Tuesday, August 5, 2008

എന്റെ കൂട്ടുകാർ-അധ്യായം ഒന്ന്‌

അതു ഒരു ഓണക്കാലം ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2003 ലെ ഓണം. ആ സമയത്താണ്‌ എന്റെ കലാലയ ജീവിതം ആരംഭിക്കുന്നത്‌. എന്റെ മാത്രമല്ല, എന്റെ പ്രീയപ്പെട്ട നാല്‌ കൂട്ടുകാരുടേയും. സത്യം പറയാമല്ലൊ, അവർ അന്നൊന്നും എനിക്ക്‌ അത്ര പ്രീയപ്പെട്ടവർ ഒന്നും അല്ലായിരുന്നു. കേരലത്തിലെ സമരങ്ങൾക്കും അടിപിടിക്കും പേരുകേട്ട ശ്രീ ചിത്ര തിരുനാൾ കോളേജിൽ അണ്‌ ഞങ്ങൾ കണ്ടുമുട്ടുന്നത്‌.കൂട്ടത്തിൽ ആദ്യം പരിചയപ്പെട്ടത്‌ മുത്തുവിനെയാണ്‌. ഇന്നത്തെ പോലെ അന്നും അവൻ മാന്യൻ ആയിരുന്നു. ഞങ്ങൾ ഒരേ സ്കൂളിൽ ആണ്‌ പഠിച്ചതെങ്കിലും ഞങ്ങൽ തമ്മിൽ വല്ല്യ പരിചയം ഒന്നുമില്ലയിരുന്നു. തെളിച്ച്‌ പറഞ്ഞാൽ അവന്‌ എന്നെ അറിഞ്ഞൂടായിരുന്നു. എനിക്ക്‌ അവനെ അറിയാമായിരുന്നു. അവൻ ആളൊരു ബുജി ആയിരുന്നു. പഠിത്തത്തിൽ വല്ല്യ കിടിലം ഒന്നുമല്ലാത്ത ഞാനും എന്റെ കൂട്ടുകാരും സ്കൂൾ അസ്സംബ്ലിയിൽ പൊരിവെയിലത്ത്‌ ചാവാറായി നിൽക്കുംബോൾ സ്റ്റേജിന്റെ തണലിൽ നിന്ന്‌ ഒരു കൂതറ ചിരിയുമായി വന്ന്‌ സ്കൂൾ ഫസ്റ്റുകാരന്റെ മെടലും വാങ്ങി പോകുന്ന അവനെ ഞാൻ അക്കാലത്തു മനസ്സിൽ കൊറെ തെറി പറഞ്ഞിരുന്നു. കോളേജിൽ ആദ്യത്തെ ദിവസം ഞാൻ ഇരുന്ന ബെഞ്ചിന്റെ അങ്ങേ അറ്റത്ത്‌ ഈ ബുജി ആയിരുന്നു. ഞങ്ങളുടെ നടുക്ക്‌ ഇരുന്നവൻ ഞങ്ങൾ 2 പേരേയും അന്യോന്യം പരിചയപ്പെടുത്തി. കൊറച്ച്‌ നാളുകൾക്കകം ഞങ്ങൾ അടുത്ത കൂട്ടുകാരായി. അവൻ ബുജി ആണെങ്കിലും എന്നെ പോലെ സൽഗുണസമ്പന്നൻ ആയിരുന്നു. വായിനോട്ടം, തെറി വിളി മുതലായ സ്വഭാവ ഗുണങ്ങൽ ഉള്ളതു കൊണ്ടാണ്‌ അവനെ നോർമ്മൽ ബുജികളുടെ കൂട്ടത്തിൽ ഞാൻ കൂട്ടാത്തത്‌. തൽക്കാലം മാന്യനായ ബുജികുട്ടന്റെ കഥ അവിടെ നിൽക്കട്ടെ. അടുത്ത ആളെ പരിചയപ്പെടാം.

പേര്‌ രാജ. പേരിൽ മാത്രം രാജ. അന്നത്തെ പോലെ ഇന്നും അവൻ ഒന്നാം തരം പിച്ചക്കാരൻ തന്നെ. കോളേജിലെ ആദ്യ ദിവസത്തെ ആദ്യത്തെ പിരീഡ്‌ മുൻബെഞ്ചിൽ ഇപ്പൊ മല മറിച്ചുകളയും എന്നെ ഭാവത്തോടെ ഇരുന്ന പയ്യൻ. രണ്ടാമത്തെ പിരീഡ്‌ എന്തോ ഉൾവിളി ഉണ്ടായിട്ടെന്ന പോലെ നേരെ പിൻബെഞ്ചിലേക്ക്‌ അവൻ സ്വയം പ്രമോട്ട്‌ ചെയ്തു. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. എന്നെ ഞാൻ അറിയാതെയും അറിഞ്ഞുകൊണ്ടും കളിയാക്കുക എന്നുള്ളത്‌ അവന്റെ പ്രധാന വിനോദം ആയിരുന്നു. ഈ വിനോദത്തിൽ പങ്കാളികളായ രണ്ടു പേരെ വഴിയെ പരിചയപ്പെടുത്തുന്നതാണ്‌. ഈ പറഞ്ഞ രാജ എന്ന ചെറുക്കനെ എനിക്ക്‌ കണ്ണെടുത്താൽ കണ്ടൂടായിരുന്നു. അഹങ്കാരിയും ചൊറിയനുമായ ഒരു അരോചക ജന്തു ആയിട്ടാണ്‌ ഞാൻ അവനെ കണ്ടിരുന്നത്‌. കോളേജിലെ ആദ്യ വർഷം അവൻ എനിക്കിട്ട പേരാണ്‌ 'ജോക്കർ'. അവൻ തന്നെ നല്ലോണം സഹായിച്ച്‌ ആ പേര്‌ പ്രശസ്തമായി. അതിലും പ്രശസ്തമായ ഒരു പേര്‌ അവൻ തന്നെ ഭാവിയിൽ എനിക്ക്‌ ഇടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും അന്നു കരുതിയില്ല. കുഴിമടിയനായ അവൻ മടി കണ്ടുപിടിച്ചത്‌ താനാണെന്ന്‌ സ്വയം പറയാറുണ്ട്‌.

അടുത്തതായി ഞാൻ പരിചയപ്പെടുത്താൻ പോകുന്ന താരത്തിന്‌ നിർഭാഗ്യവശാൽ എന്റെ അതെ പേരാണ്‌-പ്രവീൺ. 'തോട്ട' എന്ന പേരിൽ ആണ്‌ ഇവൻ കൂടുതൽ പ്രശസ്തനായത്‌. അവന്റെ നീണ്ട ശരീരപ്രകൃതം തന്നെയാണ്‌ ആ പേര്‌ വീഴാൻ കാരണം. ആദ്യം കണ്ടപ്പോൾ ഇവൻ ഒരു മാന്യൻ ആണെന്ന്‌ ഞാൻ തെറ്റിധരിച്ചു. ഇവനും എനിക്കു ഭാവിയിൽ ഒരു പാര ആകുമെന്ന്‌ അന്നു ഞാൻ കരുതിയില്ല. പിൻബെഞ്ചിൽ ഇരുന്ന്‌ എന്നെ കളിയാക്കുമായിരുന്ന രാജയ്ക്ക്‌ ഇവൻ ആയിരുന്നു കൂട്ട്‌. ഞങ്ങളുടെ കൂട്ടത്തിൽ ഒരു 'പ്രാക്റ്റിക്കൽ' ചിന്താഗതി ഉള്ള ഒരുത്തൻ ആണ്‌ 'തോട്ട'. തീറ്റിക്കും ഉറക്കത്തിനും ഇവൻ കഴിഞ്ഞിട്ടേ ആരും ഉള്ളൂ. ലോകത്ത്‌ ഏറ്റവും കൂടുതൽ കോഴികളെ കൂട്ടക്കൊല ചെയ്തതിന്‌ ഉള്ള ഗിന്നസ്സ്‌ റെക്കൊർഡ്‌ ഇപ്പോൾ ഇവന്റെ പേരിലാണ്‌. വെജിറ്റേറിയൻ ആഹാരം കഴിച്ചാൽ വയറ്റിന്‌ അസുഖം പിടിക്കുന്ന ഒരേ ഒരു വ്യക്തിയും ഇവൻ തന്നെ.
അല്ല,ഇതു വരെ കഥയിലെ സൂപ്പർ താരത്തെ പരിചയപ്പെടുത്തിയില്ലല്ലൊ. പേര്‌ മൈമൂണ. സൂപ്പർ താരത്തിന്റെ പൊക്കം 2 ഇഞ്ച്‌, നമ്മുടെ ഉണ്ടപക്ക്രുവിനേക്കൾ വെറും ഒരിഞ്ച്‌ കുറവ്‌, പക്ഷെ മനസ്സിൽ വിചാരം അമിതാഭ്‌ ബച്ചന്റെ പൊക്കം ആണെന്നാണ്‌. കയ്യിലിരിപ്പോ, അതിനും അപ്പുറം. മൂക്കിന്റെ തുംബത്ത്‌ ദേഷ്യം. ആ ദേഷ്യത്തിന്‌ ഇര ആവാൻ ഭാഗ്യം നിങ്ങളക്ക്‌ ലഭിക്കുകയാണെങ്ങിൽ അപ്പോളെ ഉറപ്പിച്ചോളു അതു നിങ്ങളുടെ അവസാനം ആണെന്ന്‌. ആ ഭാഗ്യം ലഭിച്ച ഒരാൾ എന്ന നിലയ്ക്ക്‌ ഒരു മുന്നറിയിപ്പ്‌ തന്നു എന്നേ ഉള്ളു. ആൺകുട്ടികളേക്കാൾ നല്ലോണം ചവിട്ടും അടിയും നൽകാൻ ഉള്ള കഴിവുണ്ട്‌ ഈ 2 ഇഞ്ച്‌ പൊക്കക്കാരിക്ക്‌. 'മട്രിക്സ്‌' സിനിമയിലെ നായികയെ പറന്ന് ചവിട്ടാൻ ഉള്ള വിദ്യ പഠിപ്പിച്ചത്‌ മൈമൂണ ആണെന്നാണ്‌ ഒരു പേരു വെളിപ്പെടുത്താൻ താൽപ്പര്യം ഇല്ലാത്ത പത്രക്കാരൻ പറഞ്ഞത്‌. വേറൊന്നും കൊണ്ടല്ല പേര്‌ വെളിപ്പെടുത്താത്തത്‌, ചവിട്ടു കൊള്ളും എന്ന്‌ പേടിച്ചിട്ടാ. ഇങ്ങനെയൊക്കെ ആണെങ്കിലും, ചെറിയ ഒരു കാര്യം മതി ഇവൾ 'ടെസ്പ്‌' ആയി കരയാൻ. പിന്നെ ഒന്നു ചിരിച്ച്‌ കാണണമെങ്കിൽ ഒന്നുകിൽ നമ്മൾ ആരെങ്കിലും കരയണം, അല്ലെങ്ങിൽ അഞ്ച്‌ രൂപയുടെ ഏതെങ്കിലും പുഴു കയറിയ ചോക്ക്ലേറ്റ്‌ വാങ്ങി കൊടുത്താലും മതി.

കോളേജിലെ ഒന്നാം വർഷം ഇവരെല്ലാം ഒത്ത്‌ അടിച്ച്‌ പൊളിച്ച്‌ കടന്ന് പോയി. പിന്നെയുള്ള മൂന്ന് വർഷം ഞാനും രാജയും അടിച്ച്‌ പൊളിച്ചും ബാക്കി ഉള്ള മൂന്ന് പേർ പഠിച്ച്‌ മരിച്ചും കഴിച്ചു കൂട്ടി. ഇതിന്‌ കാരണം ഞാനും രാജയും മെക്കാനിക്കൽ എഞ്ചിനിയറിങ്ങും ബാക്കി ഉള്ളവർ എലക്റ്റ്രൊനിക്സ്‌ പഠിച്ചതും തന്നെയാണ്‌. ഞങ്ങൾ ക്ലാസ്മുറി ഉറക്കമുറിയും വരാന്ത കളിക്കളവുമാക്കിയപ്പോൾ, അവർ 1,0,0,1,1,0 എന്നൊക്കെ എഴുതി തല പുകയ്ക്കുകയായിരുന്നു. മെക്കാനിക്കൽ ചരിത്രം പറഞ്ഞ്‌ തുടങ്ങിയാൽ ഒരു പുസ്തകം എഴുതാൻ ഉള്ളത്ത്രയുണ്ട്‌. അതുകൊണ്ട്‌, അത്‌ പിന്നൊരിക്കൽ ആവാം. പൂർവികരുടെ പുണ്യം കൊണ്ടാണൊ എന്തോ, കാര്യമായി ഒന്നും പഠിക്കാതെ ഇരുന്നിട്ടും ഞങ്ങൾ എല്ലാം എഞ്ചിനിയർമ്മാരായി. അങ്ങനെ നാല്‌ നീണ്ട വർഷങ്ങൽക്ക്‌ ശേഷം ഞങ്ങൾ കലാലയത്തിനൊട്‌ വിട പറഞ്ഞു. ഒരായിരം പകൽക്കിനാവുകളുമായി ഇൻഫോസിസിന്റെ പടിക്കൽ എത്തുബൊൾ ഞാൻ അറിഞ്ഞില്ല ഈ 4 പേരും എനിക്ക്‌ പാരയുമായി ഇവിടെയും കാണും എന്ന്‌.
എന്ന് നിങ്ങളുടെ ഇതിഹാസൻ

1 comment:

keralainside.net said...

Your post is being listed by www.keralainside.net.
Under appropriate category. When ever you write new blog posts , please submit your blog post category
details to us. Thank You..

Click here for Malayalam Fonts