Sunday, September 6, 2009

കുളിമുറിയിലെ കലാകാരന്മാർ


Varamozhi Editor: Text Exported for Print or Save
ലോകത്തിലെ ഏറ്റവും വല്യ കലാകാരൻ ആരെന്നു ചോദിച്ചാൽ ഞാൻ പിക്കാസ്സോയുടേയോ രവി വർമയുടെയോ മൈക്കിളാഞ്ജെലോയുടെയോ പേരു പറയില്ല. കാരണം ഇവരൊക്കെ അവരുടെ സൃഷ്ടികൾക്കായി മാസങ്ങളോളമോ വർഷങ്ങളോളമോ വീട്ടിനകത്ത്‌ അടയിരുന്നിട്ടുണ്ടാവണം. കൂടിയ കാന്വാസും ചായങ്ങളും ഉപയോഗിച്ച്‌ തങ്ങളുടെ ജീവിതത്തിന്റെ നലൊരു ഭാഗവും ഈ കലക്കു വേണ്ടി മാറ്റി വെച്ചവർ ആണ്‌ ഈ മഹാന്മാർ. എന്നാൽ മറ്റ്‌ ചില കലാകരന്മാരുണ്ട്‌, ചുരുങ്ങിയ സമയത്തിൽ ഏത്‌ പ്രതലത്തിലും എന്തു കുന്തം വെച്ചും കലയെ സൃഷ്ടിക്കുന്നവർ. ഇത്തരക്കാർ കൂടുതലും തങ്ങളുടെ കഴിവ്‌ തെളിയിക്കുന്നത്‌ പബ്ലിക്‌ ടോയ്‌ലട്ടുകളിലും ട്രെയിനിലെ ടോയ്‌ലറ്റുകളിലും ആണ്‌. കുളിമുറിയിൽ പാടുന്നവരെ ബാത്രൂം സിങ്ങേർസ്‌ എന്ന്‌ വിളിക്കുന്നത്‌ പോലെ ഈ മഹാന്മാരെ നമുക്ക്‌ ബാത്‌റൂം ആർട്ടിസ്റ്റ്സ്‌ എന്ന്‌ വിളിക്കാം. ഇത്രയ്ം അരോചകമായ ഒരു സ്ഥലത്ത്‌ ചെന്നാൽ എങ്ങനെയും കാര്യം സാധിച്ച്‌ രക്ഷപ്പെടാന്നെ നമ്മൾ നോക്കു. എന്നാൽ ഇവിടെ ഇരുന്ന്‌ ചിന്തിച്ച്‌ മഹത്തായ വരികളും ചിത്രങ്ങളും കുറിച്ചിടുന്ന ഇവരെ നമിക്കാതെ വയ്യ. ഇപ്പോൾ ഏത്‌ പബ്ലിക്‌ ടോയ്‌ലറ്റിൽ പോയാലും അവിടെ ഉള്ള എല്ലാ സൃഷ്ടികളും വായ്ക്കുക അല്ലെങ്കിൽ നിരീക്ഷിക്കുക എന്നത്‌ എന്റെ ഒരു ഹോബി ആണ്‌. ബോറിംഗ്‌ ആയിട്ടുള്ള കാര്യങ്ങൾ ചെയ്യുംബോൾ സന്തോഷിക്കാൻ എന്തെങ്കിലും വക വേണ്ടെ.

ഒരു പബ്ലിക്‌ ടോയ്‌ലറ്റിൽ മാക്സിമം കിട്ടുന്ന 5 മിനുട്ടിൽ ലോകോത്തര കലാസൃഷ്ട്ടികൾ ഉണ്ടാക്കുന്ന മഹാന്മാരുടെ എണ്ണം കൂടി കൂടി വരികയാണ്‌. എന്തെങ്ങിലും സംശയം ഉണ്ടെങ്ങിൽ നിങ്ങൾ ഒന്ന്‌ പോയി നോക്കു. ട്രെയിനിലായാലും പൊതു സ്ഥലത്തായാലും ബാത്‌റൂമിന്റെ ഭിത്തികൾ ഇന്ന്‌ കലാപരമായി അലങ്ക്ര്തം ആണ്‌. എം. എഫ്‌. ഹുസൈനെ പോലും തൊൽപ്പിക്കുന്ന അശൢ‍ീല കല മുതൽ രവി വർമയോട്‌ കിടപിടിക്കുന്ന കലാപരമായ സ്ത്രീ രൂപങ്ങളും ഇന്നു ബാത്‌റൂമുകളിൽ സുലഭം. ചിലർ കുളിമുറി കാണുംബോൾ 'ഫിലോസഫിക്കൽ' ആവും. പിന്നെ, എന്തെങ്ങിലും ഒരു വരി കവിതയോ ലോകത്തെ മാറ്റി മറിക്കാൻ പോന്ന സത്യങ്ങളൊ ആ ഭിത്തികളിൽ കുറിച്ചിടുക പതിവാണ്‌. ഈ ഇടെ ഞാൻ പോയ ഒരു ട്രെയിനിലെ ടോയ്‌ലട്ടിൽ ക്ലോസെറ്റിന്‌ നേരെ മുകളിൽ എഴുതി വെച്ചിരുന്നത്‌ ഇതാണ്‌ - "ഇന്ദ്യയുടെ ഭാവി ഇപ്പോൾ നിങ്ങളുടെ കയ്യിൽ." ഇത്‌ കണ്ട്‌ ഞെട്ടിയ ഞാൻ ആരോ തോക്കു ചൂണ്ടി മുന്നിൽ നിൽക്കുന്നത്‌ പോലെ അറിയാതെ കൈ രണ്ടും മേൽപോട്ട്‌ ഉയർത്തി പോയി. വേറൊന്നും കൊണ്ടല്ല, ഇന്ദ്യയുടെ ഭാവി ഓർത്തിട്ടാ.

ഈ കലാകാരന്മാരുടെ കൂട്ടത്തിൽ ചില മണ്ടന്മാരും ഉണ്ട്‌. തങ്ങളുടെ പ്രാണസഖികൾക്കു വേണ്ടിയുള്ള പഞ്ചാര വഴിഞ്ഞ്‌ ഒഴുകുന്ന 'മെസ്സേജുകൾ' എഴുതി ഇടുന്നവരാണ്‌ ഇവർ. ചില ഉദാഹരണങ്ങൾ-
'എന്റെ തങ്കമേ'
'ഐ ലവ്‌ യൂ കമലാക്ഷി'
'യൂ ആർ മൈ ഫയർ, ബട്ട്‌ ഹിയർ ഐ ആം സ്മെല്ലിംഗ്‌ ഒൻളി ബാട്‌ എയർ'

ജെന്റ്സ്‌ ബാത്‌റൂമിൽ കയറി ഇവരുടെ പ്രാണസഖികൾ ഇതു വായ്ക്കും എന്നു വല്ലതും ഈ മണ്ടന്മാർ മനസ്സിൽ കരുതി കാണുമോ എന്തൊ. അല്ലെങ്കിൽ തന്നെ എതു കമലാക്ഷി ആണു് ഇതു വായ്ക്കാൻ പോകുന്നത്‌ എന്ന്‌ ദൈവത്തിനറിയാം.

ഈ 4 * 4 ഇഞ്ച്‌ മുറിയിൽ അപരിചിതർ തമ്മിൽ ഉള്ള സംഭാഷണങ്ങളും കാണാം. ഒരാൾ എഴുതി ഇടുന്ന വാക്കുകൾക്ക്‌ ഉത്തരം എന്ന പോലെ മറ്റാരെങ്കിലും തൊട്ടു താഴെ എഴുതി ഇടുന്ന വാക്കുകൾ ചിലപ്പോൾ നമ്മെ കുടു കുടെ ചിരിപ്പിക്കാറുണ്ട്‌. ആലപ്പുഴയിലെ ഒരു ടോയ്‌ലറ്റിൽ കണ്ടതാണ്‌ ഇത്‌. ആരോ ഒരാൾ ജീവിതത്തിന്റെ നശ്വരതയെ കുറിച്ചും ലോകത്തിന്റെ അനന്തത്തയെ കുറിച്ചും നീട്ടി വലിച്ച്‌ ഒരു 'എസ്സേ' തന്നെ എഴുതിയിരിക്കുന്നു. അതിന്റെ നേരെ അടിയിൽ വേറൊരുത്തൻ- "ഇരുന്ന്‌ പിച്ചും പേയും പറയാതെ പെട്ടെന്ന്‌ കാര്യം സാധിച്ച്‌ വീട്ടിൽ പോടാ." മറ്റൊരാൾ ഇംഗിളെഷിൽ "വേണ്‌ യു ഹാവ്‌ ദി ഗണ്‌, ഷൂട്ട്‌, ടൊണ്ട്‌ സ്പീക്ക്‌." പഴയ ഒരു പടത്തിൽ നിന്ന്‌ ബുദ്ധിശാലിയായ ആരോ എടുത്ത്‌ ഉപയോഗിച്ചതാണ്‌ ഈ ടയലോഗ്‌. എഴുതിയതിലെ അക്ഷരതെറ്റുകൾ കണ്ടുപിടിച്ച്‌ മാർക്കും ഗ്രേടും ഇടുന്ന വിദ്വാന്മാരും ഉണ്ട്‌. ടോയ്‌ലറ്റ്‌ സീലിങ്ങിലും കരവിരുത്‌ തെളിയിച്ചവർ ഉണ്ട്‌- 'മാനം നോക്കി ഇരിക്കാതെ എണീറ്റ്‌ പോടാ' എന്നാണ്‌ അങ്ങനെ ഒരു സീലിങ്ങിൽ ഞാൻ കണ്ട വരി. നമ്മുടെ വൃത്തി ഹീനമായ പബ്ലിക്‌ ടോയ്‌ലറ്റിലെ സുഗന്ധം സഹിക്കൻ വയ്യാതെ മൂക്ക്‌ ഉയർത്തി പിടിച്ചതാണ്‌ ചേട്ടാ, എന്ന്‌ ഇത്‌ എഴുതിയ ആളൊട്‌ പറയണം എന്നുണ്ട്‌.

ഹിന്ദിയിലും കണ്ടിട്ടുണ്ട്‌ ചില എഴുത്ത്കുത്തുകൾ. അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഇതാണ്‌- 'ഫിലിപ്പ്‌ കെ ടിക്ക്‌' (എഴുത്തുകാരൻ ഫിലിപ്പ്‌ കെ ടിക്ക്ക്കിനെയും ഹിന്ദിയും ഇംഗിളേഷും ഒരു പോലെ അറിയുന്നവർക്ക്‌ ഇതിലെ തമാശ മനസിലാവും.)

മനുഷ്യൻ തന്റെ യഥർത്ത മുഖം പുറത്ത്‌ കാണിക്കുന്ന ഒരേ ഒരു സ്ഥലമാണ്‌ ടോയലറ്റ്‌. അവിടെയാണ്‌ അവന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കലാവാസനയും പുറത്ത്‌ വർഉന്നത്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. ലോകത്തിന്‌ മുൻപിൽ സ്വന്തം കഴിവ്‌ തെളിയിക്കാൻ ഭയക്കുന്ന പലരും സ്വയം മറന്ന്‌ 'ക്രിയേറ്റിവ്‌' ആവുന്നതും ഇവിടെ തന്നെ. ഇതിനെ കുറിച്ച്‌ കൂടുതൽ പഠനങ്ങൾ നടത്തിയപ്പോൾ 'ബാത്‌ർറൂം ഗ്രാഫിറ്റി' എന്നൊരു സൈറ്റും കാണനിടയായി. ലോകത്തിലുള്ള ബാത്‌ർറൂം കലാ സൃഷ്ടികളുടെ ശെഖരണത്തിന്‌ വേണ്ടിയുള്ള ഒരു കൂട്ടായ ഉദ്യമം ആണ്‌ ഇതെന്ന്‌ അറിയാൻ കഴിഞ്ഞു. എന്തായാലും പിറക്കാതെ പോയ പല കലാകാരന്മാരും പുനർജീവിച്ച പബ്ലിക്‌ ടോയ്‌ലട്ടുകളിലേക്ക്‌ കണ്ണും നട്ടിരിക്കാം നമുക്ക്‌. അടുത്ത രവി വർമ ഇവിടെയാവാം ജന്മം കൊള്ളുന്നത്‌. എം. എഫ്‌. ഹുസൈനിന്റെ കോടികൾ വിലമതിക്കുന്ന തരം താണ വരപ്പിനേക്കാളും ഈ കലാകാരന്മാരുടെ സൃഷ്ടികൾ ഞാൻ ഇഷ്ടപ്പെടുന്നു.

english version of this post can be seen here

എന്ന്‌ സ്വന്തം ഇതിഹാസൻ

1 comment:

Anonymous said...

this purticular subject had a hot plate discussion years back. http://kumarmurukan.blogspot.com/2007/05/blog-post.html pls go through the comments

Click here for Malayalam Fonts