Friday, November 27, 2009

ശാന്തകുമാരൻ ശ്രീശാന്ത്‌

ഇന്ത്യൻ ക്രിക്കറ്റിലെ തല്ലുകൊള്ളി ശ്രീശാന്ത്‌ പുതിയ ഒരു അവതാരമായി തിരിച്ച്‌ വന്നിരിക്കുകയാണ്‌. ശാന്തകുമാരൻ എന്നത്‌ ഇത്രയും കാലം ശ്രീശാന്തിന്‌ തന്റെ പേരിലെ ഒരു അധിക പെറ്റായിരുന്നു. 'ഉദയനാണ്‌ താരത്തിലെ' ശ്രീനിവാസൻ പറയുന്നത്‌ പോലെ, 'കണ്ട്രികളായ എന്റെ അച്ചനും അമ്മയും ഇട്ട പേരാണ്‌ ഇത്‌' എന്നായിരുന്നു ശ്രീശാന്തിന്റെ വാദം. അത്‌ തെളിയിക്കാനായാണ്‌ അശാന്തിയുടെ മാർഗത്തിലേക്ക്‌ ശ്രീകുട്ടൻ തിരിഞ്ഞത്‌. കേരളത്തിലെ മൈതാനങ്ങളിൽ കുട്ടിയും കോലും കളിച്‌ വളർന്ന ഗോപുമോൻ കുട്ടിക്കാലത്തെ ഒരു അഹങ്കാരി ആയിരുന്നു. ക്ലാസ്സിൽ അടുത്തിരിക്കുന പയ്യന്റെ പെൻസിൽ ബോക്സിൽ പല്ലിയെ പിടിച്ചിട്ടപ്പൊ കിട്ടി ആദ്യത്തെ അടി. പിന്നങ്ങോട്ട്‌ ശ്രീക്ക്‌ തിരിഞ്ഞ്‌ നോക്കെണ്ടി വന്നിട്ടില്ല. വേറൊന്നുമല്ല. എപ്പോളും ആരെങ്കിലും തല്ലാൻ പുറകെ കാണും. തിരിഞ്ഞ്‌ നോക്കിയാൽ പോയില്ലേ!!!

നേഴ്സറിയിൽ പഠിക്കുംബോളേ ശ്രീശാന്ത്‌ തന്റെ കോഴിത്തരം പുറത്ത്‌ കാണിച്ചിരുന്നു. പെൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിലെ ഇരിക്കൂ, പെൺകുട്ടികളുടെ കൂടയെ കളിക്കൂ, പെൺകുട്ടികളുടെ....ആ ഇവിടെ നിർത്താം. ക്ലാസ്സിലെ എല്ലാ പെൺകുട്ടികളെയും പ്രപ്പോസ്സ്‌ ചെയ്ത വീരൻ ആണ്‌ നമ്മുടെ ഗോപുമോൻ. എല്ലാരും ഒരു പോലെ 'റിജക്റ്റ്‌' ചെയ്തു എന്നതു മറ്റൊരു സത്യം. പക്ഷെ ശ്രീ തളർന്നില്ല. ഇപ്പോളും എതു പെൺകുട്ടിയെ കണ്ടാലും ശ്രീ പ്രപ്പോസ്സ്‌ ചെയ്യും. ചിലപ്പൊ അടിയും മേടിക്കും. പിന്നെ വലിയ സ്റ്റാർ ആയപ്പൊ പ്രപ്പോസ്സലിന്റെ സ്റ്റൈൽ ഒന്ന്‌ മാറ്റി. ആരെയെങ്കിലും കണ്ട്‌ ഇഷ്ടപ്പെട്ടാൽ അവരെയും തന്നെയും ചേർത്ത്‌ ഒരു കഥ ഏതെങ്കിലും പത്രത്തിന്‌ സ്വയം 'ലീക്ക്‌' ചെയ്ത്‌ കൊടുക്കും. ഇങ്ങനെ ശ്രീശന്തിന്റെ കാമുകി ആകെണ്ടി വന്ന ഹതഭാഗ്യരിൽ പ്രീയങ്ക ചോപ്ര മുതൽ ലക്ഷ്മി റായ്‌ വരെ ഉണ്ട്‌. ഇവരെല്ലാം ഏതായാലും പെട്ടെന്ന്‌ ഇതിൽ നിന്ന്‌ തലയൂരി.

കളിക്കളത്തിൽ പുലിയെ പോലെ ഗർജിച്ച്‌ കൊണ്ടാണ്‌ ഗോപുമോൻ ചാടി വീണത്‌. വഴിയെ പോകുന്നവനെ ചൊറിഞ്ഞ്‌ അടി മേടിക്കുക എന്ന ഒരു രീതി ആയിരുന്നു ശാന്തന്റേത്‌. തന്നെക്കാൾ 3 ഇരട്ടി ഉള്ള സൈമണ്ട്സിനേയും ഹെയ്ടനേയും ഒക്കെ ചൊറിയാൻ നോക്കി. മാറി നിക്കെട പീറ ചെറുക്ക എന്നു പറഞ്ഞ്‌ അവരു അവരുടെ വഴിക്ക്‌ പോയി. കുഴിയാന ഇടഞ്ഞാൽ ആരെങ്കിലും പേടിച്ചോടുമോ. പക്ഷെ എന്നും രാവിലെ 1 മണിക്കൂർ കണ്ണാടിയിൽ നോക്കി നിക്കുന്ന ഈ കുഴിയാന കണ്ണാടിയിൽ കണ്ടത്‌ ഒരു കൊലകൊമ്പനേയാണ്‌. അത്‌ കണ്ണാടിയല്ല ഒരു ആനയുടെ പോസ്റ്റർ ആണ്‌ എന്ന്‌ മനസ്സിലാക്കൻ ഉള്ള ബുദ്ധി പാവത്തിന്‌ ദൈവം കൊടുത്തില്ല. അവസാനം കിട്ടി, സ്വന്തം കളികൂട്ടുകാരന്റെ കയ്യിൽ നിന്നും. കരഞ്ഞ്‌ കണ്ണു കലങ്ങിയ ഒരു പൂച്ചകുട്ടിയെ പോലെ നമ്മുടെ പുലിക്കുട്ടൻ നിന്നു. അന്നു മുതൽ തുടങ്ങി ഗോപുമൊന്റെ പഥനം. ടീമിന്‌ പുറത്തെക്കുള്ള വാതിൽ മലർക്കെ തുറന്നു അവനു മുൻപിൽ. ഒന്ന്‌ എത്തി നോക്കാൻ പുറത്തെക്ക്‌ ഇറങ്ങിയതും അത്‌ എന്നെന്നെക്കുമായി അടഞ്ഞു.

പക്ഷെ, അതോടെ അവന്റെ അഹങ്കാരം തീരും എന്ന്‌ കരുത്തിയവർക്കു തെറ്റി. പൂർവ്വാധികം ശക്തിയോടെ ശാന്തൻ തന്റെ അഹങ്കാരം കാഴ്ച വെച്ചു. കേരള ടീമിന്റെ പ്രാക്റ്റീസിന്‌ തോന്നുംബോൾ കയറി വന്ന്‌ താൻ ഒരു കിടിലം ആണെന്ന്‌ തെളിയിക്കാനയി പിന്നെയുള്ള ശ്രമം. ഒരു ദിവസം പ്രാക്റ്റീസിന്‌ കാണാതെ കോച്ച്‌ ശ്രീയുടെ വീട്ടിൽ വിളിച്ചു. ശ്രീ ഹോസ്പിറ്റലിൽ പോയി എന്നാണ്‌ വീട്ടുകാർ പറഞ്ഞത്‌. അന്ന്‌ വൈകിട്ട്‌ ഏഷ്യനെറ്റ്‌ ന്യൂസ്‌ കണ്ട കോച്ച്‌ ഞെട്ടി. ഏതൊ വിമൻസ്‌ കോളേജിൽ ആയിരക്കണക്കിന്‌ പെൺകുട്ടികളുടെ ഇടയിൽ കിടന്ന്‌ ടാൻസ്‌ കളിക്കുകയും മോട ഇറക്കുകയും ചെയ്യുന്ന ഗോപുമോനെയാണ്‌ കോച്ച്‌ കണ്ടത്‌. നേഴ്സറിയിൽ തുടങ്ങിയ കോഴിത്തരത്തിന്‌ ഒട്ടും കുറവ്‌ വന്നിട്ടില്ല എന്ന്‌ ശ്രീ വീണ്ടും തെളിയിച്ചു.

ഇതൊക്കെ പഴയ ശ്രീയുടെ കഥ. ഇന്നലെ നമ്മൾ കണ്ടത്‌ ഒരു പുതിയ ശ്രീശാന്തിനെയാണ്‌. ശെരിക്കും ഒരു ശാന്തകുമാരൻ. തന്റെ ബൗളിങ്ങിൽ എല്ല ശ്രദ്ധയും കേന്ദ്രീകരിച്ച്‌ ശ്രീ ആദ്യമയി കളിച്ചു. അതിന്റെ ഫലവും കണ്ടു. വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയ ശ്രീ പക്ഷെ എല്ലാരെയും അതിശയ്പ്പിച്ചതു തന്റെ സ്വഭാവ മഹിമ കൊണ്ടാണ്‌. വിക്കറ്റ്‌ എടുത്തതിന്‌ ശേഷം ശ്രീ തനി മലയാളി സ്റ്റയ്‌ലിൽ ഒരു കൂപ്പു കൈ. എല്ലാ വിക്കറ്റിനും ഉണ്ടായിരുന്നു ഇത്‌. പണ്ടത്തെ പോലെ വിക്കറ്റ്‌ എടുത്തതിന്‌ ശേഷം ഉള്ള ആദിവാസി നിർത്തവും കാടന്മാരെ പോലെ ഉള്ള മുഖഭവങ്ങളും ഇന്നലെ ഇല്ലായിരുന്നു. എന്തായാലും പയ്യൻ തൽക്കാലം നന്നായി എന്നാണ്‌ തോന്നുന്നത്‌. ഇങ്ങനെ തന്നെ അങ്ങു പോയാൽ മതിയായിരുന്നു. ഇനി ഇപ്പൊ വീട്ടിൽ ചെന്ന്‌ കണ്ണാടിയിൽ നോക്കി, 'ഹൊ എന്റെ ഒരു കാര്യം..6 വിക്കറ്റല്ലേ ഞാൻ എടുത്തത്‌...ഞാൻ പുലി തന്നെ' എന്നൊക്കെ പഴയതു പോലെ പറയുമോ എന്തൊ. ഇല്ല എന്നു പ്രതീക്ഷിക്കാം. കഴിവുള്ള ശ്രീ അഹങ്കാരതിന്റെ മത്ത്‌ പിടിച്ച്‌ നശിക്കത്തെ ഇരിക്കട്ടെ എന്ന്‌ ൻഅമുക്ക്‌ പ്രാർഥിക്കാം.

Sunday, September 6, 2009

കുളിമുറിയിലെ കലാകാരന്മാർ


Varamozhi Editor: Text Exported for Print or Save
ലോകത്തിലെ ഏറ്റവും വല്യ കലാകാരൻ ആരെന്നു ചോദിച്ചാൽ ഞാൻ പിക്കാസ്സോയുടേയോ രവി വർമയുടെയോ മൈക്കിളാഞ്ജെലോയുടെയോ പേരു പറയില്ല. കാരണം ഇവരൊക്കെ അവരുടെ സൃഷ്ടികൾക്കായി മാസങ്ങളോളമോ വർഷങ്ങളോളമോ വീട്ടിനകത്ത്‌ അടയിരുന്നിട്ടുണ്ടാവണം. കൂടിയ കാന്വാസും ചായങ്ങളും ഉപയോഗിച്ച്‌ തങ്ങളുടെ ജീവിതത്തിന്റെ നലൊരു ഭാഗവും ഈ കലക്കു വേണ്ടി മാറ്റി വെച്ചവർ ആണ്‌ ഈ മഹാന്മാർ. എന്നാൽ മറ്റ്‌ ചില കലാകരന്മാരുണ്ട്‌, ചുരുങ്ങിയ സമയത്തിൽ ഏത്‌ പ്രതലത്തിലും എന്തു കുന്തം വെച്ചും കലയെ സൃഷ്ടിക്കുന്നവർ. ഇത്തരക്കാർ കൂടുതലും തങ്ങളുടെ കഴിവ്‌ തെളിയിക്കുന്നത്‌ പബ്ലിക്‌ ടോയ്‌ലട്ടുകളിലും ട്രെയിനിലെ ടോയ്‌ലറ്റുകളിലും ആണ്‌. കുളിമുറിയിൽ പാടുന്നവരെ ബാത്രൂം സിങ്ങേർസ്‌ എന്ന്‌ വിളിക്കുന്നത്‌ പോലെ ഈ മഹാന്മാരെ നമുക്ക്‌ ബാത്‌റൂം ആർട്ടിസ്റ്റ്സ്‌ എന്ന്‌ വിളിക്കാം. ഇത്രയ്ം അരോചകമായ ഒരു സ്ഥലത്ത്‌ ചെന്നാൽ എങ്ങനെയും കാര്യം സാധിച്ച്‌ രക്ഷപ്പെടാന്നെ നമ്മൾ നോക്കു. എന്നാൽ ഇവിടെ ഇരുന്ന്‌ ചിന്തിച്ച്‌ മഹത്തായ വരികളും ചിത്രങ്ങളും കുറിച്ചിടുന്ന ഇവരെ നമിക്കാതെ വയ്യ. ഇപ്പോൾ ഏത്‌ പബ്ലിക്‌ ടോയ്‌ലറ്റിൽ പോയാലും അവിടെ ഉള്ള എല്ലാ സൃഷ്ടികളും വായ്ക്കുക അല്ലെങ്കിൽ നിരീക്ഷിക്കുക എന്നത്‌ എന്റെ ഒരു ഹോബി ആണ്‌. ബോറിംഗ്‌ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുംബോൾ സന്തോഷിക്കാൻ എന്തെങ്കിലും വക വേണ്ടെ.

ഒരു പബ്ലിക്‌ ടോയ്‌ലറ്റിൽ മാക്സിമം കിട്ടുന്ന 5 മിനുട്ടിൽ ലോകോത്തര കലാസൃഷ്ട്ടികൾ ഉണ്ടാക്കുന്ന മഹാന്മാരുടെ എണ്ണം കൂടി കൂടി വരികയാണ്‌. എന്തെങ്ങിലും സംശയം ഉണ്ടെങ്ങിൽ നിങ്ങൾ ഒന്ന്‌ പോയി നോക്കു. ട്രെയിനിലായാലും പൊതു സ്ഥലത്തായാലും ബാത്‌റൂമിന്റെ ഭിത്തികൾ ഇന്ന്‌ കലാപരമായി അലങ്ക്ര്തം ആണ്‌. എം. എഫ്‌. ഹുസൈനെ പോലും തൊൽപ്പിക്കുന്ന അശൢ‍ീല കല മുതൽ രവി വർമയോട്‌ കിടപിടിക്കുന്ന കലാപരമായ സ്ത്രീ രൂപങ്ങളും ഇന്നു ബാത്‌റൂമുകളിൽ സുലഭം. ചിലർ കുളിമുറി കാണുംബോൾ 'ഫിലോസഫിക്കൽ' ആവും. പിന്നെ, എന്തെങ്ങിലും ഒരു വരി കവിതയോ ലോകത്തെ മാറ്റി മറിക്കാൻ പോന്ന സത്യങ്ങളൊ ആ ഭിത്തികളിൽ കുറിച്ചിടുക പതിവാണ്‌. ഈ ഇടെ ഞാൻ പോയ ഒരു ട്രെയിനിലെ ടോയ്‌ലട്ടിൽ ക്ലോസെറ്റിന്‌ നേരെ മുകളിൽ എഴുതി വെച്ചിരുന്നത്‌ ഇതാണ്‌ - "ഇന്ദ്യയുടെ ഭാവി ഇപ്പോൾ നിങ്ങളുടെ കയ്യിൽ." ഇത്‌ കണ്ട്‌ ഞെട്ടിയ ഞാൻ ആരോ തോക്കു ചൂണ്ടി മുന്നിൽ നിൽക്കുന്നത്‌ പോലെ അറിയാതെ കൈ രണ്ടും മേൽപോട്ട്‌ ഉയർത്തി പോയി. വേറൊന്നും കൊണ്ടല്ല, ഇന്ദ്യയുടെ ഭാവി ഓർത്തിട്ടാ.

ഈ കലാകാരന്മാരുടെ കൂട്ടത്തിൽ ചില മണ്ടന്മാരും ഉണ്ട്‌. തങ്ങളുടെ പ്രാണസഖികൾക്കു വേണ്ടിയുള്ള പഞ്ചാര വഴിഞ്ഞ്‌ ഒഴുകുന്ന 'മെസ്സേജുകൾ' എഴുതി ഇടുന്നവരാണ്‌ ഇവർ. ചില ഉദാഹരണങ്ങൾ-
'എന്റെ തങ്കമേ'
'ഐ ലവ്‌ യൂ കമലാക്ഷി'
'യൂ ആർ മൈ ഫയർ, ബട്ട്‌ ഹിയർ ഐ ആം സ്മെല്ലിംഗ്‌ ഒൻളി ബാട്‌ എയർ'

ജെന്റ്സ്‌ ബാത്‌റൂമിൽ കയറി ഇവരുടെ പ്രാണസഖികൾ ഇതു വായ്ക്കും എന്നു വല്ലതും ഈ മണ്ടന്മാർ മനസ്സിൽ കരുതി കാണുമോ എന്തൊ. അല്ലെങ്കിൽ തന്നെ എതു കമലാക്ഷി ആണു് ഇതു വായ്ക്കാൻ പോകുന്നത്‌ എന്ന്‌ ദൈവത്തിനറിയാം.

ഈ 4 * 4 ഇഞ്ച്‌ മുറിയിൽ അപരിചിതർ തമ്മിൽ ഉള്ള സംഭാഷണങ്ങളും കാണാം. ഒരാൾ എഴുതി ഇടുന്ന വാക്കുകൾക്ക്‌ ഉത്തരം എന്ന പോലെ മറ്റാരെങ്കിലും തൊട്ടു താഴെ എഴുതി ഇടുന്ന വാക്കുകൾ ചിലപ്പോൾ നമ്മെ കുടു കുടെ ചിരിപ്പിക്കാറുണ്ട്‌. ആലപ്പുഴയിലെ ഒരു ടോയ്‌ലറ്റിൽ കണ്ടതാണ്‌ ഇത്‌. ആരോ ഒരാൾ ജീവിതത്തിന്റെ നശ്വരതയെ കുറിച്ചും ലോകത്തിന്റെ അനന്തത്തയെ കുറിച്ചും നീട്ടി വലിച്ച്‌ ഒരു 'എസ്സേ' തന്നെ എഴുതിയിരിക്കുന്നു. അതിന്റെ നേരെ അടിയിൽ വേറൊരുത്തൻ- "ഇരുന്ന്‌ പിച്ചും പേയും പറയാതെ പെട്ടെന്ന്‌ കാര്യം സാധിച്ച്‌ വീട്ടിൽ പോടാ." മറ്റൊരാൾ ഇംഗിളെഷിൽ "വേണ്‌ യു ഹാവ്‌ ദി ഗണ്‌, ഷൂട്ട്‌, ടൊണ്ട്‌ സ്പീക്ക്‌." പഴയ ഒരു പടത്തിൽ നിന്ന്‌ ബുദ്ധിശാലിയായ ആരോ എടുത്ത്‌ ഉപയോഗിച്ചതാണ്‌ ഈ ടയലോഗ്‌. എഴുതിയതിലെ അക്ഷരതെറ്റുകൾ കണ്ടുപിടിച്ച്‌ മാർക്കും ഗ്രേടും ഇടുന്ന വിദ്വാന്മാരും ഉണ്ട്‌. ടോയ്‌ലറ്റ്‌ സീലിങ്ങിലും കരവിരുത്‌ തെളിയിച്ചവർ ഉണ്ട്‌- 'മാനം നോക്കി ഇരിക്കാതെ എണീറ്റ്‌ പോടാ' എന്നാണ്‌ അങ്ങനെ ഒരു സീലിങ്ങിൽ ഞാൻ കണ്ട വരി. നമ്മുടെ വൃത്തി ഹീനമായ പബ്ലിക്‌ ടോയ്‌ലറ്റിലെ സുഗന്ധം സഹിക്കൻ വയ്യാതെ മൂക്ക്‌ ഉയർത്തി പിടിച്ചതാണ്‌ ചേട്ടാ, എന്ന്‌ ഇത്‌ എഴുതിയ ആളൊട്‌ പറയണം എന്നുണ്ട്‌.

ഹിന്ദിയിലും കണ്ടിട്ടുണ്ട്‌ ചില എഴുത്ത്കുത്തുകൾ. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഇതാണ്‌- 'ഫിലിപ്പ്‌ കെ ടിക്ക്‌' (എഴുത്തുകാരൻ ഫിലിപ്പ്‌ കെ ടിക്ക്ക്കിനെയും ഹിന്ദിയും ഇംഗിളേഷും ഒരു പോലെ അറിയുന്നവർക്ക്‌ ഇതിലെ തമാശ മനസിലാവും.)

മനുഷ്യൻ തന്റെ യഥർത്ത മുഖം പുറത്ത്‌ കാണിക്കുന്ന ഒരേ ഒരു സ്ഥലമാണ്‌ ടോയലറ്റ്‌. അവിടെയാണ്‌ അവന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കലാവാസനയും പുറത്ത്‌ വർഉന്നത്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ലോകത്തിന്‌ മുൻപിൽ സ്വന്തം കഴിവ്‌ തെളിയിക്കാൻ ഭയക്കുന്ന പലരും സ്വയം മറന്ന്‌ 'ക്രിയേറ്റിവ്‌' ആവുന്നതും ഇവിടെ തന്നെ. ഇതിനെ കുറിച്ച്‌ കൂടുതൽ പഠനങ്ങൾ നടത്തിയപ്പോൾ 'ബാത്‌ർറൂം ഗ്രാഫിറ്റി' എന്നൊരു സൈറ്റും കാണനിടയായി. ലോകത്തിലുള്ള ബാത്‌ർറൂം കലാ സൃഷ്ടികളുടെ ശെഖരണത്തിന്‌ വേണ്ടിയുള്ള ഒരു കൂട്ടായ ഉദ്യമം ആണ്‌ ഇതെന്ന്‌ അറിയാൻ കഴിഞ്ഞു. എന്തായാലും പിറക്കാതെ പോയ പല കലാകാരന്മാരും പുനർജീവിച്ച പബ്ലിക്‌ ടോയ്‌ലട്ടുകളിലേക്ക്‌ കണ്ണും നട്ടിരിക്കാം നമുക്ക്‌. അടുത്ത രവി വർമ ഇവിടെയാവാം ജന്മം കൊള്ളുന്നത്‌. എം. എഫ്‌. ഹുസൈനിന്റെ കോടികൾ വിലമതിക്കുന്ന തരം താണ വരപ്പിനേക്കാളും ഈ കലാകാരന്മാരുടെ സൃഷ്ടികൾ ഞാൻ ഇഷ്ടപ്പെടുന്നു.

english version of this post can be seen here

എന്ന്‌ സ്വന്തം ഇതിഹാസൻ

Wednesday, June 3, 2009

സാം ആന്റേർസൻ എന്ന തരംഗം


കുറച്ച്‌ നാളുകൾക്ക്‌ മുൻപാണ്‌ സാം ആന്റേർസൻ എന്ന മഹാ നടനെ കുറിച്ച്‌ നമ്മളെല്ലാം ആദ്യമായി കേട്ടത്‌. ഫോർവേട്‌ മെയിലുകളിലൂടെ അദ്ദേഹത്തിന്റെ ചില ഗാന രങ്കങ്ങളും മറ്റും നമ്മൾ കണ്ട്‌ ഞെട്ടി. ആ സമയത്താണ്‌ ഒരു കൂട്ടുകാരൻ വഴി എനിക്ക്‌ സാമിന്റെ ഒരേ ഒരു സിനിമ കയ്യിൽ കിട്ടിയത്‌. അന്ന് മുതൽ പലപ്പോളും ഇത്‌ കാണണം എന്ന്‌ കരുതിയെങ്കിലും ഉള്ളിൽ ചെറിയ ഒരു പേടി ഉള്ളത്‌ കൊണ്ട്‌ നടന്നില്ല. അങ്ങനെ ഇരിക്കുംബോൾ ആണ്‌ ഈ ശനിയാഴ്ച്ച അതിനുള്ള സാഹചര്യം ഒത്ത്‌ വന്നത്‌. ഞങ്ങളുടെ പഴയ കുറച്ച്‌ കോളേജ്‌ മേറ്റ്സ്‌ ഒരു ഒത്തുകൂടലിനായി ഇക്കഴിഞ്ഞ വാരാന്ത്യം ഇവിടെ എത്തി. തിരുവനന്തപുരത്ത്‌ നിന്നും മുംബയിൽ നിന്നും ഹൈദരാബാദിൽ നിന്നുമായി 10-ഓളം പേർ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തിയിരുന്നു. എങ്കിൽ അവർ തന്നെ ആവട്ടെ സാമിന്റെ പരീക്ഷണ വസ്ത്തുക്കൾ എന്ന്‌ ഞങ്ങളും കരുതി.

അങ്ങനെ ഞാനും രാജയും പ്രവീണും നേരത്തെ തീരുമാനിച്ച്‌ ഉറപ്പിച്ചിരുന്ന പോലെ ശനിയാഴ്ച്ച രാവിലെ തന്നെ ആ അറിയിപ്പ്‌ നടത്തി- "നിങ്ങൾക്കെല്ലാവർക്കുമായി ഒരു പുതിയ 'ഏ' പടം ഡി.വി.ഡി.യിൽ റൈറ്റ്‌ ചെയ്തു വെച്ചിട്ടുണ്ട്‌." ഇത്‌ കേട്ടതും ഉറക്കം തൂങ്ങി ഇരുന്ന എല്ലാവരും ഉത്സാഹത്തോടെ ചാടി എണീറ്റു. അപ്പോൾ തന്നെ പടം കാണണം എന്നായി എല്ലാവരും. അങ്ങനെ ഞങ്ങൾ ആ ക്ലാസ്സിക്‌ പടത്തിന്റെ ഡി.വി.ഡി അവർക്കായി പ്ലേ ചെയ്തു. സിനിമയുടെ പേര്‌ 'യാർക്ക്‌ യാരോ സ്റ്റെപ്നി'. ഈ പേര്‌ കേട്ട്‌ ആരും ചിരിക്കണ്ട. വളരെ അധികം ആന്തരിക അർത്ഥങ്ങൾ അടങ്ങിയ ഒരു പേരാണ്‌ ഇതെന്നു ക്ലൈമാക്സിലെ നിങ്ങൾക്ക്‌ മനസ്സിലാവൂ.(ക്ലൈമാക്സ്‌ ആകുംബോളെക്കും നിങ്ങൾക്ക്‌ ജീവൻ ഉണ്ടെങ്ങിൽ മാത്രമെ ഇത്‌ മനസ്സിലാക്കൻ സാധിക്കുകയുള്ളൂ). സിനിമ തുടങ്ങി. തുടക്കം തന്നെ 'കണ്ടാൽ പട്ടി കഞ്ഞി കുടിക്കാത്ത' ലുക്‌ ഉള്ള നായികയുടെ സോളൊ ഗാനരങ്കം. പാട്ട്‌ കഴിഞ്ഞതും നായികയുടെ മാല കുറച്ച്‌ കള്ളന്മാർ തട്ടി എടുക്കുന്നു. അപ്പോൾ ആണ്‌ നമ്മുടെ മഹാനടൻ സാം അണ്ണന്റെ എന്റൃയ്‌. നായകസങ്കൽപ്പങ്ങളെ തിരുത്തി എഴുതി കൊണ്ട്‌ ഒരു സ്കൂട്ടിയിൽ ചീറിപ്പാഞ്ഞാണ്‌ സാമിന്റെ വരവ്‌. കള്ളന്മാർ രക്ഷപ്പെട്ടു. നായികയെ പിടിച്ച്‌ എഴുന്നെൽപ്പിച്‌ സാം ഡയലോഗ്‌ അടി തുടങ്ങുന്നു. 'ഏ' പടം കാണാനിരുന്ന കൂട്ടർ ഈ രങ്കം കണ്ട്‌ അക്ഷമരായി ഞങ്ങളെ നോക്കി. ഇത്‌ ഒരു പറ്റിപ്പാണെന്ന് മനസ്സിലാക്കിയ ചിലർ ഞങ്ങളെ അടിക്കാൻ പ്ലാൻ തുടങ്ങി. ഇനി ഇതൊന്നും കണ്ടിട്ടും പ്രതീക്ഷ വിടാതെ ഒരുത്തൻ 'സീൻ' കാണാൻ വേണ്ടി സിനിമ ഫാസ്റ്റ്‌ ഫോർവേർഡ്‌ ചെയ്യാൻ തുടങ്ങി. അവസാനം എല്ലാരും കൂടെ ഈ സിനിമ കാണാൻ തന്നെ തീരുമാനിച്ചു.

പിന്നീടുള്ള രണ്ട്‌ മണിക്കൂർ സാം ആന്റേർസണ്ടെ വിക്രീഡിതങ്ങൾ കണ്ട്‌ ഞങ്ങൾ കണ്ണ്‌ തള്ളി. ഒരു സാധാരണ മനുഷ്യന്റെ അഭിനയശേഷികൾക്ക്‌ അപ്പുറത്താണ്‌ സാമിന്റെ അഭിനയം. ആ മുഖത്ത്‌ ഭാവം എന്നൊന്നില്ല. സ്ഥായിയായ ഒരു 'റേർ' എക്സ്പ്രഷൻ മാത്രം. "ഐ ലവ്‌ യു", "അവൾ എന്നെ വിട്ട്‌ പോയി", "നിന്നെ ഞാൻ കൊല്ലും" എന്ന മൂന്ന്‌ ഡയലോഗുകളും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറയാൻ കഴിയുന്ന ലോകത്തിൽ ഇന്ന്‌ ജീവിച്ചിരിക്കുന്ന ഒരേ ഒരു മനുഷ്യൻ ആണ്‌ സാം. ഡയലോഗ്‌ പറയുംബോൾ മിക്കപ്പോളും സാമിന്റെ കണ്ണുകൾ തറയിലോ ഭിത്തിയിലോ ഒക്കെ ആയിരിക്കും ഫോക്കസ്‌ ചെയ്തിരിക്കുന്നത്‌. ഇടക്കിടക്ക്‌ വെറുതെ നാക്ക്‌ പുറത്തിടുന്ന സ്വഭാവം ഉണ്ട്‌ സാമിന്‌. പിന്നെ സ്വന്തം ഡയലോഗ്‌ കഴിഞ്ഞ നിമിഷം വായ്‌ മുറുക്കി അടക്കുകയും ചെയ്യും. തന്റെ കുടവയർ അഭിമാനത്തോടെ തള്ളി പിടിച്ചാണ്‌ എല്ലാ സീനിലും ഈ മഹാൻ പ്രത്യക്ഷപ്പെടാറ്‌. ഇടക്കിടക്ക്‌ ഒളികണ്ണിട്ട്‌ ക്യാമറയിൽ നോക്കുന്ന ശീലവും ഉണ്ട്‌ സാമിന്‌. ഗാനരങ്കങ്ങൾ ആണ്‌ സാമിന്റെ ഹൈലൈറ്റ്സ്‌. തന്റെ തോളുകൾ കൊണ്ട്‌ ഒരു ഗാനരങ്കം മൊത്തം പിടിച്ച്‌ നിൽകാൻ സാമിന്‌ കഴിയും. 'ഷോൾടർ ഷേക്ക്‌' എന്നാണ്‌ ഈ സ്റ്റെപ്‌ അറിയപ്പെടുന്നത്‌.

ഇനി ഈ സിനിമയെ കുറിച്ച്‌ പറയുകയാണെങ്കിൽ അതിലും ഗംഭീരം ആണ്‌. ജോ സ്റ്റാൻലി എന്ന ഒരു മനുഷ്യൻ ആണ്‌ ഇതിന്റെ ഡയറക്ഷൻ, കഥ, തിരക്കഥ, സംഭാഷണം, മ്യൂസിക്‌, ലിറിക്സ്‌ തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്‌. നെറ്റിൽ സെർച്ച്‌ ചെയ്തപ്പോൾ ഇങ്ങനെ ഒരാളെ കുറിച്ച്‌ അധികം വിവരങ്ങൾ ഒന്നും കിട്ടീല. എന്റെ ബലമായ സംശയം സാം തന്നെ ആണൊ ഈ ജോ എന്നാണ്‌. എന്തായാലും മാരകമായ ഡയറക്ഷൻ ആണ്‌ പടം മൊത്തം. ഒരു ക്യാമെറ ചുമ്മ തൂക്കി ഇട്ട്‌ അതിനു മുൻപിൽ കുറെ മനുഷ്യരെ തോന്നും പോലെ അഭിനയിക്കാൻ പറയുകയാണ്‌ ഡയറക്റ്റർ ചെയ്തത്‌ എന്ന്‌ തോന്നുന്നു. നായകനും നായികയും മാത്രം ഉള്ള ഒരു സീനിൽ പിന്നിൽ പട്ടി നടന്ന്‌ പോകുന്നത്‌ കണ്ടു. പാട്ട്‌ സീനുകളുടെ ലൊക്കേഷൻ ആണ്‌ പ്രശംശനീയം. എല്ലാ പാട്ടും ഒരേ സ്ഥലത്താണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കുഴിച്ച്‌ മറിച്ച്‌ വൃത്‌തികേടാക്കിയ, മനുഷ്യൻ ടോയ്‌ലറ്റായി പോലും ഉപയോഗിക്കാൻ മടിക്കുന്ന ഒരു സ്ഥലം. പാട്ടാണെങ്കിലോ അതിലും കിടിലം. 'രാസാത്തി എൻ ആസൈ രാസാത്തി' എന്ന ഗാനം ഇപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും നാവിൻ തുംബത്തുണ്ട്‌. സാമിന്റെ ആക്ഷൻ സോങ്ങ്‌ പോലെ ഉള്ള സ്റ്റെപ്പുകളും ആരെയും ഞെട്ടിക്കുന്ന ആ ചിരിയും വയറും കുലുക്കി കൂളിംഗ്‌ ഗ്ലാസ്‌ വെച്ചുള്ള നടത്തവും ഓരോ ഗാനരങ്കങ്ങളുടെയും ഭംഗി കൂട്ടുന്നു. ഡേവിഡ്‌ എന്ന സാമിന്റെ കഥാപാത്രം ഒരു ഓട്ടോമൊബയിൽ എഞ്ചിനിയർ ആണ്‌. നേഴ്സറിക്കാരൻ ക്രയോൺസ്‌ വെച്ച്‌ വരച്ചതു പോലെ ഉള്ള കൊറെ കാർ ടിസൈനുകൾ സ്വന്തം മുറിയിൽ അയാൾ വരച്ച്‌ തൂക്കിയിട്ടുണ്ട്‌. 2 നായികമാരിൽ ആരെങ്കിലും ഒരാൾ ഇടക്കിടക്ക്‌ ഇവിടെ വരും. 'ഹായ്‌ ഡേവിഡ്‌' എന്ന്‌ നായിക പറഞ്ഞാണ്‌ ഈ സീനുകൾ എല്ലാം തുടങ്ങുന്നത്‌. ഇങ്ങനെ ഒരു 5 സീനെങ്കിലും ഉണ്ട്‌. 70,000 രൂപയ്ക്ക്‌ ഒരു കാർ ഉണ്ടക്കുകയാണ്‌ സാമിന്റെ ലക്ഷ്യം. ടാറ്റയുടെ നാനോ കാർ ഈ സിനിമയിൽ നിന്നാണ്‌ കോപ്പി അടിച്ചതെന്ന്‌ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്‌.

ഈ സിനിമയിൽ തമാശക്ക്‌ വേണ്ടി എടുതിട്ടുള്ളതല്ലാത്ത എല്ലാ രങ്കങ്ങളിലും നമ്മൾ ചിരിച്ച്‌ മരിച്ച്‌ പോകും. ക്ലൈമാക്സ്‌ ആണ്‌ ഇതിലെ ഹൈലൈറ്റ്‌. സാം അണ്ണൻ ലൈൻ അടിച്ച്‌ പറ്റിച്ച പെണ്ണ്‌ ഒരു 'സ്റ്റെപ്നീ' ടയറുമായി വരുന്നു. അത്‌ സാമിന്റെയും അയളുടെ കാമുകിയുടെയും മുന്നിൽ ഉരുട്ടി വിട്ടിട്ട്‌ അവൾ പറയുന്നു- 'എന്നെ ഒരു സ്റ്റെപ്നീ' ആയി കാണുന്നത്‌ അവസാനിപ്പിക്കുക'. ഉടനെ വരുന്നു സാമിന്റെ എക്സപ്ലനേഷൻ- 'എന്റെ ഉയർച്ചയിൽ എന്നെ മുകളിൽ എത്താൻ സഹായിച്ച ഓരോ സ്റ്റെപ്പും നീയാണ്‌. സ്റ്റെപ്‌ നീ. സ്റ്റെപ്‌ നീ. സ്റ്റെപ്‌ നീ. അല്ലാതെ നിന്നെ ഒരു സ്റ്റെപ്നീ ആയി ഞാൻ കണ്ടിട്ടില്ല' ഹോ! ശെരിക്കും കരഞ്ഞു പോയി. ഇതും കഴിഞ്ഞ്‌ സാമും കാമുകിയും ഒരു കാറിനെ ഹോമഘുണ്ടം ആയി സങ്കൽപ്പിച്ച്‌ അതിന്‌ ചുറ്റും വലം വെക്കുന്നു. അതു കഴിഞ്ഞു അവർ നേരെ കാനടയിൽ പോകുന്നു. സിനിമയുടെ അന്ത്യം. സിനിമ തീർന്നപ്പോളെക്കും എല്ലാവരും സാം ആന്റേർസൻ ഫാൻസ്‌ ആയി കഴിഞ്ഞിരുന്നു. മിക്കവരും ഓരോ ഡി.വി.ഡി. യിൽ ഈ സിനിമ രൈറ്റ്‌ ചെയ്തു കൊണ്ടു പോയി, കൂട്ടുകാരെ കാണിക്കാൻ. കൂടാതെ ഞാൻ ഓർക്കുട്ടിൽ അദ്ദേഹത്തിന്റെ ഫാൻ ക്ലബ്ബിലും അങ്കമായി. ഈ സിനിമ ഓരോ സിനിമ പ്രേമിയും കണ്ടിരിക്കേണ്ട ഒന്നാണ്‌. ആക്റ്റിംഗ്‌ എന്താണെന്ന്‌ ആർക്കെങ്കിലും സംശയം ഉണ്ടെങ്ങിൽ ഈ പടം കാണിച്ച്‌ കൊടുക്കുക. പിന്നൊരിക്കലും അങ്ങനെ സംശയം ഉണ്ടാവില്ല. രജനീകാന്തും ടി.രാജെന്ധറും ഒക്കെ ഇപ്പൊ ദൈവത്തിന്‌ തുല്യം ആണ്‌.

അടിക്കുറിപ്പ്‌- ആർക്കെങ്കിലും ഈ ക്ലാസ്സിക്‌ സിനിമയുടെ ഡി.വി.ഡി. വേണമെന്നുണ്ടെങ്ങിൽ എന്നെ കോണ്ടാക്റ്റ്‌ ചെയ്യുക. ഈ മഹത്തായ സിനിമ ലോകത്ത്‌ എല്ലാവരേയും കാണിക്കണം എന്നതാണ്‌ എന്റെ ലക്ഷ്യം.

Read the English version of this post HERE

Don't miss these awesome Sam Anderson videos-

http://www.youtube.com/watch?v=w0iXYpHXWIA
http://www.youtube.com/watch?v=BRPPCdatuPo&feature=related
http://www.youtube.com/watch?v=urN6mrM8iAw&NR=1

Tuesday, May 26, 2009

ബുദ്ധിജീവികളുടെ സിനിമ

ശനിയാഴ്ച്ച രാത്രി 12 മണി. ടി.വി.യിലെ കാണാൻ കൊള്ളാവുന്ന പരിപാടികൾ തീരുന്ന സമയം. എല്ലാ ആഴ്ചയും സൂര്യ ടി.വി.യിൽ ഈ സമയം ആവുംബോൾ തീയറ്ററുകളെ പ്രകംബനം കൊള്ളിച്ച ഏതെങ്കിലും അറുബോറൻ പടം ഉണ്ടാവുക പതിവാണ്‌. കൂടുതൽ ബോർ ആവുംബോൾ കൂടുതൽ ഉത്സാഹത്തോടെ അത്‌ കാണുക എന്നത്‌ ഞങ്ങളുടെ ഒരു സ്വഭാവം ആണ്‌. അങ്ങേ അറ്റം സീരിയസ്‌ ആയ സീനുകളിൽ പോലും എന്തെങ്കിലും തമാശ കണ്ടെത്തി ചിരിക്കുക എന്ന പ്രാകൃത വിനോദവും ഞങ്ങളുടെ ഫ്ലാറ്റിൽ അരങ്ങേറാറുണ്ട്‌. അങ്ങനെ പതിവ്‌ പോലെ അർദ്ധരാത്രി ഞങ്ങൾ കൂട്ടചിരിക്കായി കച്ചകെട്ടി സൂര്യ ടി.വി. വെച്ചു. ആദ്യത്തെ അഞ്ച്‌ മിനുട്ടിലെ മനസ്സിലായി ഇത്‌ ഞങ്ങളുടെ സ്ഥിരം 'ബ്രാണ്ട്‌' സിനിമ ആണെന്ന്. എന്താണെന്നല്ലേ ഈ ഞങ്ങളുടെ ബ്രാണ്ട്‌ സിനിമ? ഒന്നാമതായി, സിനിമയിലെ രണ്ട്‌ സീനുകൾ തമ്മിൽ ഒരു ബന്ധവും കാണരുത്‌. ഉദാഹരണത്തിന്‌, ഒരാൾ ഒരു പെണ്ണിനെ നോക്കി ചിരിക്കുകയാണെന്ന്‌ വെക്കുക. അടുത്ത സീനിൽ ഒരു കിളവൻ പല്ല്‌ തേക്കുന്നതായിരിക്കണം കാണിക്കെണ്ടത്‌. അതിന്റെ അടുത്ത സീനിൽ ചുമ്മ ഒരു മരം കാറ്റത്ത്‌ ആടുന്നതാവണം. ഇത്‌ പോലെ തന്നെ ഡയലോഗുകളും തമ്മിൽ ഒരു ബന്ധവും കാണരുത്‌. ഉദാഹരണം-

ഭാര്യ- "നമ്മുടെ മോനെ ഇതു വരെ കണ്ടില്ലല്ലോ"
ഭർത്താവ്‌- "ഇക്കൊല്ലം പ്ലാവിൽ ഇഷ്ടം പോലെ ചക്ക ഉണ്ട്‌"
ഭാര്യ- "അപ്പുറത്തെ വീട്ടിലെ പയ്യൻ ഭയങ്കര കഠിനാധ്വാനി ആണ്‌"
ഭർത്താവ്‌-"ഞാൻ ഇന്നലെ രാത്രി വന്നപ്പോൾ കാല്‌ കഴുകാൻ മറന്നു."

ഇതു പോലുള്ള പ്രത്യേകതകൾ ഉള്ള ഒരു സിനിമ ആയിരുന്നു ഈ ആഴ്ചയിലും സൂര്യ ടി.വി.യിൽ. അശോകനും മമ്മൂട്ടിയും ശോഭനയും ആണ്‌ പ്രധാന കഥാപാത്രങ്ങൾ. ബാക്കിയുള്ളവർ, ഇത്തരം സിനിമകളിൽ കണ്ടുവരാറുള്ള ഗ്ലാമർ വളരെയധികം ഉള്ള ചില വ്യക്തികൾ. പക്ഷെ ഒരു പതിനഞ്ച്‌ മിനുട്ട്‌ കണ്ടപ്പോൾ മനസ്സിലായി ഇത്‌ ഞങ്ങൾ സാധാരണ കാണുന്ന തരം പടം അല്ലെന്ന്‌. കാരണം വേറെ ഒന്നുമല്ല. ഞങ്ങൾക്ക്‌ ഈ സിനിമ കൊണ്ട്‌ ടയറക്റ്റർ എന്താണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന്‌ മനസ്സിലാവുന്നില്ലാരുന്നു. അതും പോരാഞ്ഞ്‌ മനുഷ്യനെ വട്ടാക്കുന്ന ക്യാമറ ആങ്കിൾസ്‌. വീട്ടിന്റെ അകത്തുള്ള സീനെല്ലാം ജനൽ കംബികളുടെ വെളിയിൽ നിന്നാണ്‌ ഷൂട്ട്‌ ചെയ്തിരിക്കുന്നത്‌. ബസ്സിൽ നിന്നിരങ്ങുന്നവരുടെ കാൽ ബസ്സിന്റെ ഇരു വശങ്ങളിൽ നിന്നുമായി മിനിമം ഒരു 10 പ്രാവശ്യം എങ്കിലും കാണിക്കും. പിന്നെ ഡയലോഗുകൾ അല്ല.എലാം മോണോലോഗുകൾ ആണ്‌. അശോകൻ തന്റെ പൂർവ്വ ചരിത്രം വിവരിക്കുകയാണ്‌, മനുഷ്യന്‌ മനസ്സിലാവത്ത ഭാഷയിൽ- "എന്റെ ജീവിതത്തിന്റെ അനന്തര നിർഗളമായ അടിയൊഴുക്കിൽ പെട്ട്‌ ഞാൻ ആടി ഉലയുംബോൾ പ്രപഞ്ചത്തിന്റെ പ്രാകൃതമായ നേരംബോക്കുകളിൽ മുഴുകി നടക്കുംബോൾ, കുട്ടിക്കാലം ഒരു വേഴാംബലിന്റെ കളിച്ചില്ല പോലെ ഒടിഞ്ഞു തൂങ്ങി തലയിൽ വീണ്‌ പണ്ടാരമടങ്ങുംബോൾ, ഒഴുകി പോകുന്ന പുഴ പോലെ സത്യങ്ങൾ ഒന്നൊന്നായി എന്നിൽ നിന്ന്‌ മിന്നിമറഞ്ഞ്‌, ഏതൊ പാറക്കൂട്ടത്തിൽ തട്ടി തകർന്നുടഞ്ഞിരിക്കുന്നു." (ഇത്‌ ഈ ബ്ലോഗറിന്‌ വട്ടായപ്പോൾ സ്വയം ഉണ്ടായ ഡയലോഗ്‌ ആണ്‌). പടം കണ്ട്‌ ഞങ്ങൾ നാല്‌ പേരും ശരിക്കും വട്ടായി. എന്നാലും വിട്ടു കൊടുക്കാൻ ഞങ്ങൾ തയ്യാറയില്ല. ഇത്‌ മുഴുവനും കണ്ട്‌ സിനിമയുടെയും ഡയറക്റ്ററുടെയും പേര്‌ കണ്ടിട്ടെ ചാനൽ മാറ്റൂ എന്നായി ഞങ്ങൾ.

കുറച്ച്‌ നേരം അങ്ങനെ കണ്ടിരുന്നപ്പോൾ, ഞങ്ങൾക്ക്‌ ഞങ്ങൾ തന്നെ ഈ സിനിമയിൽ ജീവിക്കുകയാണൊ എന്നു തോന്നി. "ഇത്‌ ഒരു സ്വപ്നം ആണൊടെയ്‌?" എന്നായി ഒരുത്തന്റെ സംശയം. സംശയം മാറ്റാനായി ഞങ്ങൾ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും തൊട്ട്‌ നോക്കി. കുറച്ച്‌ കൂടെ കണ്ടപ്പോൾ ശരിക്കും വട്ടായ ഞാൻ ചോദിച്ചു-"ഈ ടി.വി. ഓൺ ആണൊ, അതോ നമ്മൾക്ക്‌ ഇതെല്ലാം തോന്നുന്നതാണൊ?" അങ്ങനെ ഒരു വിധം ആ പടം ഞങ്ങൾ കണ്ടു തീർത്തു. സിനിമയുടെ പേര്‌ കണ്ടു- "അനന്തരം". ഉടൻ തന്നെ നെറ്റിൽ കേറി തപ്പി, ഇത്‌ ഏത്‌ തല തിരിഞ്ഞവന്റെ സിനിമ ആണെന്നറിയാൻ- പേര്‌ കണ്ട്‌ ഞങ്ങൾ ഞെട്ടി- 'അടൂർ ഗോപലകൃഷ്ണൻ'. മറ്റൊരു ഞെട്ടൽ കൂടെ-ഈ സിനിമ 1987ഇലെ ഏറ്റവും നല്ല സിനിമക്കുള്ള ദേശിയ-സ്റ്റേറ്റ്‌ അവാർടുകൾ നേടിയ ചിത്രം ആണ്‌. അടൂരിന്റെ ഏറ്റവും 'അബ്സ്റ്റ്രാക്റ്റ്‌' പടം എന്നൊക്കെ വല്യ ബുദ്ധിജീവികൾ അതിനെ പുക്ഴ്തിയതായും കണ്ടു. ഇപ്പോൾ അല്ലേ കാര്യം മനസ്സിലായത്‌. അടൂർ എടുക്കുന്ന സാധാരണ പടങ്ങൾ തന്നെ നമ്മളെ പോലത്തെ സാധരണക്കാരന്റെ തലക്ക്‌ തീ പിടിപ്പിക്കൻ കെൽപ്പുള്ളതാണ്‌. പിന്നെ അദ്ദേഹം 'അബ്സ്റ്റ്രാക്റ്റാനും' കൂടെ ശ്രമിച്ചാലോ? എനിക്ക്‌ മനസ്സിലാവുന്നില്ല, ഈ സിനിമകൾ എങ്ങനെ ആസ്വദിക്കണം എന്ന്‌. എല്ലാ തരം അവാർട്‌ പടങ്ങളും കണ്ട്‌ ആസ്വദിച്ച്‌ സിനിമയെ കുറിച്ച്‌ എന്തൊക്കെയോ അറിയാം എന്ന അഹങ്കാരത്തോടെ നടന്ന ഞാൻ അടൂർ എന്ന മഹാന്റെ മുന്നിൽ അവസാനം അടിയറവ്‌ പറഞ്ഞു. നിങ്ങൾ ഒരു സംഭവം തന്നെ അണ്ണാ. ഇനിയും അനേകായിരം അവാർടുകൾ അങ്ങയെ തേടി വരട്ടെ എന്ന്‌ ആശംസിക്കുന്നു. മരിക്കുന്നതിന്‌ മുൻപ്‌ എനിക്ക്‌ അങ്ങയുടെ മനുഷ്യന്‌ മനസ്സിലാവുന്ന പടം കാണാൻ പറ്റണെ എന്നൊരു പ്രാർഥന മാത്രമെ ബാക്കിയുള്ളൂ. അടൂരായ നമ:


Wednesday, April 29, 2009

ചജോ,ദി ട്രെയിൻ മാൻ

ജിജോ- കട്ടപ്പുറത്ത്‌ കയറിയ ചജോ എക്സ്പ്രസ്സ്‌

നമ്മൾ എല്ലാവർക്കും എന്തെങ്കിലും ഒരു കാര്യത്തിൽ അതിയായ താൽപര്യം കാണും. ചിലർക്കു സംഗീതത്തോടാവാം, ചിലർക്കു സിനിമയോടാവാം, ചിലർക്കു വായിനോക്കുന്നതാവാം. ഇതൊന്നുമല്ല ചിലർക്ക്‌ ആർക്കും മനസിലാവാത്ത ആധുനിക സാഹിത്യവും തത്വചിന്തയുമാവും താൽപര്യം. എന്നാൽ, ഇതിലൊന്നും പെടാതെ 'എക്സോടിക്‌' എന്ന് വിശേഷിപ്പിക്കാവുന്ന ഹോബികൾ ഉള്ള ചിലരുണ്ട്‌. അക്കൂട്ടത്തിൽ പെടുത്താവുന്ന ഒരു മാന്യ വ്യക്തി ആണ്‌ എന്റെ റൂം മേറ്റുകളിൽ ഒരുവനായ ജിജോ. സാമാന്യം നല്ല രീതിയിൽ ചളു അടിക്കുന്നത്‌ കൊണ്ട്‌ ഇവൻ അറിയപ്പെടുന്നത്‌ 'ചജോ' എന്നാണ്‌. ഇനി താരത്തിന്റെ ആ എക്സോടിക്‌ താൽപര്യം എന്താണെന്നല്ലെ- "ട്രെയിനുകൾ".

അതെ, നിങ്ങൾ വായിച്ചത്‌ തെറ്റിയിട്ടില്ല. ചജോയുടെ ജീവിതം ട്രെയിനുകളുമായി വളരെ അധികം ബന്ധപ്പെട്ടുകിടക്കുന്നു. ഉദാഹരണത്തിന്‌ ചജോ ഇന്റർന്നെറ്റിൽ കയറുകയാണ്‌ എന്ന് വെക്കുക. സാധാരണ ഒരു മനുഷ്യൻ ആണെങ്കിൽ മെയിൽ ചെക്ക്‌ ചെയ്യും, ഏതെങ്കിലും പെൺപിള്ളേരുമായി ചാറ്റ്‌ ചെയ്യും അല്ലെങ്കിൽ ഗുഗിളിലെ സെർച്ച്‌ ഉപയോഗിച്ച്‌ എന്തെങ്കിലും വിജ്ഞാനപ്രതമായ കാര്യങ്ങൾ തപ്പി രസിക്കും. പക്ഷെ ചജോ ആകെ നോക്കുന്നത്‌ ഇന്ത്യൻ റെയില്വേയുടെ സൈറ്റ്‌ ആയിരിക്കും. എപ്പോൾ നോക്കിയാലും അവന്റെ അക്കൗണ്ടിൽ ഒരു 10 ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടാവും. 10 ആണ്‌ മക്സിമം ഒരാൾക്ക്‌ അനുവദിച്ചിട്ടുള്ള ബുക്കിങ്ങുകളുടെ എണ്ണം. ആർക്കെങ്കിലും എവ്ടെയെങ്കിലും പോകണം എന്നു പറഞ്ഞാൽ ഉടനെ ടിക്കറ്റ്‌ എടുത്ത്‌ തരാം എനുള്ള ഓഫറുമായി ചജോ എത്തും. ഇത്‌ പെൺകുട്ടികൾക്ക്‌ മാത്രം ഉള്ള ഓഫർ ആണെന്ന അപവാദം ചജോ നിഷേദിച്ചിട്ടുണ്ട്‌. ഒരിക്കൽ വീട്ടിൽ ലാപ്ടോപ്പിന്‌ മുന്നിൽ ഇരുന്ന എന്നോട്‌ ചജോ-"എന്താടാ കമ്പ്യുട്ടറിൽ ചെയ്യുന്നത്‌? ടിക്ക്റ്റ്‌ ബുക്‌ ചെയ്യുകയാണൊ?". അതെ, ചജോക്ക്‌ കമ്പ്യൂട്ടർ വെറും ടിക്കറ്റ്‌ ബൂക്കിംഗ്‌ യന്ത്രം മാത്രമാണ്‌. ഒരു ദിവസം വെളുപ്പിന്‌ 4 മണിക്ക്‌ ടിക്കറ്റ്‌ ബുക്‌ ചെയ്യാനായി ചാടി എണീറ്റ ചരിത്രവും ചജോക്ക്‌ മാത്രം സ്വന്തം.

ട്രെയിനുകളെ കുറിച്ചുള്ള എന്ത്‌ സംശയവും നിങ്ങൾക്ക്‌ ഇവന്റെ സഹായത്തോടെ ദൂരികരിക്കാം. സീറ്റ്‌ നമ്പർ പറഞ്ഞാൽ നിങ്ങളുടെ ബർത്തിന്റെ പോസിഷൻ കാണാതെ പറഞ്ഞ്‌ തരുന്ന ലോകത്തിലെ എക വ്യക്തി ചജോ ആണ്‌. ഏതൊക്കെ ട്രെയിൻ ഏതു വഴി പോകും, ഏതൊക്കെ സ്റ്റേഷനിൽ എത്ര നേരം നിൽക്കും എന്നതും ഇവന്‌ മാത്രം അറിയാവുന്ന കാര്യമാണ്‌. ഇതുമായി ബന്ധപെട്ട്‌ നടന്ന ഒരു സംഭവം വിവരിക്കാം.
ചജോയും എന്റെ മറ്റ്‌ റൂം മേറ്റ്സായ മനുവും പ്രവീണും നാട്ടിൽ നിന്ന് തിരിച്ച്‌ വരുന്ന ദിവസം. മനുവും പ്രവീണും ഒരു ട്രെയിനിൽ വെച്ച്‌ കണ്ടുമുട്ടി. ചജോയും അവിടെ എവിടെയെങ്കില്യ്ം കാണും എന്ന്‌ കരുതി ഉടനെ തന്നെ അവർ ചജോയുടെ ഫോണിലേക്ക്‌ ഒന്നു വിളിച്ചു. ഫോൺ എടുത്തതും ചജോ പറഞ്ഞു- "ഞാൻ അതിൽ അല്ല". ഉടനെ തന്നെ കട്‌ ചെയ്യുകയും ചെയ്തു. പിറ്റേന്ന് വീട്ടിൽ വന്ന് ചജോയുടെ വിശദീകരണം ഇങ്ങനെ- "നിങ്ങൾ വിളിച്ചത്‌ 9.30ഇന്‌. ആ സമയത്ത്‌ തൃശൂർ എത്തുന്ന ഒരെ ഒരു ട്രെയിൻ ഐലന്റ്‌ എക്സ്പ്രസ്‌ ആണ്‌. അങ്ങനെ ഞാൻ കണ്ടുപിടിച്ചു നമ്മൾ ഒരേ ട്രെയിൻ അല്ലാ എന്നു". ഇത്‌ കഴിഞ്ഞ്‌ ചജോ അവർ രണ്ടും ഏതൊക്കെ ബോഗികളിൽ ആയിരുന്നെന്ന്‌ ചോദിച്ചു. ഒരുത്തൻ ബി2ഇലും മറ്റവൻ എസ്‌4ഇലും. ഉടൻ തന്നെ ചജോ അതു പറഞ്ഞു- "നിങ്ങളുടെ ബോഗികൾക്കിടയിൽ 9 ബോഗികളും ഒരു പാന്റ്രിയും."

ട്രെയിനിലെ ടി.ടി.ആർ.മാരുമായിട്ടും നല്ല സുഹൃത്‌ ബന്ധം ഉള്ള മഹാനാണ്‌ ചജോ. ഒരു ടി.ടി.ആറിനെ ടൈ കെട്ടാൻ പഠിപ്പിച്ചിട്ടും ഉണ്ട്‌ ചജോ. തന്റെ ഐ.ടി. ഒന്നും ഒരിക്കലും അവർ ചെക്ക്‌ ചെയ്യാറില്ല എന്നാണ്‌ അവൻ അവകാശപ്പെടുന്നത്‌. ഇതു കൂടാതെ പാന്റ്രിയിലെ മെനു, ട്രൈവറിന്റെ ഷർട്ടിന്റെ കളർ, ബോഗിയിലെ വീലുകളുടെ എണ്ണം, ചങ്ങല വലിച്ചാൽ നിൽക്കുന്നതിന്‌ മുൻപ്‌ ട്രെയിൻ പോകുന്ന ദൂരം തുടങ്ങിയ ട്രെയിനുമായി ബന്ധപെട്ട മനുഷ്യന്‌ ആവശ്യമില്ലാത്ത എല്ലാ വിവരങ്ങളുടെയും ഒരു അപൂർവ്വ ശേഖരം ആണ്‌ ചജോ. ഈ ട്രെയിൻ ഭ്രാന്തിനെ കുറിച്ചുള്ള ഞങ്ങളുടെ കളിയാക്കൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ അവൻ ഞങ്ങളെ വെല്ലുവിളിച്ചു, ഒരു പസ്സിൽ സോൾവ്‌ ചെയ്യാൻ. രണ്ട്‌ ട്രെയിൻ ക്രൊസ്സ്‌ ചെയ്യുന്നതായിരുന്നു പസ്സിളിന്റെ വിഷയം.

ഇത്രയൊക്കെ വിവരമുള്ള ജിജോ ഒരു സഞ്ചരിക്കുന്ന എൻസൈക്ലോപീടിയ ആണെന്ന് നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ അങ്ങനെ അല്ല. ട്രെയിൻ അല്ലാതെ മറ്റൊന്നിനെക്കുറിച്ചും താരത്തിന്‌ ഒരു പിടിയും ഇല്ല. ചജോയുടെ ചില സാമ്പിൾ ടയലോഗുകൾ.

1. "റെസൂൽ പൂക്കുട്ടിയോ? അതാരാ?"- റെസൂലിന്‌ ഓസ്ക്കാർ കിട്ടി 2 ദിവസം കഴിഞ്ഞാണ്‌ ചജോയുടെ ഈ ക്ലാസിക്‌.

2. "എടാ, ഈ ഏലക്ഷൻ കഴിയുംബൊ നമ്മുടെ പ്രധാനമന്ത്രി മാറുമോ?"
ഇതു കേട്ട്‌ വായും പോളിച്ചിരുന്ന എന്നോട്‌ അവന്റെ വിശദീകരണം- "അല്ല, ചില ഏലക്ഷൻ കഴിഞ്ഞാൽ പ്രധാനമന്ത്രി മാറാറില്ലല്ലോ. അത ചോദിച്ചത്‌.

3. ടി.വി.യിൽ ഏയർട്ടെല്ലിന്റെ മാധവ്‌അനും വിദ്യാ ബാലനും അഭിനയിക്കുന്ന പരസ്യം കണ്ട ഉടനെ ചജോ-"ഈ പെണ്ണ്‌ കൊള്ളാല്ലോ. ഇവളേത?"

4. ടൈംസ്‌ നൗ ചാനലിലെ സ്ക്രോളിംഗ്‌ ന്യൂസ്‌ വായിക്കുന്നു ചജോ-"പാകിസ്താനി പ്രൈമ്മിനിസ്റ്റർ സർദ്ദാർജീസ്‌ ലൈഫ്‌ അണ്ടർ ത്രെട്ട്‌." കൂടെ അവന്റെ കമന്റും-"ഓഹൊ, പാകിസ്താനിലെ പ്രധാനമന്ത്രി സർദ്ദാർജി ആണല്ലേ."

5. ടി.വി.യിൽ ഹേമ മാലിനിയുടെ ഏതോ ഒരു പഴയ സിനിമ. ചജോ വിളിച്ച്‌ കൂവി- "അളിയാ, ഇതല്ലേ ശ്രീദേവി?"

6. ഗുലാൽ എന്ന ഹിന്ദി പടം കാണാൻ തീയറ്ററിൽ പോയതായിരുന്നു ഞാൻ. എന്നെ അന്വേഷിച്ച്‌ വന്ന കൂട്ടുകാരനോട്‌ ചജോ-"അവൻ ഇവിടെ ഇല്ല. 'ഗുൽമാൽ' എന്നു പറഞ്ഞ ഒരു പടം കാണാൻ പോയിരിക്കുവാണ്‌."

ഇതാണ്‌ ചജോ ചരിതം. ഇൻഫി ബാങ്ക്ലൂരിലെ 32ആം ബിൽടിങ്ങിൽ ആണ്‌ ഈ മഹാൻ ഇപ്പോൾ. ഇന്ന് വയ്കുന്നേരം ചജോ എക്സ്പ്രസ്‌ കേറി എന്റെ മരണം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

അടികുറിപ്പ്‌- ഞങ്ങൾ എഴുതിയ ചജോ തീം സോങ്ങ്‌- സ്ലംടോഗ്‌ മില്ല്യനയറിലെ 'ഓ സായ'യുടെ ട്യൂണിൽ-

ഓ ചജോ, ഓടി വായോ
ആറെ, മൂന്നെ ,അഞ്ചെ, രണ്ടെ, ഐലണ്ട്‌ എക്സ്പ്രസ്‌,
കോട്ടയം വഴി പോകുന്ന ഐലന്റ്‌ എക്സ്പ്രസ്സ്‌,
ആലപ്പുഴ വഴിയുണ്ട്‌ കൊച്ചുവേളി,

ഏക്‌, ദോ, തീൻ, ചാർ....ദസ്‌, ഗ്യാര, ബാര, തേര...ടിക്കട്ടുണ്ട്‌ എന്റെ കയ്യിൽ...
(റിപ്പീറ്റ്‌- ഓ ചജോ...)

Tuesday, December 2, 2008

Post removed

Post removed cos 2 years down the line, my thinking has changed. I feel this was one of the worst posts that I've written in my life

Wednesday, September 3, 2008

കരയാതെ ഉള്ളി അരിയാൻവർഷങ്ങളായി ശാസ്ത്രജ്ഞന്മാരും വീട്ടമ്മമാരും പാചക വിദ്വാന്മാരും ഉത്തരം അന്വേഷിച്ച്‌ നടന്ന ആ ചോദ്യം-കണ്ണിൽ നിന്ന് വെള്ളം വരാതെ എങ്ങനെ ഉള്ളി അരിയാം. ഉള്ളി അരിഞ്ഞ്‌ കരഞ്ഞു കൊണ്ട്‌ അടുക്കളയിൽ നിൽക്കുന്ന വീട്ടമ്മ ഒരു പതിവ്‌ കാഴ്ച്ച ആണ്‌. ഞങ്ങളുടെ ഫ്ലാറ്റിൽ പാചകം തുടങ്ങിയപ്പോൾ ഞങ്ങൾക്ക്‌ ഇതേ പ്രശ്നം അഭിമുഖീകരിക്കേണ്ടി വന്നു. അപ്പുറത്തെ മുറിയിൽ ഇരുന്ന് എന്റെ കൂട്ടുകാരനായ തോട്ട(അതെ, 'എന്റെ കൂട്ടുകാർ' എന്ന 3 എപ്പിടോസ്സ്‌ ഉള്ള സീരിയലിൽ കണ്ട അതെ കഥാപാത്രം തന്നെ) ഉള്ളി അരിയുമ്പോൾ തന്നെ ഞാൻ കരഞ്ഞ്‌ നിലവിളിക്കുമായിരുന്നു. പിന്നെ, ഞാൻ അരിയുംബോൾ ഉള്ള കഥ പറയണ്ടല്ലൊ. ഉള്ളി അരിയൽ അങ്ങനെ ഒരു പേടിസ്വപ്നം ആയിരുന്നപ്പോൾ ആണ്‌ ഇതിനെതിരെ എന്ത്‌ നടപടി എടുക്കണം എന്ന് കാര്യമായ ചിന്തകൾ മനസ്സിലൂടെ ഓടിപ്പാഞ്ഞത്‌.

ആദ്യമായി ആ ചിന്ത ചെന്ന് നിന്നത്‌ എന്റെ കറുത്ത കൂളിംഗ്‌ ഗ്ലാസ്സിൽ ആണ്‌. ഒരു ദിവസം ഞാൻ അത്‌ പരീക്ഷിച്ചു. ഗ്ലാസ്സ്‌ എടുത്ത്‌ വെച്ച്‌ ഉള്ളി അരിയാൻ തുടങ്ങി. ചുവന്നിരുന്ന ഉള്ളി കറുത്ത്‌ കണ്ടു എന്നല്ലാതെ ഈ കോപ്പ്രായം കൊണ്ട്‌ കാര്യമായ ഒരു ഗുണവും ഉണ്ടായില്ല. കരച്ചിലും നിലവിളിയും പഴയതു പോലെ തന്നെ തുടർന്നു. വീണ്ടും കുറച്ച്‌ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം കരയാൻ തയ്യാർ എടുക്കുമ്പോൾ ഞാൻ കുളിക്കാൻ ഉപയോഗിക്കുന്ന തോർത്ത്‌ കണ്ണിൽ പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. അങ്ങനെ ഞാൻ കണ്ണീരിനോട്‌ വിട പറഞ്ഞു. കരയാതെ ഉള്ളി അരിയാൻ ഉള്ള ആ സാങ്കേതിക വിദ്യ ചുവടെ ചേർക്കുന്നു-

സ്റ്റെപ്പ്‌ 1-നിങ്ങൾ കുളിക്കാൻ ഉപയൊഗിക്കുന്ന തോർത്ത്‌ എടുക്കുക. തോർത്ത്‌ എന്നു പറയുമ്പോൾ കട്ടി കൂടിയ ടവ്വൽ അല്ല. ചെറിയ ചെറിയ ഓട്ടകൾ ഉള്ള നമ്മുടെ നാടൻ തോർത്ത്‌ തന്നെ വേണം.

സ്റ്റെപ്പ്‌ 2-തോർത്ത്‌ കണ്ണ്‌ മറഞ്ഞിരിക്കുന്ന രീതിയിൽ തലക്ക്‌ ചുറ്റും കെട്ടുക. തോർത്ത്‌ രണ്ടും മൂന്നും പ്രാവശ്യം മടക്കി കെട്ടി സ്വയം അന്ധൻ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റെപ്‌ 3-തോർത്ത്‌ കെട്ടിയതിന്‌ ശേഷം പരിസരം ഒന്ന് നിരീക്ഷിക്കുക. എല്ലാം പണ്ടത്തെ പൊലെ വൃത്തിയായി കാണാൻ പറ്റുന്നുണ്ട്‌ എന്ന് ഉറപ്പ്‌ വരുത്തുക.

സ്റ്റെപ്‌ 4-ഇനി സ്റ്റെപ്പ്‌ ഇല്ലടേയ്‌. മര്യാദക്ക്‌ ഉള്ളി എടുത്ത്‌ അരിയുക. (ഒരു ചെറു ചിരിയോടെ)

അടിക്കുറിപ്പ്‌- ഇത്‌ കണ്ട്‌ ഏതെങ്കിലും അഫ്ഗാൻ തീവ്രവാദിയാണെന്ന് കരുതി നിങ്ങളെ ആരെങ്കിലും തല്ലി കൊന്നാൽ ഞാൻ ഉത്തരവാദി അല്ല.

An english translation of this post is available here-crusadertvm

എന്ന് നിങ്ങളുടെ സ്വന്തം ഇതിഹാസൻ
Click here for Malayalam Fonts