Showing posts with label sreesanth. Show all posts
Showing posts with label sreesanth. Show all posts

Friday, November 27, 2009

ശാന്തകുമാരൻ ശ്രീശാന്ത്‌

ഇന്ത്യൻ ക്രിക്കറ്റിലെ തല്ലുകൊള്ളി ശ്രീശാന്ത്‌ പുതിയ ഒരു അവതാരമായി തിരിച്ച്‌ വന്നിരിക്കുകയാണ്‌. ശാന്തകുമാരൻ എന്നത്‌ ഇത്രയും കാലം ശ്രീശാന്തിന്‌ തന്റെ പേരിലെ ഒരു അധിക പെറ്റായിരുന്നു. 'ഉദയനാണ്‌ താരത്തിലെ' ശ്രീനിവാസൻ പറയുന്നത്‌ പോലെ, 'കണ്ട്രികളായ എന്റെ അച്ചനും അമ്മയും ഇട്ട പേരാണ്‌ ഇത്‌' എന്നായിരുന്നു ശ്രീശാന്തിന്റെ വാദം. അത്‌ തെളിയിക്കാനായാണ്‌ അശാന്തിയുടെ മാർഗത്തിലേക്ക്‌ ശ്രീകുട്ടൻ തിരിഞ്ഞത്‌. കേരളത്തിലെ മൈതാനങ്ങളിൽ കുട്ടിയും കോലും കളിച്‌ വളർന്ന ഗോപുമോൻ കുട്ടിക്കാലത്തെ ഒരു അഹങ്കാരി ആയിരുന്നു. ക്ലാസ്സിൽ അടുത്തിരിക്കുന പയ്യന്റെ പെൻസിൽ ബോക്സിൽ പല്ലിയെ പിടിച്ചിട്ടപ്പൊ കിട്ടി ആദ്യത്തെ അടി. പിന്നങ്ങോട്ട്‌ ശ്രീക്ക്‌ തിരിഞ്ഞ്‌ നോക്കെണ്ടി വന്നിട്ടില്ല. വേറൊന്നുമല്ല. എപ്പോളും ആരെങ്കിലും തല്ലാൻ പുറകെ കാണും. തിരിഞ്ഞ്‌ നോക്കിയാൽ പോയില്ലേ!!!

നേഴ്സറിയിൽ പഠിക്കുംബോളേ ശ്രീശാന്ത്‌ തന്റെ കോഴിത്തരം പുറത്ത്‌ കാണിച്ചിരുന്നു. പെൺകുട്ടികൾ ഇരിക്കുന്ന ബെഞ്ചിലെ ഇരിക്കൂ, പെൺകുട്ടികളുടെ കൂടയെ കളിക്കൂ, പെൺകുട്ടികളുടെ....ആ ഇവിടെ നിർത്താം. ക്ലാസ്സിലെ എല്ലാ പെൺകുട്ടികളെയും പ്രപ്പോസ്സ്‌ ചെയ്ത വീരൻ ആണ്‌ നമ്മുടെ ഗോപുമോൻ. എല്ലാരും ഒരു പോലെ 'റിജക്റ്റ്‌' ചെയ്തു എന്നതു മറ്റൊരു സത്യം. പക്ഷെ ശ്രീ തളർന്നില്ല. ഇപ്പോളും എതു പെൺകുട്ടിയെ കണ്ടാലും ശ്രീ പ്രപ്പോസ്സ്‌ ചെയ്യും. ചിലപ്പൊ അടിയും മേടിക്കും. പിന്നെ വലിയ സ്റ്റാർ ആയപ്പൊ പ്രപ്പോസ്സലിന്റെ സ്റ്റൈൽ ഒന്ന്‌ മാറ്റി. ആരെയെങ്കിലും കണ്ട്‌ ഇഷ്ടപ്പെട്ടാൽ അവരെയും തന്നെയും ചേർത്ത്‌ ഒരു കഥ ഏതെങ്കിലും പത്രത്തിന്‌ സ്വയം 'ലീക്ക്‌' ചെയ്ത്‌ കൊടുക്കും. ഇങ്ങനെ ശ്രീശന്തിന്റെ കാമുകി ആകെണ്ടി വന്ന ഹതഭാഗ്യരിൽ പ്രീയങ്ക ചോപ്ര മുതൽ ലക്ഷ്മി റായ്‌ വരെ ഉണ്ട്‌. ഇവരെല്ലാം ഏതായാലും പെട്ടെന്ന്‌ ഇതിൽ നിന്ന്‌ തലയൂരി.

കളിക്കളത്തിൽ പുലിയെ പോലെ ഗർജിച്ച്‌ കൊണ്ടാണ്‌ ഗോപുമോൻ ചാടി വീണത്‌. വഴിയെ പോകുന്നവനെ ചൊറിഞ്ഞ്‌ അടി മേടിക്കുക എന്ന ഒരു രീതി ആയിരുന്നു ശാന്തന്റേത്‌. തന്നെക്കാൾ 3 ഇരട്ടി ഉള്ള സൈമണ്ട്സിനേയും ഹെയ്ടനേയും ഒക്കെ ചൊറിയാൻ നോക്കി. മാറി നിക്കെട പീറ ചെറുക്ക എന്നു പറഞ്ഞ്‌ അവരു അവരുടെ വഴിക്ക്‌ പോയി. കുഴിയാന ഇടഞ്ഞാൽ ആരെങ്കിലും പേടിച്ചോടുമോ. പക്ഷെ എന്നും രാവിലെ 1 മണിക്കൂർ കണ്ണാടിയിൽ നോക്കി നിക്കുന്ന ഈ കുഴിയാന കണ്ണാടിയിൽ കണ്ടത്‌ ഒരു കൊലകൊമ്പനേയാണ്‌. അത്‌ കണ്ണാടിയല്ല ഒരു ആനയുടെ പോസ്റ്റർ ആണ്‌ എന്ന്‌ മനസ്സിലാക്കൻ ഉള്ള ബുദ്ധി പാവത്തിന്‌ ദൈവം കൊടുത്തില്ല. അവസാനം കിട്ടി, സ്വന്തം കളികൂട്ടുകാരന്റെ കയ്യിൽ നിന്നും. കരഞ്ഞ്‌ കണ്ണു കലങ്ങിയ ഒരു പൂച്ചകുട്ടിയെ പോലെ നമ്മുടെ പുലിക്കുട്ടൻ നിന്നു. അന്നു മുതൽ തുടങ്ങി ഗോപുമൊന്റെ പഥനം. ടീമിന്‌ പുറത്തെക്കുള്ള വാതിൽ മലർക്കെ തുറന്നു അവനു മുൻപിൽ. ഒന്ന്‌ എത്തി നോക്കാൻ പുറത്തെക്ക്‌ ഇറങ്ങിയതും അത്‌ എന്നെന്നെക്കുമായി അടഞ്ഞു.

പക്ഷെ, അതോടെ അവന്റെ അഹങ്കാരം തീരും എന്ന്‌ കരുത്തിയവർക്കു തെറ്റി. പൂർവ്വാധികം ശക്തിയോടെ ശാന്തൻ തന്റെ അഹങ്കാരം കാഴ്ച വെച്ചു. കേരള ടീമിന്റെ പ്രാക്റ്റീസിന്‌ തോന്നുംബോൾ കയറി വന്ന്‌ താൻ ഒരു കിടിലം ആണെന്ന്‌ തെളിയിക്കാനയി പിന്നെയുള്ള ശ്രമം. ഒരു ദിവസം പ്രാക്റ്റീസിന്‌ കാണാതെ കോച്ച്‌ ശ്രീയുടെ വീട്ടിൽ വിളിച്ചു. ശ്രീ ഹോസ്പിറ്റലിൽ പോയി എന്നാണ്‌ വീട്ടുകാർ പറഞ്ഞത്‌. അന്ന്‌ വൈകിട്ട്‌ ഏഷ്യനെറ്റ്‌ ന്യൂസ്‌ കണ്ട കോച്ച്‌ ഞെട്ടി. ഏതൊ വിമൻസ്‌ കോളേജിൽ ആയിരക്കണക്കിന്‌ പെൺകുട്ടികളുടെ ഇടയിൽ കിടന്ന്‌ ടാൻസ്‌ കളിക്കുകയും മോട ഇറക്കുകയും ചെയ്യുന്ന ഗോപുമോനെയാണ്‌ കോച്ച്‌ കണ്ടത്‌. നേഴ്സറിയിൽ തുടങ്ങിയ കോഴിത്തരത്തിന്‌ ഒട്ടും കുറവ്‌ വന്നിട്ടില്ല എന്ന്‌ ശ്രീ വീണ്ടും തെളിയിച്ചു.

ഇതൊക്കെ പഴയ ശ്രീയുടെ കഥ. ഇന്നലെ നമ്മൾ കണ്ടത്‌ ഒരു പുതിയ ശ്രീശാന്തിനെയാണ്‌. ശെരിക്കും ഒരു ശാന്തകുമാരൻ. തന്റെ ബൗളിങ്ങിൽ എല്ല ശ്രദ്ധയും കേന്ദ്രീകരിച്ച്‌ ശ്രീ ആദ്യമയി കളിച്ചു. അതിന്റെ ഫലവും കണ്ടു. വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയ ശ്രീ പക്ഷെ എല്ലാരെയും അതിശയ്പ്പിച്ചതു തന്റെ സ്വഭാവ മഹിമ കൊണ്ടാണ്‌. വിക്കറ്റ്‌ എടുത്തതിന്‌ ശേഷം ശ്രീ തനി മലയാളി സ്റ്റയ്‌ലിൽ ഒരു കൂപ്പു കൈ. എല്ലാ വിക്കറ്റിനും ഉണ്ടായിരുന്നു ഇത്‌. പണ്ടത്തെ പോലെ വിക്കറ്റ്‌ എടുത്തതിന്‌ ശേഷം ഉള്ള ആദിവാസി നിർത്തവും കാടന്മാരെ പോലെ ഉള്ള മുഖഭവങ്ങളും ഇന്നലെ ഇല്ലായിരുന്നു. എന്തായാലും പയ്യൻ തൽക്കാലം നന്നായി എന്നാണ്‌ തോന്നുന്നത്‌. ഇങ്ങനെ തന്നെ അങ്ങു പോയാൽ മതിയായിരുന്നു. ഇനി ഇപ്പൊ വീട്ടിൽ ചെന്ന്‌ കണ്ണാടിയിൽ നോക്കി, 'ഹൊ എന്റെ ഒരു കാര്യം..6 വിക്കറ്റല്ലേ ഞാൻ എടുത്തത്‌...ഞാൻ പുലി തന്നെ' എന്നൊക്കെ പഴയതു പോലെ പറയുമോ എന്തൊ. ഇല്ല എന്നു പ്രതീക്ഷിക്കാം. കഴിവുള്ള ശ്രീ അഹങ്കാരതിന്റെ മത്ത്‌ പിടിച്ച്‌ നശിക്കത്തെ ഇരിക്കട്ടെ എന്ന്‌ ൻഅമുക്ക്‌ പ്രാർഥിക്കാം.

Sunday, June 29, 2008

ശാന്തം, വിനയം, മനോഹരം


ഇനി ഇതും കൂടയെ ബാക്കി ഉണ്ടായിരുന്നുള്ളു. അഹങ്കാരത്തിനു കണ്ണും മൂക്കും വെച്ചു അതിനു ശ്രീശാന്ത്‌ എന്നു പേരും ഇട്ടു ക്രിക്കറ്റ്‌ കളിക്കാൻ വിട്ടിരിക്കുവാണു പയ്യന്റെ വീട്ടുകാർ. കളിയേക്കാൾ പണ്ടേ പയ്യനു താൽപര്യം 'കലിപ്പ്‌' ഉണ്ടാക്കൽ ആണു. വന്നു കേറിയപ്പൊളെ രഞ്ചി ട്രോഫിയിൽ സാക്ഷാൽ സച്ചിനെ ചെറഞ്ഞു പേടിപ്പിക്കാൻ ശ്രമിച്ച വീരൻ ആണു നമ്മുടെ താരം. പക്ഷെ സച്ചിൻ പേടിച്ചില്ല എന്നു മാത്രമല്ല പയ്യനു ഒരു താക്കീതും കൊടുത്തു. പക്ഷെ പട്ടിയുടെ വാൽ പോലെ വളഞ്ഞ വഴിയിലൂടെ തന്നെ ഗോപുമോൻ പോയി. അങ്ങനെ അവസാനം ഒരു രാത്രി അടിയും കിട്ടി. അഞ്ചാം ക്ലാസുകാരനെ പോലെ കരഞ്ഞു മൂക്കള ഒലിപ്പിച്ചു നിൽക്കുന്ന ഗോപുവിനെ നോക്കി ലോകം ആർത്തു ചിരിച്ചു. ടഫ്‌ ഗയ്‌ എന്നുള്ള പയ്യന്റെ ഇമേജ്‌ മുംബൈ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ പോലെ ഇടിഞ്ഞു വീണു. അവനെ എല്ലാരും ക്രൈ ബേബി എന്നും അമൂൽ ബേബി എന്നും ഒക്കെ വിളിച്ചു കളിയാക്കി. പിന്നീടുള്ള കളികളിൽ നന്നായി കളിച്ചപ്പോളും അതു സർദ്ദാറിന്റെ അടിയുടെ ഗുണം ആണെന്നു എല്ലാവരും പറഞ്ഞു. കളിക്കളത്തിലെ പുലിക്കുട്ടി പെട്ടെന്നു പൂച്ചകുട്ടി ആയി മാറി. പണ്ടത്തെ കലിപ്പ്‌ നോട്ടം എങ്ങോ മാഞ്ഞു പോയി. വിനയത്തിന്റെ ചിഹ്നം ആയി ഒരു ചിരി ആ മുഖത്തു തെളിഞ്ഞു കാണാൻ തുടങ്ങി.അപ്പൊ നമ്മൾ എല്ലാം കരുതി പയ്യൻ നന്നായി എന്നു.

അങ്ങനെ അങ്ങു തറപ്പിച്ചു പറയാൻ വരട്ടെ. ഇന്നലത്തെ ബാംഗ്ലൂർ ടൈംസിലെ പയ്യന്റെ ഇന്റർവ്യൂ കണ്ടവരാരും അങ്ങനെ പറയില്ല. എന്താണു സംഭവം എന്നല്ലേ. പയ്യനു ബോളീവുഡിൽ അഭിനയിക്കണ്ട പക്ഷെ ഹോളീവുഡിൽ അഭിനയിക്കാം എന്നു. ഇങ്ങനെ പറയാൻ കാരണവും ഉണ്ടു. പയ്യന്റെ സ്വന്തം വാക്കുകളിൽ- "കഴിവുണ്ടെങ്കിൽ അതു ഉപയോഗിക്കുന്നതിൽ എന്താ തെറ്റ്‌". കുറ്റം പറയാൻ പറ്റില്ല. പറഞ്ഞതു ശെരിയല്ലെ. പയ്യന്റെ എളിമ പ്രശംസനീയം തന്നെ. ഗോപുവിന്റെ കൂട്ടുകാരൻ സിനിമ ഉണ്ടാക്കുന്നതു പഠിക്കാൻ ആസ്റ്റ്രേലിയയിൽ പോയിരിക്കുവാണു. തിരിച്ചു വന്നു ഒരു ഹോളീവുട്‌ പടം പിടിക്കുമ്പൊൾ നമ്മുടെ താരത്തിനെ നായകൻ ആക്കും എന്നാണു താരം പറയുന്നതു. ഇതിൽ എത്ര മാത്രം ശെരി ഉണ്ടെന്നു നമുക്കറിയില്ല. പണ്ടു ബോളീവുട്‌ സുന്ദരി പ്രീയങ്ക ചോപ്ര ഗോപുമൊനുമായി പ്രണയത്തിൽ ആണെന്നും സുന്ദരനായ ശ്രീയെ നായകനാക്കാൻ സിനിമാക്കാർ ക്യൂ നിൽക്കുവണെന്നുമുള്ള അഭ്യൂഹങ്ങൾ സ്വയം അടിച്ചിറക്കിയ മഹാന്റെ വാക്കുകൾ നമ്മൾ എങ്ങനെ കണ്ണും പൂട്ടി വിശ്വസിക്കും. ഇനിയും ഉണ്ടു പയ്യന്റെ വിനയം കലർന്ന ടയലോഗുകൾ. സ്പൊർട്സ്‌ സൈക്കോളജിയിൽ ഡിഗ്രി ഉള്ള തനിക്കു ഒരു സ്പൊർട്സ്‌ അക്കാഡമി തുടങ്ങാൻ പ്ലാൻ ഉണ്ടെന്നു പയ്യൻ പറയുന്നു. ഇതു പറഞ്ഞതു തനിക്കു ഡിഗ്രി ഉള്ള കാര്യം ബാക്കി ഉള്ളവരെ അറിയിക്കാൻ ആണെന്നു നിങ്ങൾ തെറ്റിധരിക്കരുത്‌. പിന്നെയും ഉണ്ട്‌ പയലിന്റെ തേന്മൊഴികൾ. കൊച്ചിയേക്കാൾ ബാംഗ്ലൂർ ആണ്‌ തനിക്ക്‌ സ്വന്തം നാടായി തോന്നുന്നത്‌ എന്നും പറഞ്ഞു ഗോപു. ഇനി ഹോളീവുടിലൊക്കെ പോകുമ്പൊൾ അതും സ്വന്തം നാട്‌ ആക്കുമൊ എന്തൊ. എന്തായാലും ഗോപു അടുത്തൊന്നും നന്നാവുന്ന ലക്ഷണം ഇല്ല.

ലേറ്റെസ്റ്റ്‌ ന്യൂസ്‌-ഗോപു മോന്‌ ബഞ്ചീ ജംബിംഗ്‌ ഭയങ്കര ഇഷ്ടമാണു. 30,000 അടി പൊക്കത്തിൽ നിന്നു ഒരിക്കൽ ചാടി എന്നാണു പയ്യൻ അവകാശപ്പെടുന്നത്‌. ഇതു കേട്ടു ചില സംശയങ്ങൾ തോന്നിയ ഞാൻ ഇന്റർന്നെറ്റിൽ ഒരു ചെറിയ ഗവേശണം നടത്തി. അപ്പൊൾ അല്ലെ ഞെട്ടിക്കുന്ന ആ സത്യം ഞാൻ അറിഞ്ഞത്‌. എവെറെസ്ട്‌ കൊടുമുടിയുടെ ഉയരം വെരും 29,000 അടി. ബഞ്ചീ ജംബിങ്ങിലെ ലോക റെക്കോർട്‌ ആണെങ്കിൽ 1000 അടിയിൽ താഴെ. നമ്മ്മുടെ അഭിമാന താരം ചാടിയതോ 30,000 അടി. സമ്മതിച്ചൂ കൊടുത്തേ പറ്റൂ, ഈ അപാര കഴിവ്‌.
നിങ്ങളുടെ സ്വന്തം ഇതിഹാസൻ
Click here for Malayalam Fonts