്ചു ഞങ്ങൾ കെണിയിൽ അകപ്പെട്ടു. ദേ ഞങ്ങളുടെ നേർക്കു പാഞ്ഞു വരുന്നു വണ്ടി ഓടിച്ചിരുന്ന അണ്ണൻ. വന്നതും അരവിന്ദിന്റെ നേർക്കു കൈയ്യോങ്ങി അങ്ങേരു എന്തൊക്കെയൊ ദേഷ്യപ്പെട്ടു ചോദിക്കുന്നു. ധൈര്യം സിരകളിലൂടെ ഇരച്ചു കയറി വന്നതിനാൽ അവൻ ജീവനും കൊണ്ടു ഓടി. തടി കൊറച്ചു കൂടുതൽ ആയതിനാൽ അടിക്കാൻ വന്ന അണ്ണൻ കൂടെ ഓടാൻ ശ്രമിച്ചില്ല. അങ്ങേര്‌ കലിതുള്ളി തിരിഞ്ഞു നോക്കിയപ്പൊൾ ബൈക്കിൽ വായും പൊളിച്ചു ഇരിക്കുന്ന എന്നെ കണ്ടു. എന്റെ ബൈക്കിന്റെ താക്കൊലിലെക്കു അയാളുടെ കണ്ണുകൾ പൊകുന്നതു ഞാൻ കണ്ടു. ഇതു പോലെ പലപ്പൊഴും ട്രാഫിക്‌ പോലിസുകാരുടെ കണ്ണുകൾ പോകുന്നതു കണ്ടിട്ടുള്ള എനിക്കു കാര്യം മനസ്സിലായി. ഞാൻ പെട്ടെന്നു താക്കോൽ ഊരി കീശയിലാക്കി. അതു കണ്ട അങ്ങേരുടെ ദേഷ്യം ഇരട്ടി ആയി.

എന്നാലും ഞാൻ പിന്നീടു സംഭവിക്കാൻ പൊകുന്നതു എന്താണെന്നതിനെ കുറിച്ചു ഒരു ഊഹവും ഇല്ലാതെ നിൽക്കുകയായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു. അയാളുടെ ഒലക്ക പോലത്തെ കൈ പൊങ്ങുന്നതും എന്റെ ഹെൽമെറ്റിട്ട തലക്കു മുകളിൽ ഒരു പാറക്കല്ലു വീണതുപൊലെ എനിക്കു തോന്നിയതും ഒരുമിച്ചായിരുന്നു. ദശാവതരത്തിനു മുൻപു ഒരു പതിനൊന്നാം അവതാരതിന്റെ പിറവി ഞാൻ അപ്പൊൾ അവിടെ കണ്ടു-പാവം എന്നെ കൊല്ലാൻ റെടി ആയി നിക്കുന്ന ആ കന്നട കാലമ്മാടനെ. അവിടെ ഒരു വൻ ജനാവലി അടി നടക്കുന്നതും നോക്കി വെള്ളമിറക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പകച്ചു നിന്നപ്പൊൾ ആക്റ്റിവയിൽ ഇരുന്ന മറ്റേ ആൾ വന്നു പറഞ്ഞു എന്റെ പിന്നിലിരുന്നവൻ അവരെ എന്തൊ പറയാൻ കൊള്ളാത്ത തെറി വിളിച്ചു എന്നു. അതിൽ സത്യമുണ്ടോ എന്നു എനിക്കു സംശയം തോന്നി എങ്ങിലും തടി രക്ഷിക്കാൻ ഞാൻ ആ വൃത്തികെട്ട വാക്കു വീണ്ടും വീണ്ടും പറയാൻ തുടങ്ങി-സോറി സാർ, സോറി, അവനു വേണ്ടി ഞാൻ സോറി പറയുന്നു.(എല്ലാം പറഞ്ഞതു ഇങ്ക്ലീഷിലും അറിയാവുന്ന ഹിന്ദിയിലും). അപ്പൊ വീണ്ടും ദേ വരുന്നു നേരത്തെ കണ്ട അതെ സീൻ. കൈ പൊങ്ങുന്നു, തലയിൽ പാറ വീഴുന്നു. പക്ഷെ ഇത്തവണ പാറ വീണതു തലയുടെ പിന്നിൽ ആയിരുന്നു. വീണ്ടും കിട്ടി രണ്ടെണ്ണം കൂടി. എല്ലാം താങ്ങിയതു എന്റെ പാവം ഹെൽമെറ്റ്‌. അപ്പൊഴെക്കും എന്റെ ബാക്കി ഉള്ള രണ്ടു കൂട്ടുകാരായ നിതിനും സോനൂപും അയാളെ പിടിച്ചു മാറ്റാൻ ശ്രമം തുടങ്ങിയിരുന്നു. അവന്മാരുടെ കൈ കൊണ്ടു അയാളുടെ കൈയ്യിൽ പിടിച്ചപ്പോൾ ഒരു രണ്ടു വയസ്സുകാരൻ ആനയുടെ കാലിൽ പിടിച്ച അതെ എഫെക്റ്റ്‌. പേടിച്ചോടിയ അരവിന്ദ്‌ ആക്ചുവലി സെക്യൂരിറ്റിയെ വിളിക്കാൻ പോയതായിരുന്നു. പേടിതൊണ്ടനായ സെക്യൂരിറ്റി അങ്ങൊട്ടു തിരിഞ്ഞു നൊക്കിയില്ല. കാര്യം ഉണ്ട്‌. എന്നെ അടിച്ചു കൊണ്ടിരുന്ന അണ്ണൻ അവിടുത്തെ ലോക്കൽ ഗുണ്ടയെങ്ങാണ്ടു ആണ്‌. അയാൾ ഉടനെ ഫോൺ എടുത്ത്‌ "ലട്ക്കൊംകൊ ഭേജ്‌ ദോ, മൾടിപ്ലക്സ്‌ മൈൻ"(പച്ച മലയാളതിൽ പറഞ്ഞാൽ പയ്യന്മാരെ വിടൂ, മൾടിപ്ലക്സിലെക്കു) എന്നൊക്കെ ആക്ക്രോഷിക്കുന്നതു കെട്ടു. പൊതുവെ ധീരനായ എനിക്കു ഇതു കേട്ടപ്പൊൽ ആ ധീരത ഇരട്ടി ആയതായി തോന്നി.

അരവിന്ദ്‌ പേടിചു പേടിചു പയ്യെ പയ്യെ നടന്നു വരുന്നുണ്ട്‌. അരവിന്ദിനെ കണ്ടപ്പൊൾ ശമിചു തുടങ്ങിയിരുന്ന അയാളുടെ ദേഷ്യം ആളി കത്തി. അവന്റെ നേർക്കു അയാൾ ഓടി അടുത്തു. അവൻ വീണ്ടും ഓടി, ഇപ്രാവശ്യം പേടിച്ചു ജീവനും കൊണ്ടു തന്നെ ഓടിയതു. അവൻ രക്ഷപ്പെട്ട ദേഷ്യം തീർക്കാൻ അയാൾ വീണ്ടും ചാടി വന്നു തന്നു എന്റെ തലക്കിട്ടു ഒരു വൻ അടിയും കൂടെ. പെട്ടെന്നു എന്റെ ഉള്ളിൽ നരസിംഹത്തിലെ ഇന്ദുചൂടനെ പോലെ ഒരു കലിപ്പ്‌ ഹീറോ ഉണർന്നു. പക്ഷെ അതെ സമയം തന്നെ എന്റെ മനസ്സു പറഞ്ഞു ഇവിടെ ഹീറോ ആകാൻ പോയാൽ പിന്നെ നീ കൈയ്യും കാലും കൊണ്ട്‌ പുറത്തു പൊകില്ല എന്ന്‌. അങ്ങനെ ചൂടായി വന്ന ഇന്ദുചൂടനെ ഞാൻ പതുക്കെ അങ്ങു തണുപ്പിചു. ജീവൻ രക്ഷിക്കാൻ വേണ്ടി ഞാൻ ഒരിക്കൽ സിനിമയിൽ അഭിനയിക്കുംബൊൾ ഓസ്കാർ കിട്ടാനായി മാറ്റി വെച്ചിരുന്ന അഭിനയ പാടവം പുറത്തെടുതു. ചുരുക്കി പറഞ്ഞാൽ ജഗതി ശ്രീകുമാർ ഉദയനാണു താരത്തിൽ കാണിച്ച നവരസങ്ങളിലെ ദയനീയത ഉളവാക്കുന്ന ഒരു ഭാവം പരമാവധി മുഖത്തു വരുത്തി കേണപേക്ഷിക്കുന്ന മുഖവുമായി ഞാൻ നിന്നു. അപ്പൊൾ വില്ലന്റെ കൂടെ ഉണ്ടായിരുന്ന ആൾ വന്നു പറഞ്ഞു നിങ്ങളുടെ കൂട്ടുകാരൻ കാണിച്ചതു മോശമായി പോയി എന്നു. ഞാൻ വീണ്ടും അവനു വേണ്ടി സോറി പറഞ്ഞിട്ടു കൂടെ ചേർത്തു-"ഹീ ഈസ്‌ ആൻ ഇടിയറ്റ്‌. വാറ്റ്‌ കാൻ ഐ ടൂ. ഹീ ഹാപ്പെൻസ്‌ റ്റു ബീ മൈ ഫ്രെണ്ട്‌". ഇതു ദൂരെ നിന്നു കെൾക്കുന്നുണ്ടായിരുന്ന അരവിന്ദ്‌ എന്നെ നോക്കി പല്ലു ഞെരിക്കുന്നുണ്ടായിരുന്നു.

എന്നെ അടിച്ച മാടൻ തിരിഞ്ഞു മൾടിപ്ലക്സിലെക്കു നടക്കാൻ തുടങ്ങി.പോകുന്ന വഴിക്കു അയാളെ അറിയാതെ തട്ടിയിട്ടു കടന്നു പോയ ഒരു മനുഷ്യനോടും അങ്ങെര്‌ തട്ടിക്കയറുന്നതു കണ്ടു. റ്റിക്കറ്റ്‌ കൗണ്ടറിൽ പൊയി ഞങ്ങളെ ചൂണ്ടി അയാൾ എന്തൊക്കെയൊ പറഞ്ഞു. അയാൾ തിരിഞ്ഞു നിന്ന സമയം കൊണ്ടു ഞാൻ ബൈക്ക്‌ എടുത്തു മൾടിപ്ലക്സിനു പിന്നിലേക്ക്‌ ഓടി, കൂടെ എന്റെ കൂട്ടുകാരും. അവിടെ ഒരു സ്ഥലതു ബൈക്ക്‌ ഒളിപ്പിച്ച ശേഷം ഞങ്ങൽ പിന്ന് വാതിലിലൂടെ ഉള്ളിൽ കടന്നു. ദശാവതാരം കാണിക്കുന്ന തീയറ്ററിനുള്ളിൽ കടന്നു ഞങ്ങളുടെ സീറ്റിൽ ഓടി പോയിരുന്നു. പിന്നീടുള്ള മൂന്നു മണിക്കൂർ ഞങ്ങൾ ഒരൊരുതരും ഇടക്കിടക്കു വാതിലിലെക്കു കണ്ണും നട്ടു ഇരിക്കുവായിരുന്നു-നമ്മുടെ വില്ലൻ, പയ്യന്മാരെയും കൂട്ടി അടിക്കാൻ വരുന്നുണ്ടൊ എന്നു നോക്കാൻ. പടം കണ്ടുകൊണ്ടിരിക്കുംബൊലും എന്റെ മനസ്സിൽ പല സിനിമകളിലും കണ്ടിട്ടുള്ള ഒരു സീൻ ഇടക്കിടെ വന്നുകൊണ്ടിരുന്നു. തീയറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കുംബൊൾ വില്ലന്മാർ വന്നു നായകനെ പൊക്കി എടുത്തുകൊണ്ടു പോയി ഇടിച്ചു റെടി ആക്കുന്ന സീൻ. പുറത്തിറങ്ങുംബൊൾ എന്റെ ബൈക്ക്‌ കത്തി ചാംബൽ ആയിരിക്കുമൊ എന്ന ഒരു പേടിയും ഉള്ളിൽ ഉണ്ടായിരുന്നു. ഈ പേടിയെല്ലാം കാരണം ഇന്റർവെൽ സമയത്തു ധൈര്യശാലികൾ ആയ ഞങ്ങൽ നാല്‌ പേരും പുറത്തു ഇറങ്ങിയില്ല. സീറ്റിൽ തന്നെ തലയും കുംബിട്ടു ഇരുന്നു.

പടം കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പൊൾ കൂടെ വന്ന രണ്ടെന്നത്തിനെ പരിസര നിരീക്ഷണത്തിനായി ഞങ്ങൾ ആദ്യമേ വിട്ടു. അവർ ഗേറ്റിനു പുറത്തു ഞങ്ങൾക്കായി കാത്തു നിന്നു. ഞങ്ങൾ ബൈക്കും എടുത്തു വരുന്നതും കാത്തു രണ്ടു മിനിറ്റ്‌ അവന്മാർ അവിടെ നിന്നു. ഞങ്ങളെ കാണാതെ ഭയപ്പെട്ട അവന്മാർ ഫോൺ ചെയ്യുംബോളെക്കും ഞങ്ങൾ തീയറ്ററും കടന്നു രണ്ടു കിലോമീറ്റർ അപ്പുറത്തു എത്തിയിരുന്നു. പേടി കൊണ്ടല്ല ഞാൻ ബൈക്ക്‌ 100ഇൽ ഓടിച്ചതു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ.

അപ്പൊൾ ഇതാണു പടം കാണൻ പോയ എന്റെ തല അടി കൊണ്ടു പടമായ കഥ. ഇതു കഴിഞ്ഞു എവിടെയെങ്ങിലും ഒരു ചുവന്ന ആക്റ്റിവ കണ്ടാൽ ഞാൻ ഞെട്ടും. അതു ഓടിക്കുന്നതു ആ കാലമ്മാടൻ ആണോ എന്നു നോക്കും. ഇനി മുതൽ അരവിന്ദിനെ ബൈക്കിനു പിന്നിൽ കയറ്റാൻ കൂട്ടുകാർ മടിക്കും. ഇനി അതവാ ആരെങ്ങിലും കയറ്റിയാലും അവൻ ഒന്നും മിണ്ടാതെ ഇരുന്നൊളും.

വാൽക്കഷ്ണം-ഇത്രയും നാൾ ഞാൻ എറ്റവും കൂടുതൽ വെറുത്തിരുന്ന വസ്തുക്കളിൽ ഒന്നായിരുന്നു എന്റെ ഹെൽമെറ്റ്‌. ഇന്നു മുതൽ അതു എന്റെ എറ്റവും പ്രീയപ്പെട്ടതു ആയി മാറിയിരിക്കുന്നു. ഇന്നു എന്റെ കൂടെ താമസിക്കുന്ന പ്രവീൺ അതു എടുത്തു നൊക്കിയിട്ടു അതിൽ എഴുതിയിരിക്കുന്ന പേരു വായിച്ചു-സേവിയർ(ഇംഗ്ലീഷിൽ സേവിയർ എന്നു പറഞ്ഞാൽ രക്ഷകൻ). സത്യത്തിൽ, ആ ഉരുണ്ട ഗോളം എന്റെ രക്ഷകൻ തന്നെ. ഇനിയും ചവിട്ടും ഇടിയും ഏറ്റു വാങ്ങാനായി എന്റെ തല സുരക്ഷിതമായി ബാക്കി വെച്ച എന്റെ പ്രീയ ഹെൽമെറ്റെ, നിനക്കു ഒരായിരം നന്നി. ഈ ബ്ലോഗ്‌ ഞാൻ നിനക്കു സമർപ്പിക്കുന്നു. കൂടതെ പബ്ലിക്‌ ആയി തല്ലു കൊള്ളുംബൊൾ ഉള്ള ആ എക്സ്പീരിയൻസ്‌ എങ്ങനെ ഇരിക്കും എന്നു മനസ്സിലാക്കൻ എന്നെ സഹായിച്ച അരവിന്ദിനും നന്ദി. നീ സഹായിച്ചിടത്തോളം മതി. ഇനി മേലിൽ എന്റെ ബൈക്കിൽ കേറി പോവരുതു.
എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസന്‍

മാന്യനായ മലയാളി

മലയാളി എന്നും മലയാളി തന്നെ. എവിടെ പോയാലും അവൻ അവന്റെ തനതായ അലംബ്‌ സ്വഭാവം മറക്കില്ല. കൂവേണ്ടിടത്ത്‌ കൂവാനും ചീത്ത വിളിക്കേണ്ടിടത്ത്‌ ചീത്ത വിളിക്കാനും എല്ലാം കഴിഞ്ഞു അടി കൊള്ളാറാവുമ്പൊൾ കട്ടക്കു മുങ്ങാനും മലയാളി കഴിഞ്ഞേ ആരും ഉളൂ. പക്ഷെ അവന്റെ ഉള്ള്‌ കപടം അല്ല. എന്നാൽ ചിലർ ഉണ്ട്‌. കേരളം വിട്ടു കഴിഞ്ഞാൽ അവർ 'മാന്യത'യുടെ മുഖംമൂടി അണിയും. ശബ്ദം പുറത്തു കേൾക്കാതെ ചിരിക്കാനും പല്ലു പുറത്തു കാണിക്കാതെ ഇളിക്കാനും ഇക്കൂട്ടർ പരിശീലനം നേടുന്നു. മറ്റുള്ളവർ എന്തു കരുതും എന്നുള്ള ചിന്ത അവനെ അലട്ടുന്നു.

ഞാൻ എന്തു കൊണ്ടാണു ഇങ്ങനെയൊക്കെ എഴുതുന്നതു എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. കാരണം ഉണ്ടു. കഴിഞ്ഞ ആഴ്ച ഞാൻ ഇവിടെ ബാംഗ്ലൂരിൽ ഒരു സിനിമക്കു പോയി. എടുത്ത്‌ പറയണ്ടല്ലൊ, പടം മലയാളം തന്നെ ആയിരുന്നു. മൾടിപ്ലെക്സ്‌ നിറച്ചും മലയാളികളും. പടം തുടങ്ങി. ആദ്യം കുറെ തമാശകളൊക്കെ ഉണ്ടായിരുന്നു. പക്ഷെ അൽഭുതം എന്നു പറയട്ടെ, എന്റെയും എന്റെ കൂട്ടുകാരുടെയും അല്ലാതെ ആരുടെയും ശബ്ദം അവിടെ കേൾക്കാൻ ഉണ്ടായിരുന്നില്ല. എല്ലാവരും ഭയങ്ഗര സീരിയസ്‌ ആയി ഇരിക്കുന്നു. ഇവരെയൊക്കെ സമ്മതിച്ചു കൊടുക്കണം. ദേഷ്യം വന്നാൽ ചിരിച്ചു കാണിക്കാം, പക്ഷെ ചിരി വന്നാൽ മുഖത്തെ മസിൽ വലിച്ചു മുറുക്കി ഗാംഭീര്യത അഭിനയിക്കൻ ചെറിയ കഴിവൊന്നും പോര. ഇവരൊക്കെ ആണു മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ.

അടി കുറിപ്പു- ഇതു മലയാളത്തിലെ എന്റെ ആദ്യത്തെ ബ്ലോഗ്‌. വരമൊഴി എന്ന അടിപൊളി സോഫ്റ്റ്‌വെയർ തന്നു സഹായിച്ച ടിക്ക്സൺ അബ്രഹാമിനും ശ്രീരാമിനും ഞാൻ നന്ദി പറഞ്ഞു കൊള്ളുന്നു.

എന്നു സ്നേഹപൂർവ്വം നിങ്ങളുടെ ഇതിഹാസന്‍

If u can't see proper malayalam, download and install the anjali font from here-
http://varamozhi.wikia.com/wiki/Varamozhi
Click here for Malayalam Fonts